Movie

സത്യനും ശാരദയും നായികാനായകന്മാരായ എം.ടിയുടെ  ‘പകൽക്കിനാവ്’ പ്രേക്ഷകരിലെത്തിയിട്ട് ഇന്ന് 57 വർഷം

സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ

എം.ടി വാസുദേവൻ നായരുടെ രചനയിൽ എസ്.എസ് രാജൻ സംവിധാനം ചെയ്‌ത ‘പകൽക്കിനാവി’ന് 57 വർഷം പഴക്കം. 1966 ഏപ്രിൽ 8 നായിരുന്നു സത്യനും ശാരദയും മുഖ്യവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം റിലീസ് ചെയ്‌തത്‌. സ്നേഹസീമ, തച്ചോളി ഒതേനൻ, കുഞ്ഞാലി മരയ്ക്കാർ തുടങ്ങിയ പഴയകാല ചിത്രങ്ങളുടെ സംവിധായകനാണ് എസ്.എസ് രാജൻ. സ്ത്രീലമ്പടനായ ഒരാളുടെ മനംമാറ്റമാണ്  ‘പകൽക്കിനാവി’ലെ പ്രമേയം. പി ഭാസ്‌ക്കരൻ-ബി.എ ചിദംബരനാഥ് ടീമിന്റെ ഗാനങ്ങൾ, പകൽക്കിനാവിൻ സുന്ദരമാകും, നിദ്ര തൻ നീരാഴി, കേശാദി പാദം തൊഴുന്നേൻ – അവയുടെ ലാളിത്യസൗകുമാര്യം കൊണ്ട് തലമുറകളിലേയ്ക്ക് കടന്ന് ഇന്നും ക്ലാവ് പിടിക്കാതെ നിലകൊള്ളുന്നു.

ആഡംബരം ജീവിതത്തിന്റെ മുഖമുദ്രയാക്കിയ സത്യൻ. കുടുംബ പ്രാരബ്ധങ്ങൾ ചുമലിലേറ്റി ഒരു ജോലിക്കായി അലയുന്ന നെല്ലിക്കോട് ഭാസ്‌ക്കരൻ. ജീവിതത്തിന്റെ രണ്ട് മുഖങ്ങൾ. മൂന്നാമതൊരു മുഖം – ശാരദ –  ത്രികോണ പ്രണയകാരണമായി കഥയിൽ വരുന്നു. നെല്ലിക്കോട് രക്ഷകനായെങ്കിലും സത്യന്റെ കൂടെ കറങ്ങി ശാരദ ഗർഭിണിയായി. അപ്പോൾ പ്രേമഭാജനം സത്യന് കറിവേപ്പിലയായി. പിന്നെയും രക്ഷകൻ നെല്ലിക്കോട് തന്നെ (അത് എംടിയുടെ ഒരു രചനാബാധയാണ് – ചൂലെടുത്ത് അടിച്ചിറക്കിയാലും പിന്നെയും സ്നേഹത്തിന്റെ പിന്നാലെ പുരുഷൻ വാലാട്ടും).

ഇതിനിടെ നായിക മരിച്ചു. നായകൻ നാട്ടിൽ മറ്റൊരു  യുവതിയെ കണ്ടു, ബോധിച്ചു. പക്ഷെ യുവതിയുടെ കൂടെ ഒരു കുട്ടിയുണ്ട്. യുവതിയുടെ മരിച്ചു പോയ ചേച്ചിയുടെ മകളാണ് ആ കുട്ടി. ആ അശ്രീകരത്തെ ഒഴിവാക്കണം. കുട്ടിയോട് അയാൾക്ക് കോപമായി. പിന്നെയല്ലേ കാര്യങ്ങൾ വെളിപ്പെടുക. കുട്ടി അയാളുടെ മകളാണ്. മരിച്ചു പോയ ചേച്ചി പഴയ ശാരദയാണ്.

കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം (യേശുദാസ്), ഗുരുവായൂരുള്ളൊരു (ജാനകി) എന്നീ പാട്ടുകൾ കൂടിയുണ്ട് ചിത്രത്തിൽ.

Back to top button
error: