പ്രതിസന്ധികളിൽ ഓടി രക്ഷപ്പെടുന്നവരല്ല, കൂടെ നില്‍ക്കുന്നവരും ഒപ്പം ചേര്‍ത്ത് നിര്‍ത്തുന്നവരുമാണ് യഥാർത്ഥ മിത്രങ്ങൾ
വെളിച്ചം
അന്ന് ആ ഗുരുവിനെ കാണാന്‍ ഒരു കള്ളന്‍ എത്തി. അയാള്‍ ഗുരുവിനോട് പറഞ്ഞു: “ചെയ്ത പാപങ്ങള്‍ എന്റെ മനഃസ്സമാധാനം കെടുത്തുന്നു.”
അപ്പോള്‍ ഗുരു പറഞ്ഞു:
“ഞാനും പാപിയാണ്…”
അയാള്‍ വീണ്ടും പറഞ്ഞു:
“ഞാന്‍ കള്ളനും പിടിച്ചുപറിക്കാരനുമാണ്. ” ഗുരുപറഞ്ഞു :
“ഞാനും മോഷ്ടിച്ചിട്ടുണ്ട്…”
കള്ളന്‍ പറഞ്ഞു:
“ഞാന്‍ കൊലപാതകികൂടി ആണ്… ” താനുംകൊലപാതകം ചെയ്തിട്ടുണ്ടെന്നായി ഗുരു.
അയാള്‍ എഴുന്നേറ്റ് ഗുരുവിന്റെ കണ്ണുകളിലേക്ക് നോക്കി. പിന്നെ ഗുരുവിനെ കെട്ടിപിടിച്ച് സന്തോഷം കൊണ്ട് നൃത്തം ചെയ്ത് ഇറങ്ങിപ്പോയി. ഇത് കണ്ട് നിന്ന ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു: “അങ്ങെന്തിനാണ് ചെയ്യാത്ത കുറ്റങ്ങളെല്ലാം ചെയ്തുവെന്ന് പറഞ്ഞത് ? ” ഗുരുപറഞ്ഞു:
“ഞാന്‍ പറഞ്ഞത് അയാള്‍ വിശ്വസിച്ചോ ഇല്ലയോ എന്നെനിക്കറിയില്ല. പക്ഷേ, അയാള്‍ സമാധാനത്തോടെയാണ് തിരിച്ചുപോയത്.”
പുറമേ നിന്നുള്ള പരിഹാരം അസാധ്യമാണ്. അതു പ്രതിസന്ധി നേരിടുന്നവരുടെ ഉള്ളില്‍ നിന്നും വരേണ്ടതാണ്. താദാത്മ്യം പ്രാപിക്കാന്‍ കഴിഞ്ഞാല്‍ രൂപാന്തരം വരുത്താന്‍ കഴിയും. സ്വയം അംഗീകരിക്കാനും മാറ്റം വരുത്താനുമുള്ള ശേഷിയില്‍ ഉറച്ചുവിശ്വസിക്കാനും ഒരാളെ പ്രാപ്തനാക്കുകയാണ് അയാളെ കേള്‍ക്കുന്നവരുടെ ഉത്തരവാദിത്വം. എല്ലാവരും കേള്‍ക്കില്ല, കേള്‍ക്കുന്ന എല്ലാവരും ശ്രദ്ധിക്കില്ല, ശ്രദ്ധിക്കുന്ന എല്ലാവര്‍ക്കും സഹാനുഭൂതി ഉണ്ടാകണമെന്നില്ല. നിര്‍ബന്ധിക്കപ്പെടുന്നതിന്റെ പേരില്‍ കേള്‍ക്കുന്നവരും കേള്‍വി ഒരു ദൗത്യമായി കൊണ്ടുനടക്കുന്നവരുമുണ്ട്.
ആദ്യകൂട്ടര്‍ ചെവിമാത്രമേ നല്‍കൂ. രണ്ടാമത്തവര്‍ ഹൃദയവും നല്‍കും. പ്രശ്‌നങ്ങളല്ല ആളുകളെ കടപുഴക്കുന്നത്.. വെല്ലുവിളി വന്നപ്പോള്‍ ചുറ്റുമുണ്ടായിരുന്നവര്‍ നടത്തിയ പ്രതികരണങ്ങള്‍ കണ്ടിട്ടാണ് പലരും തളര്‍ന്നുപോയതും നിരാശരായതും. ഒപ്പമുളളവര്‍ക്ക് ആപത്തുവരുമ്പോള്‍ എപ്പോഴും ഓടി രക്ഷപ്പെടുന്നവരുണ്ട്. തങ്ങളിതൊന്നും അറിഞ്ഞില്ലെന്ന ഭാവത്തില്‍ നിസ്സംഗതയോടെ നില്‍ക്കുന്നവരുണ്ട്. കിട്ടിയ അവസരം മുതലാക്കി ആള്‍ക്കൂട്ടത്തിനൊപ്പം കല്ലെറിയുന്നവരും വിരളമല്ല. പ്രശ്‌നങ്ങളുടെ ആഴവും വ്യാപ്തിയും കൂട്ടുന്ന വ്യക്തികള്‍ക്കും സാഹചര്യങ്ങള്‍ക്കുമൊപ്പം പരിഹാരത്തിന്റെ കച്ചിത്തുമ്പെങ്കിലും നീട്ടുന്ന ചിലരെങ്കിലും ഉണ്ടാകും. അവരാണ് നമ്മെ ചേര്‍ത്ത് നിര്‍ത്തുന്ന, നമ്മുടെ കൂടെ നില്‍ക്കുന്ന പച്ചതുരുത്തുകള്‍…!
ശുഭദിനം ആശംസിക്കുന്നു.
സൂര്യനാരായണൻ
ചിത്രം: നിപു കുമാർ