CrimeNEWS

ഓണ്‍ലൈനില്‍ എംഡിഎംഎ വാങ്ങി ചെറുകിട കച്ചവടം; നിരീക്ഷണത്തിനൊടുവില്‍ യുവാവ് പിടിയില്‍

കോഴിക്കോട്: ഒളവണ്ണ കേന്ദ്രീകരിച്ച് എക്‌സൈസ് നടത്തിയ പരിശോധനയില്‍ 31.97 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. നാഗത്തുംപാടം തേവര് പറമ്പില്‍ വാഴപ്പുള്ളി അഭിന്‍രാജ് (29) ആണ് അറസ്റ്റിലായത്. ലഹരിമരുന്നുമായി ഇയാള്‍ സഞ്ചരിച്ച കാറും പിടിച്ചെടുത്തു. സിന്തറ്റിക് പാര്‍ട്ടി ഡ്രഗ്‌സ് വിഭാഗത്തില്‍പ്പെടുന്ന എംഡിഎംഎ ഓണ്‍ലൈനായി വാങ്ങി ചെറുപൊതികളാക്കി വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് അഭിന്‍രാജെന്ന് എക്‌സൈസ് അറിയിച്ചു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി എക്‌സൈസ് സംഘം അഭിന്‍രാജിനെ നിരീക്ഷിച്ച് വരികയായിരുന്നു. ഇന്നലെ പ്രതി സഞ്ചരിച്ചിരുന്ന കാര്‍ പിന്തുടര്‍ന്ന എക്‌സൈസ് സംഘം വാഹനം തടഞ്ഞ് നിര്‍ത്തി സാഹസികമായി പിടികൂടുകയായിരുന്നു.

Signature-ad

എംഡിഎംഎ വില്‍പനസംഘത്തിലെ പ്രധാനികളെകുറിച്ച് ഇയാളില്‍ നിന്ന് സൂചന ലഭിച്ചിട്ടുണ്ട്. 10 ഗ്രാമില്‍ കൂടുതല്‍ എംഡിഎംഎ കൈവശം വെച്ചാല്‍ പോലും 10 വര്‍ഷം വരെ തടവു ശിക്ഷലഭിക്കാവുന്ന കുറ്റമാണ്. കോഴിക്കോട് ജില്ലയില്‍ അടുത്തടുത്ത ദിവസങ്ങളിലായി നടക്കുന്ന മൂന്നാമത്തെ രാസലഹരി വേട്ടയാണിത്.

കഴിഞ്ഞ ദിവസം മാനാഞ്ചിറയിലെ സിറ്റി പോലീസ് കമ്മിഷണറുടെ ഓഫീസിലെത്തിയ യുവാവില്‍ നിന്നു എക്സൈസ് സംഘം എംഡിഎംഎ പിടികൂടിയിരുന്നു. കണ്ണൂര്‍ തലശ്ശേരി മുഴുപ്പിലങ്ങാട് സ്വദേശി ഒമര്‍ സുന്‍ഹര്‍ നെയാണ് 15 ഗ്രാം എംഡിഎംഎ സഹിതം അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് കാസര്‍ഗോഡ് സ്വദേശിയായ അഹമ്മദ് ഇര്‍ഷാദ് നെ സിറ്റി ക്രൈം സ്‌ക്വാഡും കസബ പൊലീസും ചേര്‍ന്ന് പിടികൂടിയത്. 70 ഗ്രാം എംഡിഎംഎ യാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.

Back to top button
error: