കുളിർ കാറ്റായി, നറുമണം ചൊരിഞ്ഞ്, ചെറു മഴയായി പെയ്തിറങ്ങുന്നു ‘ജവാനും മുല്ലപ്പൂവും’
‘ജവാനും മുല്ലപ്പൂവും’ റിലീസ് ചെയ്തിട്ട് ഒരാഴ്ച. ‘ഒരു ചെറിയ സിനിമയുടെ വിജയം’ എന്നാണ് ഒരു ഓൺലൈൻ മാധ്യമം എഴുതി കണ്ടത്. സിനിമയിൽ ചെറിയ സിനിമ, വലിയ സിനിമ എന്ന വകഭേദം ഉണ്ടോ…?
ജവാനും മുല്ലപ്പൂവും നല്ലൊരു കുടുംബ ചിത്രം ആണ്.
എന്നുവച്ചാൽ അച്ഛനമ്മാർക്ക് മക്കളെയും കൂട്ടി കാണാവുന്ന ചിത്രം.
എപ്പോൾ വേണമെങ്കിലും നാം ഒരു സൈബർ ചതിക്കുഴിയിൽ അകപ്പെടാം എന്ന ആശങ്ക നിലനിൽക്കുന്ന ഈ കാലത്ത്, ജാഗ്രതയോടെ ജീവിക്കണം എന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട് ഈ ചിത്രം.
‘സൂ സൂ സുധി വാല്മീക’ത്തിന് ശേഷം, ശിവദ എന്ന നായിക മലയാള സിനിമയ്ക്ക് സമ്മാനിക്കുന്ന അതിശക്തയായ കഥാപാത്രം ആണ് ഈ ചിത്രത്തിലെ ജയശ്രീ ടീച്ചർ.
രാഘുൽ മാധവ് എന്ന നടന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ല് ആണ് സാജൻ പീറ്റർ എന്ന ഈ ചിത്രത്തിലെ കഥാപാത്രം.
ചക്കപ്പഴം എന്ന സീരിയലിലൂടെ നമുക്ക് പരിചിതയായ ബേബി സാധിക മേനോൻ എന്ന പെൺകുട്ടിയുടെ അഭിനയ മികവിന് മുന്നിൽ പ്രേക്ഷകർ നമിച്ചു പോകും.
ഭാവഭദ്രമായ തിരക്കഥയാണ് ഈ സിനിമയുടെ കരുത്ത്. ദീർഘ കാലം മാധ്യമ പ്രവർത്തകൻ ആയിരുന്ന സുരേഷ് കൃഷ്ണൻ ആണ് ‘ ജവാനും മുല്ലപ്പൂവും’ എഴുതിയത്.
ജീവിതത്തിനു നേരെ തുറന്നു പിടിച്ച വിശാലവീക്ഷണം ഉള്ളവർക്ക് മാത്രം കാണാൻ കഴിയുന്ന കാഴ്ചകൾ ഭംഗിയായി തിരക്കഥാകൃത്ത് ഈ ചിത്രത്തിൽ പകർത്തിയിരിക്കുന്നു.
ഒരാളുടെ ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന കാര്യങ്ങൾ വളരെ തന്മയത്വത്തോടെ, കയ്യടക്കത്തോടെ തിരക്കഥാകാരൻ പങ്കുവയ്ക്കുന്നു.
ഹൈസ്കൂൾ അധ്യാപികയായ ജയശ്രി ടീച്ചറുടെയും അവരുടെ ഭർത്താവായ ജവാന്റെയും ചെറിയ വീടാണ് കഥാന്തരീക്ഷം. ആദ്യ പകുതിയിൽ ജയശ്രി ടീച്ചറിന്റെ വീടിന്റെ സ്പന്ദനങ്ങൾ അതി സൂക്ഷ്മതയോടെ പറയുന്ന എഴുത്തുകാരൻ, രണ്ടാം പകുതിയിൽ പ്രേക്ഷകരിൽ സൃഷ്ടിക്കുന്ന നെടുവീർപ്പുകൾക്ക് അവസാനമില്ല. നല്ല കഥകൾ ഉണ്ടാകുന്നില്ല എന്നാണ് എക്കാലവും മലയാള സിനിമയിൽ ഉയരുന്ന പരാതികളിൽ ഒന്ന്.
‘ജവാനും മുല്ലപ്പൂവി’ന്റെയും തിരക്കഥ ഈ പരാതിക്കു മറുപടി നൽകുന്നുണ്ട്.
ഒന്നര വർഷത്തിന് ശേഷം കെ.എസ് ചിത്ര മലയാളത്തിനു സമ്മാനിച്ച മനോഹരമായ ഗാനങ്ങളിൽ ഒന്ന് ഈ ചിത്രത്തിലേതു തന്നെ…
ഹരിനാരായണന്റെ വരികളിൽ ഫോർ മ്യൂസിക് ഒരുക്കിയ, ‘മുറ്റത്തെ മുല്ലതൈ…’ എന്ന ഗാനമാണത്. വിജയ് യേശുദാസും മത്തായി സുനിലും പാടിയ മികച്ച രണ്ട് ഗാനങ്ങളും ഈ ചിത്രത്തിൽ ഉണ്ട്.
