പത്തനംതിട്ട: തട്ടുകടയില്‍ ചൂട് പൊറോട്ട നല്‍കിയില്ല. തിരുവനന്തപുരം സ്വദേശിയായ കട ഉടമക്ക് മര്‍ദ്ദനം. മല്ലപ്പള്ളി വെണ്ണിക്കുളത്തായിരുന്നു സംഭവം. ചൂടു പൊറോട്ട നല്‍കിയില്ലെന്ന കാരണത്താല്‍ ഹോട്ടല്‍ ഉടമയെ ഒരുസംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദിക്കുക ആയിരുന്നു. വെണ്ണിക്കുളം തിയറ്റര്‍ പടിയില്‍ ഹോട്ടലും തട്ട് കടയും നടത്തുന്ന തിരുവനന്തപുരം സ്വദേശി മുരുകനാണ് മര്‍ദനമേറ്റത്. തലയ്ക്കു പരുക്കേറ്റ മുരുകനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 9.30ന് ആയിരുന്നു സംഭവം. കോയിപ്രം പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. മര്‍ദിച്ചവര്‍ അപ്പോള്‍ തന്നെ മുങ്ങി. ജില്ലയുടെ പല ഭാഗത്തും അടുത്തിടെ തട്ട് കടകള്‍ക്ക് നേരെ അതിക്രമം ഉണ്ടാകുന്നുണ്ട്. കോയിപ്പുറം സ്റ്റേഷന്റെ പരിധിയില്‍ തന്നെ തട്ട് കട നടത്തുന്ന കുടുംബത്തെ അടുത്തിടെയാണ് ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ മര്‍ദിച്ചത്. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
മല്ലശ്ശേരി പൂങ്കാവില്‍ സായാഹ്ന ഹോട്ടല്‍ നടത്തുന്നവരെ ആക്രമിക്കുകയും കട കത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇവര്‍ക്കെതിരെ അന്ന് പോലീസ് കാര്യമായ നടപടി എടുത്തില്ല. പിന്നീട് ഇതേ സംഘമാണ് മല്ലശേരിയിലെ പെട്രോള്‍ പമ്പില്‍ കയറി ജീവനക്കാരെ മര്‍ദിച്ചത്. പ്രമാടം പഞ്ചായത്ത് അംഗത്തിന്റെ മകന് ഉള്‍പ്പെടുന്ന അക്രമികളെ പിന്നീടാണ് അറസ്റ്റ് ചെയ്തത്.