KeralaNEWS

കോണ്‍ഗ്രസ് കൗണ്‍സിലര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി

കോട്ടയം: കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചു വിജയിച്ച കൗണ്‍സിലര്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചു വിജയിച്ച ചങ്ങനാശേരി നഗരസഭ കൗണ്‍സിലറും ഒന്‍പതാം വാര്‍ഡ് അംഗവുമായ ഷൈനി ഷാജിയാണ് സഹകരണ ബാങ്കില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

വാഴപ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ സഹകരണ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥിയായാണ് ഷൈനി മത്സരിക്കുന്നത്. സിപിഎം ഏരിയ കമ്മിറ്റി അംഗം, മുന്‍ എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ എന്നിവരടക്കമുള്ള പാനലിലാണ് ഷൈനിയും മത്സരിക്കുന്നത്. മേയ് 28 നാണ് തെരഞ്ഞെടുപ്പ്.

ജനറല്‍ വിഭാഗത്തില്‍ ഒന്നാം നമ്പറായി സിപിഎം ഏരിയ കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവുമായ ടി.പി. അജയകുമാറും രണ്ടാം നമ്പറായി ജനാധിപത്യ കേരള കോണ്‍ഗ്രസ് നിയോജക മണ്ഡസലം പ്രസിഡന്റ് കുര്യന്‍ തൂമ്പുക്കലുമാണ് മത്സരിക്കുന്നത്. മുന്‍ എല്‍ഡിഎഫ് ജില്ലാ കണ്‍വീനറും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എം.ടി. ജോസഫാണ് മൂന്നാം നമ്പര്‍ സ്ഥാനാര്‍ഥി. ഈ പാനലിലാണ് വനിതാ വിഭാഗത്തില്‍ 22-ാം നമ്പറായി ഷൈനി സെബാസ്റ്റ്യന്‍ എന്ന പേരില്‍ ഷൈനി ഷാജി മത്സരിക്കുന്നത്.

നഗരസഭ കൗണ്‍സിലറും മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമാണ് ഷൈനി ഷാജി. നഗരസഭയില്‍ കോണ്‍ഗ്രസ് പാനലില്‍ മുന്‍ വൈസ് ചെയര്‍പേഴ്സണായും ഷൈനി മത്സരിച്ചു വിജയിച്ചിട്ടുണ്ട്. സിപിഎം നേതൃത്വം നല്‍കുന്ന സഹകരണ ജനാധിപത്യമുന്നണിയില്‍ എല്‍ഡിഎഫിലെ കക്ഷികള്‍ മാത്രമാണ് മത്സരിക്കുന്നത്. സിപിഎമ്മും കേരള കോണ്‍ഗ്രസും ജനാധിപത്യ കേരള കോണ്‍ഗ്രസും മത്സരിക്കുന്ന പാനലിലാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ നഗരസഭ കൗണ്‍സിലര്‍ മത്സരിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ഇത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

സിപിഎം പാനലില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചു വിജയിച്ച കൗണ്‍സിലര്‍ക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി ആര്‍ക്കും വന്ന് കയറിയിറങ്ങിപ്പോകാവുന്ന ചന്തപ്പറമ്പാണോ എന്ന ആരോപണമാണ് ഇവര്‍ ഉന്നയിക്കുന്നത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്കും മഹിളാ കോണ്‍ഗ്രസിനും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഒരു വിഭാഗം നേതാക്കള്‍.

Back to top button
error: