IndiaNEWS

യുപിഐ വഴി സാധനങ്ങള്‍ വാങ്ങൂ, പിന്നീട് പണം തവണകളായി അടയ്ക്കൂ;  ഇ.എം.ഐ സേവനം അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്

    ന്യൂഡെല്‍ഹി: രാജ്യത്ത് യുപിഐ വഴി പണമടയ്ക്കുന്ന കോടിക്കണക്കിന് ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത. ഇപ്പോള്‍ യുപിഐയിലൂടെ ഇഎംഐ യായി സാധനങ്ങള്‍ വാങ്ങാം. മുമ്പ് ഷോപ്പിംഗ് സമയത്ത്, തവണകളായി പണമടച്ചുള്ള ഒരു ഉല്‍പ്പന്നം വാങ്ങുന്നതിന് ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ആവശ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ യുപിഐ ഇഎംഐ ഓപ്ഷന്‍ തിരഞ്ഞെടുക്കാം. ഈ സൗകര്യം ആരംഭിച്ചിരിക്കുന്നത് സ്വകാര്യമേഖലയിലെ ഐസിഐസിഐ ബാങ്കാണ്.

യുപിഐ വഴി പണമടയ്ക്കുന്ന പ്രവണത രാജ്യത്ത് അതിവേഗം വര്‍ധിച്ചതിനാല്‍ ഐസിഐസിഐ ബാങ്ക് നല്‍കുന്ന ഈ സൗകര്യം കോടിക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനപ്പെടും. ഏതെങ്കിലും ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പ്രതിമാസ ഇഎംഐയില്‍ സാധനങ്ങള്‍ വാങ്ങാനാകും. ചൊവ്വാഴ്ച യുപിഐ പേയ്മെന്റില്‍ ഇഎംഐ സൗകര്യം ആരംഭിച്ചതായി ഐസിഐസിഐ ബാങ്ക് പ്രഖ്യാപിച്ചു. ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ‘ബൈ നൗ പേ ലേറ്റര്‍’ സൗകര്യം ഉപയോഗിച്ച് ഇത് പ്രയോജനപ്പെടുത്താന്‍ കഴിയും.

ഇലക്ട്രോണിക് സാധനങ്ങള്‍, പലചരക്ക് സാധനങ്ങള്‍, വസ്ത്രങ്ങള്‍ വാങ്ങുന്നതിനും യാത്രയ്ക്കും തുക ഗഡുക്കളായി നല്‍കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. ഇടപാട് തുക 10,000 രൂപയില്‍ കൂടുതലാണെങ്കില്‍ മാത്രമേ അത് ഇഎംഐ ലഭിക്കൂ. മൂന്ന്, ആറ് അല്ലെങ്കില്‍ ഒമ്പത് മാസത്തെ എളുപ്പ ഗഡുക്കളായി പണം തിരിച്ചടയ്ക്കാം. സൗകര്യം ഉപയോഗിക്കുന്നതിന്, പേയ്മെന്റ് നടത്താന്‍ ഐ മൊബൈല്‍ (iMobile Pay) ആപ്പ് ഉപയോഗിച്ച് ‘Scan Any QR’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കണം. പേയ്മെന്റ് തുക 10,000 രൂപയോ അതില്‍ കൂടുതലോ ആണെങ്കില്‍, ‘PayLater EMI’ തിരഞ്ഞെടുക്കുക. ഇതിനുശേഷം, മൂന്ന്, ആറ് അല്ലെങ്കില്‍ ഒമ്പത് മാസത്തെ കാലയളവ് ഇഎംഐക്കായി തിരഞ്ഞെടുക്കുകയും അതിനുശേഷം പണം അടയ്ക്കുകയും ചെയ്യാം.

Back to top button
error: