കഴിഞ്ഞ എട്ടുവർഷത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1,200 ലധികം ലൈംഗിക പീഡനക്കേസുകൾ!! ഗോവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളിൽ 13 ശതമാനം പേരും ഗർഭിണികൾ, മാതാപിതാക്കൾ അറിയുന്നത് പ്രസവ സമയത്ത് മാത്രം, ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

പനാജി: ഗോവയിൽ കഴിഞ്ഞ എട്ടു വർഷത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളിൽ 13 ശതമാനം പേരും ലൈംഗികാതിക്രമത്തിന് ഇരയായി, ഗർഭിണികളായതായി സംസ്ഥാന സർക്കാരിന്റെ വിക്ടിം അസിസ്റ്റൻസ് യൂണിറ്റ് (വിഎയു). ഈ എട്ടുവർഷത്തിനിടെ 1,200 ലധികം ലൈംഗിക പീഡനക്കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ പല കേസുകളിലും പ്രസവസമയത്ത് മാത്രമാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം മാതാപിതാക്കൾ പോലും അറിയുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു.
വിക്ടിം അസിസ്റ്റൻസ് യൂണിറ്റിന്റെ കണക്കുകൾ പ്രകാരം 16 മുതൽ 18 വയസുവരെയുള്ള കൗമാരക്കാരിലാണ് ഗർഭധാരണം കൂടുതൽ (60%). 11 മുതൽ 15 വയസുവരെയുള്ളവരിൽ ഇത് 39 ശതമാനമാണ്. എന്നാൽ പത്ത് വയസിനു താഴെയുള്ള കുട്ടികളിൽ ഒരു ശതമാനം കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ പത്തു വയസുകാരിയാണ് ഇത്തരത്തിൽ ഗർഭിണിയായ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന് വിഎയു കോർഡിനേറ്റർ എമിഡിയോ പിൻഹോ പറഞ്ഞു.
അതേസമയം അഞ്ചാം ക്ലാസ് മുതൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ലൈംഗിക വിദ്യാഭ്യാസം നൽകണമെന്നാണ് പ്രധാന നിർദേശം. സ്കൂളുകൾ വഴി കൃത്യമായ അറിവ് പകർന്നു നൽകണം. ഇതിനായി ഏകീകൃതമായ പാഠ്യപദ്ധതി തയ്യാറാക്കണം. കുട്ടികളുടെ പ്രശ്നങ്ങൾ തിരിച്ചറിയാനും അവർക്ക് കൗൺസിലിങ് നൽകാനും അധ്യാപകരെ പ്രാപ്തരാക്കണം. നിയമപരമായ വശങ്ങളെക്കുറിച്ച് അധ്യാപകർക്ക് ധാരണയുണ്ടാകണം. അതുപോലെ കുടുംബങ്ങളിൽ മാതാപിതാക്കളും കുട്ടികളും തമ്മിൽ കൂടുതൽ ആശയവിനിമയം ആവശ്യമാണെന്നും നിർദേശമുണ്ട്.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി വിഎയു ഒരു ആൻഡ്രോയിഡ് മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കിയിട്ടുണ്ട്. ഹെൽപ്പ് ലൈൻ നമ്പറുകൾ, നിയമസഹായം, ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ വിവരങ്ങൾ എന്നിവ ഈ ആപ്പിലൂടെ ലഭ്യമാകും. കൗമാരപ്രായക്കാരിലെ ഗർഭധാരണം വലിയ ആശങ്കയുണ്ടാക്കുന്ന ഒന്നാണെന്നും കൃത്യമായ ബോധവൽക്കരണത്തിലൂടെ മാത്രമേ ഇത് തടയാനാകൂ എന്നും എമിഡിയോ പിൻഹോ പറഞ്ഞു.





