Movie

പി. ഭാസ്‌കരൻ സംവിധാനം ചെയ്ത ‘മനസ്വിനി’ പുറത്തു വന്നിട്ട് ഇന്ന് 55 വർഷം

സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ

  ‘ആരാധികയുടെ പൂജാകുസുമം,’ ‘കണ്ണീരും സ്വപ്‌നങ്ങളും,’ ‘പാതിരാവായില്ല പൗർണ്ണമി സന്ധ്യക്ക്,’  ‘തെളിഞ്ഞു പ്രേമയമുന വീണ്ടും’ എന്നീ ഹിറ്റ് ഗാനങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു 55 വർഷം മുൻപത്തെ വിഷുക്കാലം. 1968 ഏപ്രിൽ 13ന് റിലീസ് ചെയ്‌ത ‘മനസ്വിനി’യിലേതാണ് ഈ ഗാനങ്ങൾ. ഹിന്ദി ചിത്രം ‘ആരതി’യിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പി ഭാസ്‌കരനാണ് സംവിധാനം. പാറപ്പുറത്ത് സംഭാഷണമെഴുതി. സംവിധായകന്റെ  ഗാനരചന. ബാബുരാജിന്റെ സംഗീതം. വിശുദ്ധ പ്രണയത്തിന്റെ ആത്യന്തിക വിജയമാണ് ചിത്രം പ്രഘോഷിച്ചത്.

Signature-ad

ഡോക്ടർ രവിക്ക് (സത്യൻ) ഇഷ്ടം ഡോക്ടർ മാലതിയെ (ശാരദ). പക്ഷെ മാലതിക്കിഷ്ടം സാധാരണക്കാരനായ ഹരിയെ (മധു). ശാരദ-മധു വിവാഹം കഴിഞ്ഞപ്പോൾ സത്യൻ സുകുമാരിയെ വിവാഹം ചെയ്‌തു. ശാരദയുടെ അസൂയക്കാരിയായ നാത്തൂൻ (മീന) ശാരദയെയും മുൻപരിചയക്കാരൻ സത്യനെയും ചേർത്ത് അപവാദം പറഞ്ഞതിനാൽ മധു പിണങ്ങി. ഒടുവിൽ സത്യം മനസിലായ മധു ശാരദയുടെ അടുത്തേയ്ക്ക് പോകുന്ന വഴിക്ക് ആക്സിഡന്റ്. മധുവിന് സർജറി വേണം. ഓപ്പറേഷൻ ചെയ്യുന്നത് ശാരദയോട് ഇപ്പോഴും ഇഷ്‌ടം സൂക്ഷിക്കുന്ന സത്യൻ. സത്യന് ഒരു ഡിമാൻഡുണ്ട്. ശാരദ വഴങ്ങണം. ഭർത്താവിന് വേണ്ടി ശാരദ സമ്മതിച്ചു. ഒപ്പം വിഷഗുളികകളും കരുതി. വിശുദ്ധ പ്രണയം തിരിച്ചറിഞ്ഞ സത്യൻ ശാരദയെ ‘വെറുതെ വിട്ട്’ ഭാര്യ സുകുമാരിയോടൊത്ത് കൽക്കട്ടയ്ക്ക് പോകുന്നു.

പി ഭാസ്‌കരന്റെ തറവാട്ടമ്മ, പരീക്ഷ എന്നീ ചിത്രങ്ങൾ നിർമ്മിച്ച വാസുമേനോനാണ് ‘മനസ്വിനി’യും നിർമ്മിച്ചത്.

Back to top button
error: