മമ്മുട്ടി പൊലീസ് ഓഫീസറായി ആദ്യം തിളങ്ങിയ ‘യവനിക’ പ്രദർശനമാരംഭിച്ചിട്ട് ഇന്ന് 41 വർഷം
സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ
മലയാളത്തിലെ എക്കാലത്തെയും മികച്ച സസ്പെൻസ് ത്രില്ലർ ‘യവനിക’ കെജി ജോർജ്ജ് ഉയർത്തിയിട്ട് 41 വർഷം. 1982 ഏപ്രിൽ 30 നായിരുന്നു മുഖ്യധാരാ ക്‌ളാസിക്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ചിത്രം പ്രദർശനമാരംഭിച്ചത്. എസ്.എൻ സ്വാമി ‘സിബിഐ ഡയറിക്കുറിപ്പി’ൽ ആരാണ് കൊന്നത് എന്ന മുൾമുന ചോദ്യത്തിലൂടെ കാണികളെ ഉദ്വേഗഭരിതരാക്കുന്നതിനും ഏറെ മുൻപ് കെ.ജി ജോർജ്ജ് ആ ചോദ്യം ചോദിച്ചു: തബലിസ്റ്റ് അയ്യപ്പനെ ആരാണ് കൊന്നത്? (രണ്ടിടത്തും കണ്ടുപിടിക്കുന്നത് മമ്മൂട്ടിയാണെന്ന യാദൃശ്ചികതയുണ്ട്.)
ഒരിടത്തും നിലയുറപ്പിച്ച് നിൽക്കുന്നവനല്ല അയ്യപ്പൻ എന്ന മദ്യപാനി എന്ന് മറ്റ് കഥാപാത്രങ്ങൾ പറയുന്ന അറിവേ കാണികൾക്ക് ലഭിക്കുന്നുള്ളൂ. ആരാണ് കൊന്നത് എന്നതിനൊപ്പം എന്താണ് ശരിക്കും സംഭവിച്ചത് എന്ന് ‘ഭാവന തീയറ്റേഴ്‌സി’ലെ ആ നാടക കലാകാരന്മാരെ അതിനോടകം അടുത്തറിഞ്ഞ നമ്മൾ ചോദിച്ചു പോകും. സാമൂഹ്യസാമ്പത്തിക സാഹചര്യങ്ങളെ ഈ സിനിമ എന്തുമാത്രം വിശകലനം ചെയ്തുവെന്നോർത്ത് ഒടുവിൽ നമ്മൾ അദ്‌ഭുതപ്പെടുകയും ചെയ്യും.
അയ്യപ്പനെ കാണാതായ ദിവസം മാന്യനായ ആർട്ടിസ്റ്റ് കൊല്ലപ്പള്ളി (നാഗവള്ളി) വൈകിയാണല്ലോ എത്തിയത്. പതിയെ കാര്യങ്ങൾ വ്യക്തമാകുന്നു. രോഹിണി എന്ന ദരിദ്രകലാകാരിയെ (ജലജ) അയ്യപ്പൻ ‘ഭാവന’യിലേയ്ക്ക് കൊണ്ടുവരുന്നു. ഭാര്യയും മകനുമുള്ള അയാൾ രോഹിണിയോടൊപ്പം വാടകവീട്ടിൽ താമസിക്കുന്നു. അനിയത്തിക്ക് സമ്മാനിക്കാനായി വാങ്ങിയിരുന്ന ആഭരണങ്ങൾ പോലും അയാൾ വിറ്റ് കുടിക്കുന്നു. അവളും സഹനടനായ കൊല്ലപ്പള്ളിയും തമ്മിലുള്ള ലോഹ്യം അയ്യപ്പനിൽ അമർഷമുണ്ടാക്കുന്നുണ്ട്.
വേറൊരു പ്രശ്നമുണ്ട്. അയ്യപ്പന്റെ മകൻ (അശോകൻ) ഒരു തെറിച്ചവനാണ്. തന്തയെക്കൊല്ലാനും മടിക്കാത്തവൻ. ഇനി അവനെങ്ങാനും…?
വാസ്‌തവത്തിൽ സിനിമ ഒരു സ്ത്രീയുടെ ജീവിതത്തിലേയ്ക്ക് യവനിക തുറക്കുകയായിരുന്നു (ജോർജ്ജിന്റെ ഇഷ്ടവിഷയം). ‘നിന്റെ അനിയത്തിമാരെ ഇവിടെ കൊണ്ടുവരാമെന്നോ’ മറ്റോ ഉള്ള ഒരു ഡയലോഗാണ് രോഹിണിയെ ആ കൃത്യത്തിലേയ്ക്ക് നയിച്ചത് (‘ഇനിയൊരു സ്ത്രീയെയും നിങ്ങൾ നശിപ്പിക്കാൻ പാടില്ല’). ശവം മറവ് ചെയ്യാൻ കൊല്ലപ്പള്ളിയെ കൂട്ട് പിടിച്ചു.
നാടകീയത അതല്ല. കുറ്റം ഏറ്റ് പറഞ്ഞ കൊല്ലപ്പള്ളി നാടകം നടന്നു കൊണ്ടിരിക്കെ ഗ്രീൻ റൂമിൽ വച്ച് അറസ്റ്റ് വിവരം പറയുമ്പോൾ രംഗത്ത് പിന്നെ വന്നത് രോഹിണിയുടെ കഥാപാത്രമല്ല. അവൾ കാണികളോട് ഉറക്കെ വിളിച്ചു പറയുന്നു: ഞാനാണ് കൊന്നത്!
നിർമ്മാതാവ് ഹെൻറിയോട് ജോർജ്ജ് ‘ആദാമിന്റെ വാരിയെല്ലും’ പറഞ്ഞിരുന്നു. ഹെൻറിക്ക് ഇഷ്ടമായത് ‘യവനിക’യാണ്.
(നിർമ്മാതാവ് ചെറിയ വേഷത്തിൽ ചിത്രത്തിലുണ്ടായിരുന്നു). സംഭാഷണമെഴുതാൻ നാടകരംഗത്തെ കെടി മുഹമ്മദിനെ സമീപിച്ചെങ്കിലും ഒടുവിൽ അത് എസ് എൽ പുരം സദാനന്ദനിൽ എത്തിച്ചേർന്നു. തിരക്കഥയ്ക്ക് ആ വർഷത്തെ സംസ്ഥാന അവാർഡ് രണ്ടു പേരും പങ്കിട്ടു (തിരക്കഥ പുസ്‌തകമായപ്പോൾ എസ് എൽ പുരത്തിന്റെ പേര് വച്ചില്ലെന്ന പരാതിയുണ്ടായിരുന്നു.) ‘മർമ്മര’ത്തോടൊപ്പം മികച്ച ചിത്രം അവാർഡ് യവനിക പങ്കിട്ടു. തിലകന് സഹനടനുള്ള അവാർഡ് കിട്ടി.
ഒ.എൻ.വി- എം.ബി ശ്രീനിവാസൻ പാട്ടുകൾ സിനിമയോളം ക്ലാസ്സിക്കാണ്. ‘ഭരതമുനി,’ ‘ചെമ്പകപുഷ്‌പ,’ ‘മിഴികളിൽ നിറകതിരായി’ എന്നീ ഗാനങ്ങൾ ഇന്നും മലയാളികളുടെ ചുണ്ടുകളിലുണ്ട്. എം.ബി ശ്രീനിവാസൻ രചിച്ച് സംഗീതം പകർന്ന് സെൽമ ജോർജ്ജ് പാടിയ ‘മച്ചാനെ തേടി’ എന്ന ഗാനവും ജനങ്ങൾ ഏറ്റുപാടി.