പത്തനംതിട്ട: അമ്പലത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെ വിപ്ലവഗാനം പാടണമെന്നാവശ്യപ്പെട്ട് സംഘര്‍ഷം. പത്തനംതിട്ട വള്ളംകുളം നന്നൂര്‍ ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു സംഭവം. ആര്‍എസ്എസ് രണഗീതമായ ‘നമസ്‌കരിപ്പൂ’ എന്ന ഗാനം പാടിയതിന് പിന്നാലെ, ‘ബലികുടീരങ്ങളെ’ എന്ന ഗാനം പാടണമെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.
ശനിയാഴ്ച രാത്രി 11.45-ഓടെയായിരുന്നു സംഭവം. ആലപ്പുഴ ക്ലാപ്‌സ് ഓര്‍ക്കസ്ട്രയാണ് ഗാനമേള അവതരിപ്പിച്ചത്. ഗാനമേളയില്‍ രണ്ട് പാട്ടുകള്‍ അവശേഷിക്കെ ആയിരുന്നു ആര്‍എസ്എസിന്റെ രണഗീതമായി അറിയിപ്പെടുന്ന ‘നമസ്‌കരിപ്പൂ ഭാരതമങ്ങേ’ എന്ന പാട്ട് പാടിയത്. പാടി തീര്‍ന്ന ഉടന്‍ തന്നെ സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ അടുത്ത പാട്ട് നിര്‍ബന്ധമായും ‘ബലികുടീരങ്ങളെ’ എന്ന വിപ്ലവഗാനം ആയിരിക്കണമെന്ന് നിര്‍ദേശിച്ചു. തുടര്‍ന്ന് സംഘര്‍ഷത്തിലേക്ക് നീങ്ങിയപ്പോള്‍ പരിപാടി അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് കര്‍ട്ടന്‍ താഴ്ത്തുകയായിരുന്നു. ഇതോടെ പ്രകോപിതരായ സിപിഎം പ്രവര്‍ത്തകര്‍ കര്‍ട്ടന്‍ വലിച്ചു കീറി.
തിരുവല്ല സബ് ഇന്‍സ്‌പെക്ടര്‍ അടക്കമുള്ള പോലീസുകാര്‍ സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നു. ഗാനമേള തടസ്സപ്പെടുത്തിയെന്നും ക്ഷേത്രോത്സവം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചെന്നും കാട്ടി ക്ഷേത്ര ഉപദേശക സമിതിയും ഉത്സവ കമ്മിറ്റി ഭാരവാഹികളും തിരുവല്ല പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, സംഭവത്തില്‍ ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് വിവരം.