CrimeNEWS

വീട്ടിനുള്ളില്‍ 47 പവനും നോട്ടുകെട്ടുകളും കുഴിച്ചിട്ട നിലയില്‍; ‘കള്ളന്‍ കുമാര്‍’ പോലീസ് പിടിയില്‍

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ‘കള്ളന്‍ കുമാര്‍’ എന്നറിയപ്പെടുന്ന അനില്‍കുമാറി (36, ജയകുമാര്‍)ന്റെ വീട്ടില്‍ കുഴിച്ചിട്ട നിലയില്‍ 47 പവന്‍ സ്വര്‍ണവും ഡോളര്‍ ശേഖരവും കണ്ടെത്തി. കവില്‍കടവില്‍ നടത്തിയ മോഷണത്തില്‍ അറസ്റ്റിലായ അനില്‍കുമാറുമായി നടത്തിയ തെളിവെടുപ്പിലാണു തൊണ്ടിമുതല്‍ പിടികൂടിയത്.

കഴിഞ്ഞ 18 ാം തീയതി തിരുവനന്തപുരം കാവില്‍കടവിലെ വീട് കുത്തിത്തുറന്ന് ഡോളറും വെള്ളിയാഭരണങ്ങളും മോഷണം നടത്തിയ കേസിലാണ് അനില്‍കുമാര്‍ എന്ന ജയകുമാര്‍ പിടിയിലായത്. 22 ന് മെഡിക്കല്‍ കോളജ് സ്റ്റേഷന്‍ പരിധിയിലും ഇയാള്‍ മോഷണം നടത്തിയിരുന്നു. ബുധനാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത പ്രതിയുമായി തമ്പാനൂര്‍, മെഡിക്കല്‍ കോളജ് സിഐമാരുടെ നേതൃത്വത്തില്‍ വിളപ്പില്‍ശാലയില്‍ നടത്തിയ പരിശോധനയിലാണു സ്വര്‍ണ്ണവും മോഷണ മുതലുകളും പിടികൂടിയത്. ആള്‍വാസമില്ലാത്ത വീടിനുള്ളില്‍ കുഴിയെടുത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മോഷണ വസ്തുക്കള്‍.

ആരോഗ്യവകുപ്പില്‍നിന്നു വിരമിച്ച ദമ്പതിമാരുടെ പട്ടത്തെ വീട്ടില്‍നിന്ന് 45.5 പവന്‍ സ്വര്‍ണാഭരണങ്ങളും 1.80 ലക്ഷം രൂപയുമാണ് ഇയാള്‍ കവര്‍ന്നത്. വലിയശാല സ്വദേശി ബീനയുടെ വീട്ടില്‍നിന്ന് അന്‍പതിനായിരം രൂപ മൂല്യമുള്ള ഹോങ്കോങ് ഡോളറുകളും 30000 രൂപയും മോഷ്ടിച്ചു. മോഷണങ്ങളെത്തുടര്‍ന്ന് വിളപ്പില്‍ശാലയില്‍ വാടകയ്ക്കു വീടെടുത്ത് ഒളിവില്‍ കഴിയുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ദമ്പതിമാരുടെ വീട്ടില്‍ ഇയാള്‍ കവര്‍ച്ച നടത്തിയത്. ഗേറ്റ് താഴിട്ട് പൂട്ടിക്കിടക്കുന്ന വീടുകള്‍ നിരീക്ഷിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച പട്ടത്തെ വീട് പൂട്ടി ദമ്പതിമാര്‍ ബന്ധുവീട്ടില്‍ പോയപ്പോഴായിരുന്നു മോഷണം. മതില്‍ ചാടിക്കടന്ന മോഷ്ടാവ് അടുക്കളഭാഗത്തെ വാതില്‍ തകര്‍ത്താണ് വീട്ടില്‍ പ്രവേശിച്ചത്.

വീട് മുഴുവന്‍ അരിച്ചുപെറുക്കിയ മോഷ്ടാവ് ഒന്നാംനിലയിലെ മുറിയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം മോഷ്ടിക്കുകയായിരുന്നു. 18-ന് രാത്രിയായിരുന്നു വലിയശാലയിലെ ബീനയുടെ വീട്ടില്‍ മോഷണം നടത്തിയത്. പൂട്ടിക്കിടന്ന ഈ വീടിന്റെയും വാതില്‍ കുത്തിത്തുറന്നാണ് അകത്തുകടന്നത്.

ഡോളറിനും പണത്തിനും പുറമേ വിദേശത്തുനിന്നു കൊണ്ടുവന്ന വിലപിടിപ്പുള്ള പുരാവസ്തുക്കളും ഈ വീട്ടില്‍നിന്നു മോഷ്ടിച്ചു. ഇവിടത്തെ സി.സി. ടി.വി. ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. സി.സി. ടി.വി. ക്യാമറകള്‍ ഇയാള്‍ തിരിച്ചുവയ്ക്കുന്നത് ദൃശ്യങ്ങളിലുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ഇരുപതിലധികം കേസുകളുള്ള ജയകുമാര്‍ നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 13 ാം വയസില്‍ മോഷണം ആരംഭിച്ച ഇയാള്‍ തമ്പാന്നൂര്‍ രാജാജി നഗര്‍ സ്വദേശിയാണ്.

Back to top button
error: