IndiaNEWS

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ണാടകയില്‍ കലാപമെന്ന് അമിത്ഷാ; പരാതി നല്‍കി പ്രതിപക്ഷം

ബംഗളൂരു: പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ കോണ്‍ഗ്രസിന്റെ പരാതി. കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സിങ് സുര്‍ജേവാല, ഡോ. പരമേശ്വര്‍, ഡി.കെ. ശിവകുമാര്‍ എന്നിവര്‍ ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്‌സ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. വെറുപ്പും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്ന, പ്രതിപക്ഷത്തെ കളങ്കപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ണാടകയില്‍ വര്‍ഗീയകലാപങ്ങള്‍ നടക്കുമെന്ന അമിത് ഷായുടെ പരാമര്‍ശമാണ് പരാതിക്ക് ആധാരം. ”നിയമപ്രകാരം നടപടിയെടുക്കണം. സാധാരണക്കാരനാണ് ആ പരാമര്‍ശം നടത്തിയതെങ്കില്‍ അയാളെ ഇതിനകം അറസ്റ്റ് ചെയ്‌തേനെ. കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് അങ്ങനെ പറയാനാകില്ല. അദ്ദേഹം ആഭ്യന്തര മന്ത്രിയാണ്. അല്ലാതെ ബിജെപിയുടെ താരപ്രചാരകനല്ല” -ഡി.കെ. ശിവകുമാര്‍ പറഞ്ഞു.

Signature-ad

”എനിക്കെതിരെ യാതൊരു കാര്യവുമില്ലാതെ 20ല്‍ അധികം കേസുകള്‍ ഫയല്‍ ചെയ്തു. ഈ വിഷയത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്” -ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.

”പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ബസവരാജ ബൊമ്മെ അതില്‍ നടപടിയെടുത്തില്ല. ബിജെപി ഈ തിരഞ്ഞെടുപ്പില്‍ 40 സീറ്റില്‍ താഴെപ്പോകുമെന്ന ഭീതി ഉയര്‍ന്നതുകൊണ്ട് ഗതികെട്ടാണ് ഇത്തരം വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്” -കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു.

Back to top button
error: