ബംഗലൂരു: കര്‍ണാടകയിലെ ജയനഗര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചു. റീ കൗണ്ടിങ്ങിലൂടെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയം. 16 വോട്ടിന് ബിജെപിയുടെ സി.കെ രാമമൂര്‍ത്തി വിജയിച്ചത്.
ഇവിടെ ആദ്യം കോണ്‍ഗ്രസിലെ സൗമ്യ റെഡ്ഡി 160 വോട്ടുകള്‍ക്ക് വിജയിച്ചു എന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനവും നടത്തി. ഇതിനിടെ ബിജെപി നേതാവും എംപിയുമായ തേജസ്വി സൂര്യയും മുന്‍മന്ത്രി ആര്‍ അശോകും വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തുകയും, റീ കൗണ്ടിങ് വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
പോസ്റ്റല്‍ വോട്ടുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത്. റീകൗണ്ടിങ്ങില്‍ നേരത്തെ എണ്ണാതിരുന്ന 170 ഓളം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി. ഇതേത്തുടര്‍ന്ന് ഡി.കെ ശിവകുമാറും സഹോദരനും വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതേത്തുടര്‍ന്ന് തര്‍ക്കം രാത്രി മുഴുവന്‍ നീണ്ടു നിന്നു.
ഏറ്റവുമൊടുവില്‍ റൗകൗണ്ടിങ്ങിന് ശേഷം രാമമൂര്‍ത്തി 16 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ നിയമപരമായി ചോദ്യം ചെയ്യാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. രാഷ്ട്രീയ ഇടപെടലും സ്വാധീനവും ഉണ്ടായിയെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്.