KeralaNEWS

വീട്ടിലെ മാലിന്യം ഉദ്യോഗസ്ഥര്‍ സെക്രട്ടേറിയറ്റില്‍ തള്ളുന്നു; പിടിച്ചാല്‍ കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: വീടുകളിലെ മാലിന്യം ജീവനക്കാര്‍ സെക്രട്ടേറിയറ്റില്‍ നിക്ഷേപിക്കുന്നതിനെതിരേ ഹൗസ് കീപ്പിങ് വിഭാഗത്തിന്റെ സര്‍ക്കുലര്‍. മാലിന്യം നിക്ഷേപിക്കാനായി ഓരോ ഡിപ്പാര്‍ട്ട്‌മെന്റുകളിലും സ്ഥാപിച്ചിട്ടുള്ള ബക്കറ്റുകളിലാണ് വീടുകളിലെ മാലിന്യം നിക്ഷേപിക്കുന്നതായി കണ്ടെത്തിയത്.

വീട്ടിലെ ഭക്ഷണ അവശിഷ്ടങ്ങളും പച്ചക്കറികളുടെ അവശിഷ്ടങ്ങളും സാനിറ്ററി പാഡുകളും ജീവനക്കാര്‍ ബക്കറ്റുകളില്‍ നിക്ഷേപിക്കുന്നതായി കണ്ടെത്തി. അവശിഷ്ടങ്ങള്‍ കാരണം രൂക്ഷമായ ഗന്ധം ഉണ്ടാകുന്നതായി ജീവനക്കാരില്‍നിന്നു പരാതികളും ലഭിച്ചു. എല്ലാ മൂന്നു മാസം കൂടുമ്പോഴും ശുചിത്വം സംബന്ധിച്ച നിര്‍ദേശം നല്‍കാറുണ്ടെങ്കിലും വീട്ടിലെ മാലിന്യങ്ങള്‍ ഓഫീസില്‍ നിക്ഷേപിക്കുന്ന പ്രവണത തുടരുകയാണെന്ന് പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിങ് വിഭാഗം പറയുന്നു. സെക്രട്ടേറിയറ്റിലെ വേസ്റ്റ് ബിന്നുകള്‍ക്ക് സമീപം സിസിടിവി ക്യാമറ സ്ഥാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ നാണക്കേടാണെന്നും സിസിടിവിയില്‍ പതിഞ്ഞാല്‍ പിടിവീഴുമെന്നും മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

എല്ലാ ജീവനക്കാരും ആഹാരവും വെള്ളവും കൊണ്ടുവരുന്നതിന് പൊതികളും പ്ലാസ്റ്റിക് കുപ്പികളും ഒഴിവാക്കി കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന പാത്രങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. കുപ്പിയില്‍ അലങ്കാര ചെടികള്‍ ഇട്ടുവയ്ക്കുന്നത് ഒഴിവാക്കാനും നിര്‍ദേശം നല്‍കി. പലയിടത്തും വെള്ളത്തില്‍ കൂത്താടികളുടെ സാന്നിധ്യം കണ്ടെത്തിയതിനാലാണിത്. ഡെങ്കിപ്പനിപോലെ ജലജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതിന് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സെക്രട്ടേറിയറ്റിലെ പലഭാഗങ്ങളിലായി ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങള്‍ സുരക്ഷാ പ്രശ്‌നമുള്ളതിനാല്‍ നീക്കം ചെയ്യാനും നിര്‍ദേശം നല്‍കി.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: