KeralaNEWS

വയോധികനെ കുത്തി വീഴ്ത്തിയ കാട്ടുപന്നിയെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വെടിവെച്ചു കൊന്നു

കണ്ണൂര്‍: ഇരിട്ടി ആറളത്ത് കാട്ടുപന്നിയുടെ കുത്തേറ്റ് വയോധികന് ഗുരുതരമായി പരിക്കേറ്റു. അക്രമകാരിയായ പന്നിയെ പിന്നീട് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വെടിവെച്ച് കൊന്നു. കൃഷിയിടത്തില്‍വെച്ചാണ് കാട്ടുപന്നിയുടെ കുത്തേറ്റ് വയോധികന് സാരമായി പരിക്കേറ്റത്. വയോധികനെ അക്രമിച്ച ശേഷം സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന കാട്ടുപന്നിയെ പഞ്ചായത്ത് പ്രസിഡന്റിന്റെ അനുമതിയോടെ വെടിവെച്ചു കൊല്ലുകയായിരുന്നു.

ആറളം പഞ്ചായത്ത് ഉരുപ്പുംകുണ്ടിലെ താമസക്കാരനായ കൊച്ചുവേലിക്കകത്ത് തങ്കച്ചന്‍(60)നാണ് പന്നിയുടെ അക്രമത്തില്‍ പരിക്കേറ്റത്. കൈവിരലുകള്‍ക്കും അരയ്ക്ക് താഴേക്കും സാരമായി പരിക്കേറ്റ തങ്കച്ചനെ ആദ്യം എടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും വിദഗ്തചികിത്സയ്ക്കായി പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച്ച രാവിലെ 10.30 മണിയോടെയാണ് സംഭവം.

Signature-ad

ഉരുപ്പുംകുണ്ടിലെ കിഴക്കെ പടവത്ത് കെ.ജെ ജോസിന്റെ ഉടമസ്ഥതയിലുള്ള ആറളം പഞ്ചായത്തിന് കൃഷി ഇറക്കാനായി അഞ്ചു വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയ 4 ഏക്കര്‍ സ്ഥലത്ത് തിനഞ്ചോളം തൊഴിലുറപ്പ് തൊഴിലാളികള്‍ കരനെല്‍ കൃഷിക്കായി നിലം ഒരുക്കുകയായിരുന്നു. പണിക്കിടയില്‍ കെജെ ജോസഫിന്റെ വീട്ടില്‍ വെള്ളം എടുക്കാന്‍ പോകുന്നതിനിടയിലാണ് തങ്കച്ചനെ പന്നി ആക്രമിച്ചത്.

ബഹളം കേട്ട് കൂടെ തൊഴിലെടുക്കുന്നവര്‍ ചേര്‍ന്ന് കല്ലെറിഞ്ഞും ശബ്ദം ഉണ്ടാക്കിയും പന്നിയെ ഓടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രക്തം വാര്‍ന്നൊഴുകിയ തങ്കച്ചനെ ഉടന്‍തന്നെ വാഹനമെത്തിച്ച് എടൂരിലെ മേഴ്‌സി ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു.

അക്രമകാരിയായ പന്നി ജോസഫിന്റെ വീട്ടിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഉണ്ടെന്ന കണ്ടെത്തിയ നാട്ടുകാര്‍. ഉടന്‍ തന്നെ ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷിനെ വിവരം അറിയിച്ചു. പ്രസിഡന്റിന്റെ അനുമതിയോടെ കൃഷിയിടത്തില്‍ ഇറങ്ങിയ അക്രമകാരിയായ പന്നിയെ ലൈസന്‍സ് തോക്ക് ഉടമ കീഴ്പ്പള്ളി അത്തിക്കലിലെ കൈപ്പനാനിക്കല്‍ ബേബി എത്തി വെടിവെച്ചിട്ടു. മൂന്നുതവണ വെടിയേറ്റാണ് പന്നി ചത്തു വീണത്.

ഏകദേശം 75 കിലോയിലധികം തൂക്കം വരുന്ന പന്നിയെ സമീപത്ത് തന്നെ കുഴിയെടുത്ത് ഡീസല്‍ ഒഴിച്ച് ബ്ലീച്ചിങ് പൌഡര്‍ ഇട്ട് കുഴിച്ചുമൂടുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ്, സെക്രട്ടറി രശ്മിമോള്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് അന്ത്യാംകുളം ,മെമ്പര്‍ ബിജു കുറ്റിക്കാട്ട്, വെറ്റിനറി ഡോക്ടര്‍ ശീതള്‍ ഡെമനിക്ക് എന്നിവരും സ്ഥലത്ത് ഉണ്ടായിരുന്നു.

 

Back to top button
error: