LIFEMovie

‘നൂറില്‍ നൂറി’ന്റെ നിറവുമായി ചാക്കോച്ചന്‍; പ്രിയ താരത്തിന് ഇത് സ്വപ്നനേട്ടം

സിക്‌സ് അടിച്ച് സെഞ്ചുറി തികയ്ക്കുക; ആ സിക്‌സ് കളി ജയിപ്പിക്കുന്നതുകൂടിയാണെങ്കില്‍ പിന്നെ പറയാനുണ്ടോ? ഏതാണ്ട് ആ അവസ്ഥയിലാണ് മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബനും. കരിയറില്‍ കുഞ്ചാക്കോ ബോബന്റെ 100-ാം സിനിമയായെത്തിയ ‘2018’ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടി 100 കോടി ക്ലബ്ബിലേക്ക് ഇടം പിടിച്ചത് വെറും 11 ദിവസംകൊണ്ടാണ്. 2023 ല്‍ മലയാളത്തിലെ ഏറ്റവും വലിയ വിജയമായി ചിത്രം മാറിയിരിക്കുന്നു. അഭിനയ ജീവിതത്തിന്റെ കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍ സ്വപ്ന തുല്യമായ നേട്ടമാണ് ചോക്കോച്ചന്‍ നേടിയെടുത്തിരിക്കുന്നത്.

2018 ല്‍ ഷാജി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ചത്. നായക പരിവേഷമോ ഹീറിയിസത്തിനോ ഇടമില്ലാതെ വളരെ സാധാരണക്കാരനായ കഥാപാത്രം. ഒരുപക്ഷേ, സഹതാരങ്ങളെക്കാള്‍ പരിമിതമായ സീനുകളും സന്ദര്‍ഭങ്ങളുമാണ് ചാക്കോച്ചനുണ്ടായിരുന്നത്. എന്നാല്‍, തനിക്കു കിട്ടിയ കഥാപാത്രത്തെ ഏറ്റവും മികച്ച രീതിയില്‍ പ്രേക്ഷകനുമായി സംവദിക്കാന്‍ താരത്തിനു കഴിഞ്ഞു. സ്വപ്നങ്ങളും അതുവരെയുള്ള സമ്പാദ്യവും ഒരു നിമിഷംകൊണ്ട് നിലംപൊത്തുന്നതിനു മുന്നില്‍ കാഴ്ചക്കാരനായി മാത്രം നില്‍ക്കേണ്ടി വന്നവന്റെ നിസഹായതയും വേദനയും പ്രകടമാക്കുന്ന രംഗത്തില്‍ ആ കഥാപാത്രത്തിന്റെ വൈകാരികത പ്രേക്ഷകരുടെ ഹൃദയത്തിലേക്കും വന്നു പതിക്കുകയാണ്. നോട്ടത്തിലും രൂപത്തിലും ഭാവത്തിലും വളരെ സാധാരണക്കാരന്റെ മനോവികാരത്തിലേക്ക് ചാക്കോച്ചന്‍ പരകായ പ്രവേശനം ചെയ്തിരിക്കുന്നു. മനപൂര്‍വമായി മാറാനുള്ള ശ്രമത്തിലൂടെ ചാക്കോച്ചനിലെ നടന്‍ വീണ്ടും വീണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയാണ് ഓരോ സിനിമകളിലും.

‘അനിയത്തി പ്രാവ്’ എന്ന ആദ്യ സിനിമയിലൂടെ ചോക്ലേറ്റ് നായകനായി മാറിയ നടന്‍ ഇന്നെത്തി നില്‍ക്കുന്നത് താരത്തിനപ്പുറം മികച്ച നടന്മാരുടെ പട്ടികയിലേക്കാണ്. ആദ്യകാലത്ത് ചോക്ലേറ്റ് നായകന്‍ എന്ന ടാഗ് ലൈനില്‍ ഒരുപിടി സിനിമകള്‍ വിജയം സൃഷ്ടിച്ചെങ്കിലും പിന്നീട് തുടര്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങുകയും ഒരു സമയത്തു മലയാള സിനിമയില്‍ നിന്നും അപ്രതീക്ഷനാവുകയും ചെയ്തു. എന്നാല്‍, 2008 ലെ രണ്ടാം വരവ് 2023 ലെത്തി നില്‍ക്കുമ്പോള്‍ പ്രേക്ഷകനെ അത്ഭുതപെടുത്തുന്ന സിനിമാ സഞ്ചാരമായിരുന്നു കണ്ടത്.

ട്രാഫിക്കിലെ ഡോക്ടര്‍ എബല്‍, സീനിയേഴ്‌സിലെ റെക്‌സ് മനുവല്‍, സ്പാനിഷ് മസാലയിലെ രാഹുല്‍, ഗോഡ് ഫോര്‍ സെയിലിലെ പ്രസന്നന്‍, വിശുദ്ധനിലെ ഫാദര്‍ സണ്ണി, വേട്ടയിലെ മെല്‍വിന്‍, വര്‍ണ്യത്തില്‍ ആശങ്കയിലെ കൗട്ട ശിവന്‍, അഞ്ചാം പാതിരായിലെ അന്‍വര്‍ ഹുസൈന്‍, നായാട്ടിലെ പ്രവീണ്‍, ന്നാ താന്‍ കേസ് കൊട് സിനിമയിലെ കൊഴുമ്മല്‍ രാജീവന്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ നായക പ്രതിനായക വേഷങ്ങള്‍. വ്യത്യസ്തങ്ങളും പുതുമയുമേറിയ കഥാപാത്രങ്ങള്‍ കൊണ്ട് തന്നിലെ നടനെ രാകി മിനുക്കുകയാണ് ചാക്കോച്ചന്‍.

തന്റെ കഥാപാത്രത്തെ അതിന്റെ പൂര്‍ണതയില്‍ അവതരിപ്പിക്കാന്‍ രൂപത്തിലും ഭാവത്തിലും എന്ത് വെല്ലുവിളിയും സ്വീകരിക്കാനുള്ള ചാക്കോച്ചന്റെ ശ്രമങ്ങളും പ്രേക്ഷകര്‍ എന്നും സ്വീകരിച്ചിട്ടുള്ളതാണ്. ന്നാ താന്‍ കേസ് കൊട് ചിത്രത്തിലെ കഥാപാത്രം അത്തരത്തില്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ളതാണ്. ഇനി റിലീസ് ചെയ്യാനൊരുങ്ങുന്ന ചാവേറും ചാക്കോച്ചന്റെ പുതിയൊരു പാത്രാവിഷ്‌കാരത്തിന് വേദിയൊരുക്കുമെന്നുള്ള സൂചനയാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. അഭിനയ രംഗത്ത് തന്റെതായ ഇടമുറപ്പിക്കുന്ന കുഞ്ചാക്കോ ബോബന്റെ പുതിയ നേട്ടം ആരാധകരും ആഘോഷമാക്കുകയാണ്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: