ഹജ്ജ് വാളണ്ടിയറായി നിയമിക്കാമെന്ന് പറഞ്ഞ് പാസ്സ്‌പോര്‍ട്ടും ഇരുപതിനായിരം രൂപയും കൈക്കലാക്കിയതായി പരാതി. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി ഇരുനൂറിലേറെ പേരാണ് തട്ടിപ്പിനിരയായത്.
സമൂഹിക മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച പോസ്റ്ററും വോയ്‌സും പ്രചരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. താമസം, ഭക്ഷണം എന്നിവയും 1,300 സഊദി റിയാല്‍ ശമ്പളവുമാണ് ഇത് സംബന്ധിച്ച് വാട്‌സാപ്പില്‍ പ്രചരിപ്പിച്ചിരുന്നത്. അപേക്ഷകര്‍ 20,000 രൂപയാണ് അടയ്ക്കേണ്ടിയിരുന്നത്. അഡ്വാന്‍സ് തുക എന്ന നിലക്ക് ചിലരോടു പതിനായിരം രൂപയും പാസ്സ്‌പോര്‍ട്ടുമാണ് സംഘം കൈക്കലാക്കിയത്. ഈ മാസം പത്ത് മുതല്‍ ആറ് മാസമാണ് ജോലിയുടെ കാലാവധിയായി പറഞ്ഞത്. ആരോഗ്യവകുപ്പിന് കീഴിലുള്ള ജോലികളാണ് ഉണ്ടാകുകയെന്നും വ്യക്തമാക്കിയിരുന്നു. നടക്കാവിലാണ് സംഘത്തിന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.
ഈ മാസം പത്തിന് സഊദിയിലേക്ക് പോകുമെന്ന അറിയിപ്പിനെത്തുടര്‍ന്ന് പലരും നിലവിലുള്ള ജോലികള്‍ ഒഴിവാക്കി സംഘവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവസാന സമയം പല കാരണങ്ങള്‍ പറഞ്ഞ് തടിയൂരുകയായിരുന്നു. ഇതോടെയാണ് തട്ടിപ്പിന് ഇരയായവര്‍ സംഘടിച്ചത്. പണം കൈപ്പറ്റിയ സംഘാംഗത്തിലൊരാള്‍ ഫറോക്കിലെ വീട്ടിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഫറോക്ക് സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചു. ഇയാളോടു വിവരം അന്വേഷിച്ച പൊലീസ് പിന്നീട് ഇയാളെ സ്റ്റേഷനിലേക്ക് മാറ്റി. നടക്കാവ് പോലീസ് സ്റ്റേഷനില്‍ വെച്ച് പരാതിക്കാര്‍ക്ക് പാസ്‌പോര്‍ട്ടുകള്‍ തിരിച്ചുനല്‍കി. പണം ഇന്ന് (വ്യാഴം) നല്‍കാമെന്നാണ് പറഞ്ഞിരിക്കുന്നത്.