കോടികൾ മുടക്കി പത്തോ നൂറോ ലൊക്കേഷനുകളിലായി ചിത്രീകരിക്കുന്ന സിനിമകൾ വരെ നമ്മെ ബോറടിപ്പിക്കുമ്പോൾ, ജയശ്രീ ടീച്ചറുടെ വീട്ടിലും ചുറ്റുമുള്ള ചെറിയ ലോകത്തിലുമായി നടക്കുന്ന ഈ സിനിമ പ്രേക്ഷകരെ തരിമ്പും മുഷിപ്പിക്കുന്നില്ല, എന്ന് മാത്രമല്ല ഒരു നല്ല സിനിമ കണ്ട സംതൃപ്തിയിൽ പ്രേക്ഷകർക്ക് തിയേറ്ററിൽ നിന്നും ഇറങ്ങാനും കഴിയുന്നു.
രഘുമേനോൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. തന്റെ നിർമ്മാതാവിന്റെ സാമ്പത്തിക കെട്ടുറപ്പ് നോക്കി അയാൾ സിനിമയിൽ ചില്ലറ അച്ചടക്കങ്ങൾ പാലിച്ചതിന്റെ കുറവുകൾ ചിത്രത്തിൽ കാണുന്നുണ്ടെങ്കിലും അതൊന്നും കഥ പറച്ചിലിനെ ബാധിച്ചിട്ടില്ല.
സമീർ സേട്ടും വിനോദ് ഉണ്ണിത്താനും ചേർന്ന് 2 ക്രിയേറ്റിവ് മൈൻഡിന്റെ ബാനറിലാണ് ‘ജവാനും മുല്ലപ്പൂവും’ നിർമ്മിച്ചിരിക്കുന്നത്.
സുമേഷ് ചന്ദ്രൻ ആണ് ജവാനായി അഭിനയിച്ചത്. ‘ദൃശ്യം 2’ വിൽ മോഹൻലാലിനൊപ്പം അഭിനയിച്ച് അരങ്ങേറ്റം നടത്തിയ ഈ നടൻ നായകനായി എത്തിയപ്പോൾ പ്രേക്ഷക പ്രതീക്ഷയ്ക്ക് ഒപ്പം എത്തിയില്ല എന്നതാണ് ‘ജവാനും മുല്ലപ്പൂവി’ന്റെയും ഏക പോരായ്മ.
ജാവന് ഒപ്പം അണിനിരന്ന കോമഡിയന്മാർ ചിത്രത്തിന്റെ റേറ്റിങ്ങിനെ പ്രതികൂലമായി ബാധിച്ചു എന്നു പറയാതെ നിർവഹമില്ല.
ശ്യാൽ സതീശന്റെ ക്യാമറ ആണ് ഈ ചിത്രത്തെ ഹൃദ്യം ആക്കിയിരിക്കുന്നത്. എഡിറ്റർ സനൽ അനിരുദ്ധനും ചില പരിമിതികളിൽ പെട്ടിരിക്കുന്നു എന്ന് ചിത്രം ബോധ്യപ്പെടുത്തുന്നു. എങ്കിലും ചിത്രം കൃത്യമായി കമ്മ്യൂണിക്കേറ്റ് ചെയ്യിക്കാൻ എഡിറ്റർക്കു കഴിഞ്ഞു.
പട്ടണം ഷായുടെ മേക്കപ്പിനും ആദിത്യ നാണുവിന്റെ കോസ്റ്റുമിനും ജയശ്രീ ടീച്ചറെ രൂപപ്പെടുത്തുന്നതിൽ ഏറെ പങ്ക് വഹിക്കാൻ കഴിഞ്ഞു. ജാവന്റെ വീട് ഒരുക്കിയ കലാ സംവിധായകന്റെ മികവും എടുത്തു പറയേണ്ടതുണ്ട്.
ജവാനും മുല്ലപ്പൂവും ചെറിയ സിനിമയോ വലിയ സിനിമയോ അല്ല, ചിത്രം കണ്ടവർ എല്ലാം ഇത് സ്വന്തം കഥയാണ് എന്ന് ഏറ്റുപറയുമ്പോൾ ഇതൊരു വിജയചിത്രം ആണെന്ന് അടിവരയിട്ടു പറയാതെ തരമില്ല.
ഏറ്റൊരു കലാരൂപവും സ്വന്തം ജീവിതാനുഭവങ്ങളുമായി ചേർത്ത് വച്ചാണ് നാം മാർക്കിട്ടുക. സ്റ്റാർഡം അവകാശപ്പെടാൻ ഇല്ലെങ്കിലും വിജയകരമായി രണ്ടാം വാരത്തിലേക്കു കടക്കുന്ന :ജവാനും മുല്ലപ്പൂവും’ ആണ് സമീപകാലത്തു മലയാളികൾ നെഞ്ചേറ്റിയ മലയാളചിത്രം എന്ന് അഭിമാനപൂർവ്വം സാക്ഷ്യപ്പെടുത്തുന്നു.