ന്യൂഡല്‍ഹി: ന്യൂയോര്‍ക്ക്-ഡല്‍ഹി അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ഇന്ത്യക്കാരന് സഹയാത്രികന്റെ മേല്‍ മൂത്രമൊഴിച്ചെന്ന് പരാതി. ആരോപണവിധേയനായ യാത്രക്കാരനെ ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനം ഇറക്കിയ ശേഷം പുറത്തിറക്കി അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തിയ ഇയാള്‍ തര്‍ക്കത്തിനിടെ സഹയാത്രികന്റെ മേല്‍ മൂത്രമൊഴിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിഷയം അന്വേഷിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ജോണ്‍ എഫ്. കെന്നഡി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ (ജെഎഫ്കെ)നിന്ന് ഇന്ദിരാഗാന്ധി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലേക്ക് (ഡിഇഎല്‍) സര്‍വീസ് നടത്തുകയായിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് 292 വിമാനത്തിലാണ് സംഭവം.
അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം രാത്രി 9 മണിയോടെയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയത്. ലാന്‍ഡിങ്ങിനു മുന്‍പു തന്നെ വിമാനത്താവളത്തില്‍ വിവരം അറിയിച്ചിരുന്നു. ഇരയായ യാത്രക്കാരന് എയര്‍ലൈനില്‍ പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ നവംബറില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ വച്ച് മദ്യപിച്ചെത്തിയ ഒരാള്‍ സഹയാത്രികയായ വയോധികയുടെ ദേഹത്ത് മൂത്രമൊഴിച്ചിരുന്നു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിസംബറില്‍ പാരീസില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ ഒഴിഞ്ഞ സീറ്റില്‍ ഒരു യാത്രക്കാരന് മൂത്രമൊഴിച്ചതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.