IndiaNEWS

മോദിയുടെ പള്ളിസന്ദര്‍ശനത്തെ വിമര്‍ശിച്ച് സുബ്രഹ്‌മണ്യം സ്വാമി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പള്ളി സന്ദര്‍ശനത്തെ വിമര്‍ശിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യം സ്വാമി. മോദിയുടെ സന്ദര്‍ശനത്തിനു പിന്നിലുള്ളത് തന്ത്രപരമായ ലക്ഷ്യമാണോ അതോ ആദരവുമൂലമാണോയെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

”പള്ളിയില്‍ മോദി പ്രാര്‍ഥിച്ചത് തന്ത്രപരമായ ലക്ഷ്യത്തിനു വേണ്ടിയാണോ അതോ ആദരവുകൊണ്ടാണോ? വ്യത്യസ്ത മതവിഭാഗങ്ങളില്‍നിന്നുള്ള ബന്ധങ്ങളെ ചേര്‍ത്തു നിര്‍ത്തുന്ന ഒരു ഹിന്ദുവെന്ന നിലയില്‍ എനിക്ക് ഒരിക്കലും ഒരു മതഭ്രാന്തനാകാന്‍ കഴിയില്ല. പക്ഷേ, മോദിയുടെ പ്രവൃത്തി ഹിന്ദുത്വ പ്രത്യയശാസ്ത്രം കപടമാണെന്നും പ്രീണനമാണെന്നുമുള്ള തോന്നലാണുണ്ടാക്കുന്നത്”, -സ്വാമി ട്വിറ്ററില്‍ കുറിച്ചു.

Signature-ad

ഈസ്റ്റര്‍ ദിനത്തിലാണ് പ്രധാനമന്ത്രി ഡല്‍ഹിയിലെ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദര്‍ശിച്ചത്. ഇതാദ്യമായാണ് ഒരു ക്രൈസ്ത്രവ ദേവാലയം പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്. ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കോട്ടൂര്‍, ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര തുടങ്ങിയ ഉന്നത മതമേലധ്യക്ഷന്മാര്‍ ചേര്‍ന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ഇരുപത് മിനിറ്റോളം ദേവാലയത്തില്‍ ചെലവഴിച്ച പ്രധാനമന്ത്രി പള്ളിയില്‍ നടന്ന പ്രാര്‍ഥനയിലും പങ്കെടുത്തു. പള്ളിയങ്കണത്തില്‍ മോദി വൃക്ഷത്തൈ നടുകയും ചെയ്തു.

മോദിയുടെ സന്ദര്‍ശനം സന്തോഷകരമാണെന്ന് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര പ്രതികരിച്ചിരുന്നു. ഈസ്റ്റര്‍ ആശംസകളറിയിക്കുക മാത്രമാണ് ചെയ്തതെന്നും രാഷ്ട്രീയ വിഷയങ്ങളൊന്നും ചര്‍ച്ചചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലടക്കം ക്രൈസ്തവ സമൂഹങ്ങളുമായി അടുക്കാനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ പള്ളി സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.

Back to top button
error: