ചണ്ഡീഗഡ്: ‘വാരിസ് പഞ്ചാബ് ദേ’ നേതാവ് അമൃത്പാല്‍ സിങ്ങിന്റെ ഭാര്യ കിരണ്‍ദീപ് കൗര്‍ അമൃത്സര്‍ വിമാനത്താവളത്തില്‍ കസ്റ്റഡിയില്‍. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30-നുളള വിമാനത്തില്‍ ലണ്ടനിലേക്ക് പോകാനെത്തിയപ്പോളാണ് കിരണ്‍ദീപിനെ അധികൃതര്‍ കസ്റ്റഡിയിലെടുത്തത്. യുവതിയെ വിശദമായി ചോദ്യംചെയ്തുവരികയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബ്രിട്ടീഷ് പൗരത്വമുള്ള കിരണ്‍ദീപ് കൗറിനെതിരേ പഞ്ചാബിലോ ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളിലോ കേസുകളില്ലെന്ന് പഞ്ചാബ് പോലീസ് പറഞ്ഞു. അതേസമയം, ഒളിവില്‍കഴിയുന്ന പ്രതിയുടെ കുടുംബാംഗങ്ങളെയോ ബന്ധുക്കളെയോ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാനാകും. ഈ സാഹചര്യത്തിലാണ് കിരണ്‍ദീപ് കൗറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നതെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസവും കിരണ്‍ദീപ് കൗറിനെ പോലീസ് ചോദ്യംചെയ്തിരുന്നു. അമൃത്പാലിന്റെ വിദേശ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഭാര്യയില്‍നിന്ന് പ്രധാനമായും പോലീസ് ചോദിച്ചറിഞ്ഞത്. ജലന്ധറില്‍ കുടുംബവേരുകളുള്ള യു.കെയില്‍ സ്ഥിരതാമസക്കാരിയായ കിരണ്‍ദീപ് കൗറും അമൃത്പാല്‍ സിങ്ങും ഈവര്‍ഷം ഫെബ്രുവരിയിലാണ് വിവാഹിതരായത്.
അതിനിടെ, ഒരുമാസത്തോളമായി ഒളിവില്‍കഴിയുന്ന അമൃത്പാല്‍ സിങ്ങിനായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. വിവിധമേഖലകളില്‍ പലവേഷങ്ങളില്‍ അമൃത്പാലിനെ കണ്ടതായി പഞ്ചാബ് പോലീസിന് വിവരം ലഭിച്ചിരുന്നെങ്കിലും ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല.