കൊച്ചി: ”ഭൈലാ കേം ചോ” (മോനേ എങ്ങനെയുണ്ട്)! -ഗുജറാത്തി ഭാഷയില്‍ പ്രധാനമന്ത്രിയുടെ ചോദ്യംകേട്ട് ഉണ്ണി മുകുന്ദന്‍ ഒന്നമ്പരന്നു. അടുത്തനിമിഷംതന്നെ ഗുജറാത്തിയില്‍ മറുപടി പറഞ്ഞ ഉണ്ണിക്ക്, യുവം’ പരിപാടി സമ്മാനിച്ചത് ജീവിതത്തിലെ അവിസ്മരണീയനിമിഷങ്ങള്‍. യുവം പരിപാടിക്കുശേഷം ഉണ്ണി മുകുന്ദനെ താജ് മലബാര്‍ ഹോട്ടലിലേക്കും പ്രധാനമന്ത്രി ക്ഷണിച്ചു. അവിടെ അരമണിക്കൂറോളം പ്രധാനമന്ത്രിയുമായി സംസാരിച്ചു.
24 വര്‍ഷം ഗുജറാത്തില്‍ താമസിച്ചിരുന്ന ഉണ്ണി മുകുന്ദനോട് അവിടത്തെ വിശേഷങ്ങളില്‍ പലതും മോദി പങ്കിട്ടു. ”എന്നെപ്പറ്റി പലകാര്യങ്ങളും മനസ്സിലാക്കിയാണ് അദ്ദേഹം എന്നോടുസംസാരിച്ചത്. എനിക്ക് 13 വയസ്സുള്ളപ്പോഴാണ് മോദിയെ ദൂരെനിന്ന് ആദ്യമായിക്കാണുന്നത്. അന്നു സി.എമ്മായി കണ്ട ആളെ ഇന്ന് പി.എമ്മായി കാണാന്‍ പറ്റിയല്ലോയെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ നിറഞ്ഞ ചിരിയിലായിരുന്നു അദ്ദേഹം. മാളികപ്പുറം സിനിമയെക്കുറിച്ചും മോദി സംസാരിച്ചു. ഗുജറാത്തില്‍ സിനിമ ചെയ്യാനും ക്ഷണിച്ചു” -പ്രധാനമന്ത്രിക്കൊപ്പം ചെലവഴിച്ച നിമിഷങ്ങളെപ്പറ്റി ഉണ്ണി മുകുന്ദന്‍ പറഞ്ഞു.