Movie

പത്‌മരാജന്റെ തിരക്കഥയിൽ  മോഹൻ സംവിധാനം ചെയ്‌ത, ഇടവേള ബാബുവിന്റെ ആദ്യചിത്രം ‘ഇടവേള’ റിലീസ് ചെയ്തിട്ട് ഇന്ന് 41 വർഷം

സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ

      പത്‌മരാജന്റെ രചനയിൽ മോഹൻ സംവിധാനം ചെയ്‌ത ‘ഇടവേള’യ്‌ക്ക് 41 വർഷപ്പഴക്കം. ഇടവേള ബാബുവിന്റെ ആദ്യചിത്രം. 1982 മെയ് 7 നാണ് റിലീസ്. യൗവ്വനാരംഭത്തിലെ കുസൃതികളും സാഹസികതകളും അവയിൽ പതിയിരിക്കുന്ന അപ്രതീക്ഷിത ദുരന്തങ്ങളുമാണ് വിഷയം.

Signature-ad

പത്ത് ദിവസമെങ്കിലും ഫ്രീ ആയി കഴിഞ്ഞ് മരിച്ചാലും കുഴപ്പമില്ലെന്ന് കരുതുന്ന കോളജ് കുമാരന്മാരായ നാൽവർ സംഘം. തോമസുകുട്ടിയും (അശോകൻ), രവിയും (ഇടവേള ബാബു) ആണ് പ്രധാനികൾ.  സിഗരറ്റുവലി, മദ്യപാനം, നീലച്ചിത്രം കാണൽ തുടങ്ങിയ കലാപരിപാടികളുമായി നീങ്ങുന്ന അവരുടെ ജീവിതം പൊടുന്നനെയാണ് കീഴ്മേൽ മറിഞ്ഞത്. എൻസിസി ക്യാംപിനെന്ന് പറഞ്ഞ് നാലുപേരും മൂന്നാറിന് പോകുന്നു. കള്ളപ്പേരിൽ ഹോട്ടലിൽ താമസിക്കുന്നു. അവിടെ കണ്ടുമുട്ടിയ മാളു എന്ന ഒരു പെൺകുട്ടിയുമായി (നളിനി) ചങ്ങാത്തം സ്ഥാപിച്ചു.

മാളു രവിയോട് കാട്ടുന്ന അനുഭാവം ലീഡറായ തോമസുകുട്ടിക്ക് സഹിക്കുന്നില്ല. പുഴയുടെ തീരത്ത് ഫോട്ടോ എടുത്ത് സല്ലപിച്ച് നടന്ന രവി-മാളുമാരെ പിൻതുടരുന്നു മറ്റ് മൂന്ന് പേർ. തോമസുകുട്ടി മാളുവിനെ ബലാൽക്കാരം ചെയ്യാൻ ശ്രമിക്കുന്നത് കണ്ട് വിവരം പറയാൻ ഹോട്ടലിലേയ്ക്ക് ഓടിയ രവി ചതുപ്പിൽ താണ് മരിച്ചു. തെളിവ് നശിപ്പിക്കാൻ ചെളിക്ക് മീതെ കണ്ട കാമറ കമ്പ് കൊണ്ട് കുത്തിത്താഴ്ത്തുന്നുണ്ട് തോമസ്. കൂടെ വന്ന രണ്ട് സുഹൃത്തുക്കളും മാളുവും തോമസിനെ കുറ്റപ്പെടുത്തുന്നു. തോമസ് ആ ചതുപ്പിൽ സ്വയം പോയി താണു.

കാവാലം- എംബി ശ്രീനിവാസൻ ടീമിന്റെയാണ് ഗാനങ്ങൾ. കൃഷ്‌ണചന്ദ്രൻ പാടിയ ‘മഞ്ഞുമ്മ വയ്ക്കും മല്ലികയ്ക്കുള്ളിൽ’ ശ്രദ്ധേയം. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബാബുവിന്റെ രണ്ടാമത്തെ ചിത്രം ‘അയനം’ (1985) വന്നത്. ‘ഇടവേള’യ്ക്ക് ശേഷം പത്മരാജൻ എഴുതിയ ‘നവംബറിന്റെ നഷ്‌ട’ത്തിലും നളിനി ഉണ്ടായിരുന്നു.

Back to top button
error: