CrimeNEWS

ഗാന്ധി കുടുംബത്തിന്റെ ബന്ധുവിന്റെ സ്വത്ത് പിടിച്ചെടുക്കാന്‍ അതീഖ് ശ്രമിച്ചു; സോണിയ ഇടപെട്ടതോടെ പിന്‍മാറി

ലഖ്‌നൗ: കൊല്ലപ്പെട്ട മാഫിയാ നേതാവും മുന്‍ എംപിയുമായ അതീഖ് അഹമ്മദ്, വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗാന്ധി കുടുംബത്തിന്റെ ബന്ധുവിന്റെ
സ്ഥലം കയ്യേറാനും ശ്രമിച്ചു. അതീഖ് അഹമ്മദ് എംപിയായിരുന്ന സമയത്താണ് സംഭവം. ഈ സമയത്ത് സമാജ്വാദി പാര്‍ട്ടിയായിരുന്നു ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍. അന്ന് കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധി ഇടപെട്ടതിനെ തുടര്‍ന്നാണ് അതീഖ് അഹമ്മദ് ഈ ശ്രമത്തില്‍നിന്ന് പിന്‍മാറിയതെന്നും ദേശീയ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

2007ല്‍ അതീഖ് അഹമ്മദ് ഫൂല്‍പുര്‍ എംപിയായിരിക്കെയാണ് ഗാന്ധി കുടുംബത്തിന്റെ ബന്ധുവായ വീര ഗാന്ധിയുടെ ഉടമസ്ഥതയിലുള്ള ഭൂമി പിടിച്ചെടുക്കാന്‍ ശ്രമിച്ചത്. പ്രയാഗ്രാജിനു സമീപം സിവില്‍ ലൈന്‍സ് പ്രദേശത്തുള്ള ഭൂമിയിലാണ് അതീഖ് അഹമ്മദ് നോട്ടമിട്ടത്. ഇന്ദിര ഗാന്ധിയുടെ ഭര്‍ത്താവ് ഫിറോസ് ഗാന്ധിയുടെ കുടുംബത്തില്‍പ്പെട്ട വീര ഗാന്ധി, വിവരമറിഞ്ഞ് പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തെയും സംസ്ഥാന സര്‍ക്കാരിനെയും സമീപിച്ചു. എന്നാല്‍, പ്രയോജനമുണ്ടായില്ല.

Signature-ad

ഇതോടെ വീര ഗാന്ധി ബന്ധുവായ സോണിയയുടെ സഹായം തേടി. ഈ സമയത്ത് കേന്ദ്രം ഭരിച്ചിരുന്ന യുപിഎയുടെ അധ്യക്ഷ കൂടിയായിരുന്നു സോണിയ ഗാന്ധി. തുടര്‍ന്ന് സോണിയ ഗാന്ധി പ്രശ്‌നത്തില്‍ ഇടപെട്ടതോടെ ഭൂമി ബലപ്രയോഗത്തിലൂടെ സ്വന്തമാക്കാനുള്ള ശ്രമത്തില്‍നിന്ന് അതീഖ് അഹമ്മദ് പിന്‍വാങ്ങി.

കുപ്രസിദ്ധ ഗുണ്ടാ നേതാവായ അതീഖ് അഹമ്മദ് 2004-09 കാലയളവിലാണ് സമാജ്വാദി പാര്‍ട്ടി എംപിയായിരുന്നത്. 1989 മുതല്‍ 2004 വരെ വിവിധ പാര്‍ട്ടികളിലായി യുപിയില്‍ എംഎല്‍എയുമായിരുന്നു. ബിഎസ്പി എംഎല്‍എ രാജുപാല്‍ 2005 ലും ആ കേസിലെ മുഖ്യ സാക്ഷി ഉമേഷ് പാല്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 24 നും കൊല്ലപ്പെട്ടതുള്‍പ്പെടെ നൂറിലേറെ കേസുകളില്‍ അതീഖ് പ്രതിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: