തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ചൊവ്വാഴ്ച വരെ വിവിധ ജില്ലകളില്‍ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. അതേസമയം, രണ്ട് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിലുണ്ട്. മറ്റു 12 ജില്ലകളിലും നേരിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
കണ്ണൂര്‍, കാസര്‍ഗോട് ഒഴികെയുള്ള എല്ലാ ജില്ലകളിലുമാണ് നേരിയ മഴയ്ക്ക് സാധ്യതയുള്ളത്. ഏപ്രില്‍ 24 തിങ്കളാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.