KeralaNEWS

അരിക്കൊമ്പന്‍ കുമളിക്ക് വിളിപ്പാടകലെ; നിരീക്ഷണം തുടരുന്നതായി വനംവകുപ്പ്

ഇടുക്കി: ചിന്നക്കനാലില്‍ നിന്നു പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട അരിക്കൊമ്പന്‍ കുമളിക്ക് സമീപമെത്തി. ആകാശദൂരം കുമളിയില്‍ നിന്ന് ആറുകിലോമീറ്റര്‍ അകലെ വരെ എത്തിയ അരിക്കൊമ്പന്‍, ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട മേദകാനം ഭാഗത്തേയ്ക്ക് തന്നെ മടങ്ങി. ആനയുടെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറില്‍ നിന്നുള്ള വിവരങ്ങള്‍ വനംവകുപ്പ് നിരീക്ഷിച്ച് വരികയാണ്. വിഎച്ച്എഫ് ആന്റിന ഉപയോഗിച്ചുള്ള നിരീക്ഷണവും തുടരുന്നതായി വനംവകുപ്പ് അറിയിച്ചു.

ആറുദിവസം മുന്‍പാണ് ആന തമിഴ്നാട്ടില്‍ നിന്ന് കേരളത്തിന്റെ വനമേഖലയില്‍ പ്രവേശിച്ചത്. അരിക്കൊമ്പനെ തുറന്നുവിട്ട പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് തമിഴ്നാട്ടിലെ മേഘമല വരെ പോയ ശേഷമായിരുന്നു കാട്ടാനയുടെ മടക്കം. വനപാലകര്‍ക്കുവേണ്ടി നിര്‍മിച്ച ഷെഡ് ഞായറാഴ്ച അരിക്കൊമ്പന്‍ തകര്‍ത്തിരുന്നു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാര്‍ അരിക്കൊമ്പനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

Signature-ad

അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് മേഘമലയില്‍ വിനോദസഞ്ചാരികള്‍ക്ക് തമിഴ്നാട് വനം വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആന പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്കു മാറിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ഇനിയും മടങ്ങിവരാനുള്ള സാധ്യത തമിഴ്നാട് തള്ളിക്കളയുന്നില്ല. അതിനാല്‍ നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്ന സംഘങ്ങളോട് അവിടെ തുടരാനാണു നിര്‍ദേശിച്ചിരിക്കുന്നത്.

 

Back to top button
error: