CrimeNEWS

ആരുമായും അധികം അടുക്കാത്ത പ്രകൃതം, എങ്കിലും സൗമ്യമായ പെരുമാറ്റം; ദേവികയുടെ കൊലപാതകത്തില്‍ നടുങ്ങി ഉദുമ

കാസര്‍ഗോട്: ദേവികയുടെ കൊലപാതകത്തില്‍ നടുങ്ങി സ്വദേശമായ ഉദുമ ബാര. എപ്പോഴും നല്ലരീതിയില്‍ വസ്ത്രം ധരിച്ച് നടന്നിരുന്ന
ദേവിക ഒരു സുപ്രഭാതത്തില്‍ കൊലക്കത്തിക്കിരയായെന്നു നാട്ടുകാര്‍ക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. നന്നായി വസ്ത്രധാരണം ചെയ്യുന്നതിനാലാണ് ദേവിക നാട്ടില്‍ ശ്രദ്ധിക്കപ്പെട്ടത്. ദേവിക ബ്യൂട്ടിഷനാണെന്നും ഒരു സ്ഥാപനം നടത്തുന്നുണ്ടെന്നും പലര്‍ക്കും അറിയാമായിരുന്നു.

നാട്ടുരീതികള്‍ ആയിരുന്നില്ല ദേവിക പിന്തുടര്‍ന്നത്. ആരുമായും വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചിരുന്നില്ല. സൗഹൃദങ്ങള്‍ പരമാവധി ഒഴിവാക്കിയിരുന്നു. അതുകൊണ്ട് തന്നെ ദേവികയുടെ കാര്യങ്ങള്‍ അധികം പേര്‍ക്കും അറിയൂമായിരുന്നില്ല. ചോദിച്ചാല്‍ അതിനു മാത്രം മറുപടി പറയുന്ന പ്രകൃതം.

ചെറുപുഴ സ്വദേശിയായ രാജേഷാണ് ദേവികയുടെ ഭര്‍ത്താവ്. വീട്ടുകാര്‍ ആലോചിച്ച് നടത്തിയ വിവാഹമാണ് ഇവരുടേത്. ഒന്നിലും രണ്ടിലും പഠിക്കുന്ന മകനും മകളുമാണ് ദമ്പതികള്‍ക്കുള്ളത്. സംഭവ ദിവസം രാവിലെ ഒരു മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞാണ് ഉദുമയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള കാഞ്ഞങ്ങാടെയ്ക്ക് ദേവിക പോയത്. ഈ പോക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഗള്‍ഫിലുള്ള രാജേഷ് ദേവികയുടെ മരണം അറിഞ്ഞു നാട്ടിലെത്തിയിട്ടുണ്ട്.

ദേവികയുടെ വീടിനു തൊട്ടടുത്താണ് രാജേഷ് വീടെടുത്തെങ്കിലും മക്കളുമായി അമ്മയ്‌ക്കൊപ്പമായിരുന്നു താമസം. ദേവികയ്ക്ക് സതീഷുമായി ബന്ധമുള്ള കാര്യമൊന്നും നാട്ടുകാര്‍ക്ക് അറിയില്ല. അതുകൊണ്ട് തന്നെ ദേവികയുടെ ദുരൂഹമായ രീതികളെക്കുറിച്ച് ആരും ചിന്തിച്ചില്ല. ഇപ്പോള്‍ കൊലപാതകം നടന്നു കഴിഞ്ഞാണ് ദേവിക എന്തുകൊണ്ടാണ് എല്ലാവരുമായും അകലം പാലിച്ചത് എന്ന കാര്യത്തില്‍ നാട്ടില്‍ ചര്‍ച്ചകള്‍ വരുന്നത്. രാജേഷുമായി നല്ല രീതിയിലുള്ള ബന്ധമാണ് ദേവിക തുടര്‍ന്നുകൊണ്ടു പോയത്. ഇതേ ദേവിക മറ്റൊരാളുമായും ബന്ധം പുലര്‍ത്തിയെന്നത് നാട്ടില്‍ പുതിയ ഒരറിവാണ്.

പട്ടാപ്പകല്‍ കാഞ്ഞങ്ങാട് നഗരമധ്യത്തിലെ ലോഡ്ജിലാണ് ദേവിക കഴുത്തറത്ത് കൊല്ലപ്പെട്ടത്. പ്രതിയും ദേവികയുടെ കാമുകനുമായ സതീഷ് ഭാസ്‌ക്കര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ഫോര്‍ട്ട് വിഹാര്‍ ലോഡ്ജിലാണു സംഭവം. വൈകിട്ടാണു കൊലപാതകം പുറംലോകം അറിഞ്ഞത്.

സതീഷ് കഴിഞ്ഞ 15 ദിവസമായി ലോഡ്ജിലാണു താമസം. കഴിഞ്ഞ ദിവസം രാവിലെ 11നാണ് ദേവിക സതീഷിന്റെ മുറിയിലെത്തിയത്. തുടര്‍ന്നു തര്‍ക്കവും കൊലപാതകവും നടക്കുകയായിരുന്നു. തന്റെ കുടുംബജീവിതത്തിനു ദേവിക തടസ്സം നില്‍ക്കുന്നതിനാലാണു കൊലപ്പെടുത്തിയതെന്നു സതീഷ് പൊലീസിനോടു വെളിപ്പെടുത്തിയത്. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. പിന്നീട് രണ്ടുപേരും വേറെ വിവാഹം കഴിച്ചെങ്കിലും ബന്ധം തുടര്‍ന്നു. ഇത് കൊലപാതകത്തില്‍ കലാശിക്കുകയും ചെയ്തു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: