തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫ് ഈ മാസം 25-ന് നടക്കും. രാവിലെ 10.30 മുതല്‍ 10.50 വരെയാണ് ചടങ്ങുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ പങ്കെടുക്കും. അതേസമയം, വന്ദേഭാരത് ഉദ്ഘാടന യാത്രയില്‍ പ്രധാനമന്ത്രിയുണ്ടായിരിക്കില്ല.
രണ്ടു ദിവസത്തെ കേരളാ സന്ദര്‍ശനത്തിനായി മോദി തിങ്കളാഴ്ച കേരളത്തിലെത്തും. മധ്യപ്രദേശില്‍നിന്ന് തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി വൈകിട്ട് 5.30-ന് നാവിക ആസ്ഥാനത്ത് റോഡ് ഷോ നടത്തും. ആറിന് തേവര എസ്.എച്ച്. കോളജ് മൈതാനത്ത് ബി.ജെ.പി. നടത്തുന്ന യുവം കോണ്‍ക്ലേവില്‍ സംസാരിക്കും. വൈകിട്ട് താജ് മലബാറിലാണ് താമസം.
ചൊവ്വാഴ്ച രാവിലെ 10.15-ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെത്തും. അവിടെ 10.30-ന് വന്ദേഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്യും. 20 മിനിറ്റാണ് ഉദ്ഘാടന സംഗമത്തില്‍ പങ്കെടുക്കുക. വന്ദേഭാരത് ഉദ്ഘാടന ഓട്ടത്തില്‍ പങ്കെടുക്കാത്ത വിധത്തിലാണ് പുതിയ സമയക്രമം. പകരം റെയില്‍വേ സ്റ്റേഷനില്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തഞ്ചോളം വിദ്യാര്‍ഥികള്‍ ഇതില്‍ പങ്കെടുക്കും.
തുടര്‍ന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തുന്ന പ്രധാനമന്ത്രി 11 മണിയോടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിക്കും. കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം തിരുവനന്തപുരത്തുവെച്ചാണ് നിര്‍വഹിക്കുക. 12.15 വരെയാണ് ഈ പരിപാടി നിശ്ചയിച്ചിരിക്കുന്നത്. 12.40-ഓടു കൂടി തിരുവനന്തപുരത്തുനിന്ന് സൂറത്തിലേക്ക് മടങ്ങും.
കൊച്ചിയില്‍ അദ്ദേഹം ബി.ജെ.പി. നേതാക്കളുമായും എന്‍.ഡി.എ.യോട് ആഭിമുഖ്യം പ്രകടിപ്പിച്ച് രംഗത്തുവന്ന മറ്റു നേതാക്കളുമായും ആശയവിനിമയം നടത്തും.