CrimeNEWS

കൂടത്തായി കേസില്‍ സി.പി.എം. നേതാവ് കൂറുമാറി; പോലീസ് പറഞ്ഞതുപ്രകാരം ഒപ്പിട്ടതെന്ന് പ്രവീണ്‍ കുമാര്‍

കോഴിക്കോട്: കൂടത്തായ് കേസില്‍ സി.പി.എം. പ്രാദേശിക നേതാവ് കൂറുമാറി. കോഴിക്കോട് കട്ടാങ്ങല്‍ മുന്‍ ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ കുമാറാണ് കൂറുമാറിയത്. ഒന്നാം പ്രതി ജോളിക്കും നാലാംപ്രതി മനോജിനും അനുകൂലമായി മൊഴി നല്‍കുകയായിരുന്നു. ഇതാദ്യമായാണ് കേസില്‍ ഒരാള്‍ കൂറുമാറുന്നത്.

കേസില്‍ 46 സാക്ഷികളെ വിസ്തരിച്ചതില്‍ ഒന്നാംപ്രതി ജോളിയുടെ സഹോദരന്മാര്‍ അടക്കം പ്രോസിക്യൂഷന് അനുകൂല മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഇതിനിടെയായിരുന്നു പ്രവീണിന്റെ കൂറുമാറ്റം. ലോക്കല്‍ കമ്മിറ്റി അംഗം കൂടിയാണ് ഇയാള്‍. കേസില്‍ പ്രോസിക്യൂഷന്റെ 155ാം സാക്ഷിയാണ് നായര്‍കുഴി കമ്പളത്ത് പറമ്പ് വീട്ടില്‍ പി.പ്രവീണ്‍ കുമാര്‍. അന്വേഷണത്തിന്റെ ഭാഗമായി ഒന്നാം പ്രതിയായ ജോളിക്ക് നാലാം പ്രതിയായ മനോജ് കുമാര്‍ വ്യാജ രേഖയില്‍ ഒപ്പിട്ട് നല്‍കിയ സ്ഥലത്തേക്ക് 2019 നവംബറില്‍ ക്രൈം ബ്രാഞ്ച് പൊലീസ് മനോജ് കുമാറിനെ തെളിവെടുപ്പിനായി കൊണ്ടുവന്ന സമയം തയ്യാറാക്കിയ മഹസറിലെ സാക്ഷിയാണ് പ്രവീണ്‍കുമാര്‍.

Signature-ad

എന്നാല്‍, പോലീസ് പറഞ്ഞത് പ്രകാരമാണ് താന്‍ ഒപ്പിട്ടതെന്നും പോലീസ് പറയുന്നിടത്തെല്ലാം താന്‍ ഒപ്പിടാറുണ്ടെന്നുള്ള മൊഴിയാണ് പ്രത്യേക വിചാരണ കോടതിയില്‍ പ്രവീണ്‍ കുമാര്‍ നല്‍കിയത്.

പൊന്നാമറ്റത്തെ മരുമകളായ ജോളി സ്വത്ത് കൈക്കലാക്കാനായി ആറുപേരെ കൊലപ്പെടുത്തിയെന്നാണു കേസ്. 2002ലാണ് ആദ്യ കൊലപാതകം. ആട്ടിന്‍ സൂപ്പ് കഴിച്ച അന്നമ്മ തോമസ് കുഴഞ്ഞു വീണു മരിച്ചു. ആറുവര്‍ഷത്തിനുശേഷം അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസ്, മൂന്നു വര്‍ഷത്തിനു ശേഷം ഇവരുടെ മകന്‍ റോയി തോമസും മരിച്ചു. നാലാമത്തെ മരണം അന്നമ്മ തോമസിന്റെ സഹോദരന്‍ എം.എം. മാത്യുവിന്റേത് ആയിരുന്നു. തൊട്ടടുത്ത മാസം ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ഒരു വയസുള്ള മകള്‍ ആല്‍ഫൈന്‍ മരിച്ചു. 2016ല്‍ ഷാജുവിന്റെ ഭാര്യ സിലിയും മരിച്ചു. ഇതില്‍ റോയ് തോമസിന്റെ മരണമാണ് സംശയത്തിനിടയാക്കിയത്.

 

 

Back to top button
error: