
തിരുവനന്തപുരം: കേരള ഹൈക്കോടതിയില്‍ നിന്നും വിരമിക്കുന്ന ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക യാത്രയയപ്പ് നല്‍കിയതിനെതിരെ പരാതി. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കുമാണ് പരാതി നല്‍കിയിട്ടുള്ളത്. സാമൂഹിക പ്രവര്‍ത്തകന്‍ സാബു സ്റ്റീഫന്‍ ആണ് പരാതിക്കാരന്‍.
ജുഡീഷ്യല്‍ ചട്ടങ്ങളുടെയും മുന്‍കാല ഉത്തരവുകളുടേയും ലംഘനമാണെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. കേരള സര്‍ക്കാര്‍ നടത്തുന്നത് ഉപകാരസ്മരണ ആണെന്നും പരാതിയില്‍ ആരോപിക്കുന്നു. കോവളത്തെ സ്വകാര്യ ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് സര്‍ക്കാര്‍ ചീഫ് ജസ്റ്റിസിന് പ്രത്യേക യാത്രയയപ്പ് നല്‍കിയത്.
മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും കുടുംബസമേതമാണ് യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത്. മന്ത്രിമാരായ പി രാജീവ്, കെഎന്‍ ബാല?ഗോപാല്‍, കെ രാജന്‍, പിഎ മുഹമ്മദ് റിയാസ് തുടങ്ങിയവരും അഡ്വക്കറ്റ് ജനറല്‍, ചീഫ് സെക്രട്ടറി വിപി ജോയ്, ആഭ്യന്തര സെക്രട്ടറി കെ വേണു, നിയമസെക്രട്ടറി ഹരിനായര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
സാധാരണ നിലയില്‍ ഹൈക്കോടതി ഫുള്‍ കോര്‍ട്ട് മാത്രം യാത്രയയപ്പ് നല്‍കുന്നതാണ് കീഴ് വഴക്കം. ഹൈക്കോടതി നേരത്തെ തന്നെ ഫുള്‍ കോര്‍ട്ട് യാത്രയയപ്പ് നല്‍കിയിരുന്നു. അതോടൊപ്പം സീനിയര്‍ അഭിഭാഷകരും വിരമിക്കുന്ന ചീഫ് ജസ്റ്റിസിന് യാത്രയയപ്പ് നല്‍കിയിരുന്നു.
അതിനിടെ, സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തി. വിരമിക്കുന്ന ചീഫ് ജസ്റ്റിസിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കുന്നത് വിചിത്രമാണ്. മുഖ്യമന്ത്രിയും നാലഞ്ച് മന്ത്രിമാരും ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പോയി രഹസ്യമായി യാത്രയയപ്പ് നല്‍കേണ്ട സ്ഥാനമല്ല ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റേതെന്ന് സതീശന്‍ പറഞ്ഞു. പണ്ട് ലാവലിന്‍ കേസില്‍ വിധി പ്രഖ്യാപിച്ച ചീഫ് ജസ്റ്റിസിനെ, എസ്എഫ്ഐക്കാരേയും ഡിവൈഎഫ്ഐക്കാരേയും ഹൈക്കോടതിയുടെ മുമ്പിലേക്കയച്ച് പ്രകടനം നടത്തിച്ച് നാടുകടത്തുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






