KeralaNEWS

10 മാസം കൊണ്ട് പിന്നിട്ടത് 8000 കിലോമീറ്റര്‍; സ്വപ്നസാഫല്യത്തിലേക്ക് ചുവടുവച്ച് ശിഹാബ് ചോറ്റൂര്‍

കുവൈറ്റ് സിറ്റി: മലപ്പുറത്ത് നിന്ന് കാല്‍നടയായി ഹജ്ജിനു പുറപ്പെട്ട ശിഹാബ് ചോറ്റൂര്‍ സ്വപ്നസാഫല്യത്തിലേക്ക്. ആയിരക്കണക്കിന് കിലോമീറ്റര്‍ കാല്‍നടയായി താണ്ടി ശിഹാബ് കുവൈറ്റില്‍ എത്തി. കുട്ടിക്കാലം മുതലുള്ള ആഗ്രഹം യാഥാര്‍ഥ്യമാക്കാന്‍ ചോറ്റൂരിലെ വീട്ടില്‍നിന്ന് കഴിഞ്ഞവര്‍ഷം ജൂണ്‍ രണ്ടിനാണ് ശിഹാബ് യാത്ര തിരിച്ചത്. വിവിധയിടങ്ങളില്‍നിന്നായി ലഭിച്ച സ്വീകരണങ്ങള്‍ യാത്രക്ക് കരുത്തേകി.

പഞ്ചാബിലെ വാഗ ബോഡറില്‍ എത്തിയപ്പോള്‍ പാകിസ്ഥാനിലേക്ക് കടക്കാനുള്ള വിസ ലഭിക്കാതിരുന്നത് ആശങ്കയായിരുന്നു. ഇതോടെ മാസങ്ങളോളം ഇവിടെ ഒരു സ്‌കൂളില്‍ താമസിച്ചു. ഫെബ്രുവരിയില്‍ വിസ ലഭിച്ചതോടെ യാത്ര പുനരാരംഭിച്ചു. പാകിസ്ഥാന്‍, ഇറാന്‍, ഇറാക്ക്, തുടങ്ങിയ രാജ്യങ്ങളിലൂടെ കാല്‍നടയായി യാത്ര ചെയ്താണ് ഇപ്പോള്‍ കുവൈറ്റില്‍ എത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ അതിര്‍ത്തി കടന്ന് സൗദിയിലേക്ക് പ്രവേശിക്കാനാണ് ശിഹാബ് ലക്ഷ്യമിടുന്നത്. 10 മാസംകൊണ്ട് ഏകദേശം 8000 കിലോമീറ്ററാണ് പിന്നിട്ടത്.

കുവൈത്തില്‍ എത്തിയ ശിഹാബിന് മലയാളി സമൂഹം സ്വീകരണം നല്‍കി. യാത്രയില്‍ തനിക്ക് കൂടുതല്‍ അനുഭവങ്ങള്‍ സമ്മാനിച്ചത് ഇറാന്‍ ആണെന്നും അത് ജീവിതത്തില്‍ മറക്കില്ലെന്നും ശിഹാബ് പറഞ്ഞു. ഇറാക്കില്‍ നിന്ന് അറാര്‍ അതിര്‍ത്തി വഴി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ആയിരുന്നു ലക്ഷ്യം ഇട്ടിരുന്നത്. എന്നാല്‍, ഇവിടെനിന്ന് അധികൃതര്‍ കടത്തിവിട്ടില്ല. തുടര്‍ന്ന് 200 കിലോമീറ്റര്‍ പിന്നോട്ടു നടന്ന് അബ്ദലി വഴിയാണ് കുവൈറ്റില്‍ പ്രവേശിച്ചത്.

യാത്ര ആരംഭിച്ചത് മുതല്‍ വലിയ സ്‌നേഹമാണ് എല്ലാ രാജ്യങ്ങളില്‍നിന്നും ലഭിച്ചതെന്നു ശിഹാബ് പറഞ്ഞു. വിവാദങ്ങള്‍ തന്നെ ബാധിക്കില്ലെന്നും ശിഹാബ് ചൂണ്ടിക്കാട്ടി. കുവൈറ്റില്‍നിന്ന് ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് ശിഹാബിന് ലക്ഷ്യസ്ഥാനമായ പുണ്യഭൂമിയില്‍ എത്താനാകും.

Back to top button
error: