CrimeNEWS

ഉന്നത ഉദ്യോഗസ്ഥരുടെ പേരില്‍ ‘മാങ്ങാ’ തട്ടിപ്പ്; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

തിരുവനന്തപുരം: പോത്തന്‍കോട് ഉന്നത ഉദ്യോഗസ്ഥരുടെ പേരില്‍ മാങ്ങ തട്ടിയ പ്രതിയ്ക്കായ് ഊര്‍ജ്ജിത അന്വേഷണം തുടര്‍ന്ന് പോലീസ്. കടയുടമയില്‍നിന്നു ലഭിച്ച സൂചനകളാണ് അന്വേഷണത്തെ മുന്നോട്ട് നയിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു കരൂരിലെ എംഎസ് സ്റ്റോഴ്സില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥരുടെ പേരില്‍ പോലീസുകാരന്‍ മാങ്ങ തട്ടിയത്.

കാക്കി പാന്റ്സും ഹെല്‍മറ്റും ധരിച്ച് മീശയുളള ആളാണ് കടയില്‍ എത്തിയത് എന്നാണ് കടയുമടമ ജി. മുരളീധരന്‍ പറയുന്നത്. ബൈക്കിലെത്തിയ ഇയാള്‍ അഞ്ച് കിലോ മാങ്ങ വാങ്ങി. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണര്‍ക്കും പാത്തന്‍കോട് എസ്എച്ച്ഒയ്ക്കും എന്ന പേരിലാണ് രണ്ടര കിലോ വീതം മാങ്ങ വാങ്ങിയത്. പിന്നീട് ഗൂഗിള്‍ പേ വഴി പണം അയക്കുമെന്ന് പറയുകയും ചെയ്തിരുന്നുവെന്നും മുരളീധരന്‍ പറയുന്നു.

Signature-ad

അതേസമയം, എത്തിയത് പോലീസുകാരന്‍ അല്ലെന്നാണ് അന്വേഷണ നിഗമനം. സ്റ്റേഷന്റെ പേരുകള്‍ പറഞ്ഞതിലുള്ള വൈരുദ്ധ്യമാണ് ഇതിന് കാരണമായി അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നത്. തിരുവനന്തപുരം റൂറല്‍ ഡിസ്ട്രിക്റ്റില്‍ നെടുമങ്ങാട് ഡിവൈഎസ്പിയുടെ കീഴിലുള്ള സ്റ്റേഷനാണ് പോത്തന്‍കോട്. എന്നാല്‍, തിരുവനന്തപുരം സിറ്റിയിലാണ് കഴക്കൂട്ടം. പോലീസുകാരനാണ് എത്തിയത് എങ്കില്‍ രണ്ട് സ്റ്റേഷന്റെ പേര് പറയാന്‍ സാദ്ധ്യതയില്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. പോത്തന്‍കോട് എസ്എച്ച്ഒ: ഡി മിഥുനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിലവില്‍ അന്വേഷണം നടത്തുന്നത്. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് മേലുദ്യോഗസ്ഥന് അദ്ദേഹം കൈമാറിയിട്ടുണ്ട്.

അടുത്തിടെ കാഞ്ഞിരപ്പള്ളിയില്‍ വിലകൂടിയ മാമ്പഴം പോലീസുകാരന്‍ മോഷ്ടിച്ചത് സേനയ്ക്ക് വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു. കേസ് ഒത്തുതീര്‍പ്പായെങ്കിലും ഒട്ടനവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ സേനയില്‍നിന്നു പുറത്താക്കി. ഇതിന് പിന്നാലെയാണ് പോലീസിന് അഭിമാനപ്രശ്നമായി മറ്റൊരു മാങ്ങ തട്ടിപ്പ് കേസുകൂടി ഉണ്ടാകുന്നത്.

Back to top button
error: