വണ്ണവും വയറിന്‍റെ പലഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പുമാണ് പലരുടെയും പ്രധാന പ്രശ്നം. ശരീരഭാരം കുറയ്ക്കാന്‍ ആദ്യം വേണ്ടത് ശരിയായ രീതിയിലുള്ള ഡയറ്റാണ്. പിന്നെ മുടങ്ങാതെ വ്യായാമവും. ശരീരഭാരം കുറയ്ക്കുന്നതിനും ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഉറപ്പാക്കുന്നതിനും നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് പഴങ്ങള്‍. അതില്‍ തന്നെ കലോറി കുറഞ്ഞ പഴങ്ങള്‍ തന്നെ തെരഞ്ഞെടുത്ത് കഴിക്കുകയും വേണം.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം:
- തണ്ണിമത്തന്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കലോറി വളരെ കുറഞ്ഞ ഒരു ഫലമാണ് തണ്ണിമത്തന്‍. തണ്ണമത്തിനില്‍ 90 ശതമാനവും വെള്ളം ആണ് അടങ്ങിയിരിക്കുന്നത്. 100 ഗ്രാം തണ്ണിമത്തനില്‍ 30 കലോറിയേയുള്ളൂ. ഉയര്‍ന്ന ജലാംശം ഉള്ളതിനാല്‍ ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
- പൈനാപ്പിള്‍ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും ഫൈബറും അടങ്ങിയ പൈനാപ്പിള്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ഫലമാണ്.
- കിവി ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ബി, സി, കോപ്പര്‍, ഫൈബര്‍, പൊട്ടാസ്യം, ഫോളിക് ആസിഡ് തുടങ്ങിയവ ഇവയില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ കിവി പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന ഇവ ശരീരത്തിലെ ഫാറ്റ് പുറംതള്ളാന്‍ സഹായിക്കും.
- സിട്രസ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഓറഞ്ചാണ് ഈ പട്ടികയിലെ നാലാമന്‍. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് പ്രതിരോധശേഷി വര്‍ധിപ്പിക്കുക മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും സഹായിക്കും. കലോറി വളരെ കുറഞ്ഞ ഓറഞ്ചില്‍ ഫൈബര്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ വിശപ്പിനെ നിയന്ത്രിക്കുകയും അതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
- പീച്ച് ആണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും വെള്ളവും അടങ്ങിയ പീച്ച് കലോറി കുറഞ്ഞ ഒരു ഫലമാണ്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഫൈബറുകളാല്‍ സമ്പുഷ്ടമായ പീച്ച് ദഹനത്തിനും സഹായിക്കും.
- ആപ്പിൾ അമിത വിശപ്പിനെ അകറ്റാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ പഴവർഗമാണ് ആപ്പിൾ. ആപ്പിൾ കഴിക്കുമ്പോൾ വിശപ്പ് പെട്ടെന്ന് ശമിക്കുകയും കൂടുതൽ ഭക്ഷണം കഴിക്കുന്നതു തടയുകയും ചെയ്യും. അതുവഴി ശരീരഭാരവും നിയന്ത്രിക്കാം. കൂടാതെ പെക്ടിൻ ധാരാളം അടങ്ങിയ ആപ്പിള്‍ ഫാറ്റ് അടിയുന്നത് തടയുകയും ചെയ്യും.
- പേരയ്ക്ക ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയതാണ് പേരയ്ക്ക. പെക്ടിനും ഇവയില്‍ അടങ്ങിയിട്ടുണ്ട്. കോശങ്ങളെ ഫാറ്റ് വലിച്ചെടുക്കുന്നതില്‍ നിന്നു പെക്ടിൻ തടയും. അതിനാല്‍ പേരയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
- ബെറി പഴങ്ങള്‍ ആണ് എട്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ ബെറി പഴങ്ങള്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കും. പ്രത്യേകിച്ച്, ബ്ലൂബെറി, ഫാറ്റ് പുറംതള്ളാന്‍ സഹായിക്കും. ഒപ്പം ഹൃദ്രോഗത്തില്‍ നിന്നും പ്രമേഹത്തില്‍ നിന്നും ഇവ സംരക്ഷിക്കുകയും ചെയ്യും.
- കലോറി വളരെ കുറഞ്ഞ പിയര്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളവും ഫൈബറും ധാരാളം അടങ്ങിയ പിയറും വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ്.
- മാമ്പഴം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ മാമ്പഴവും വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.