വീഡിയോ എടുത്താല്‍ ഫോണ്‍ എറിഞ്ഞ് തകര്‍ക്കും; കട്ടക്കലിപ്പില്‍ നയന്‍സ്
തന്നെ ശല്യപ്പെടുത്തിയ ആരാധകനോട് കയര്‍ത്ത് നയന്‍താര. കുംഭകോണത്തിന് അടുത്ത മേലവത്തൂര്‍ ഗ്രാമത്തിലെ പുഴയോരത്തെ കാമാച്ചി അമ്മന്‍ ക്ഷേത്രത്തില്‍ വച്ചാണ് സംഭവം നടന്നത്.
ക്ഷേത്ര ദര്‍ശനത്തിന് എത്തിയതായിരുന്നു നയന്‍താരയും ഭര്‍ത്താവ് വിഘ്നേഷ് ശിവനും. നടി വരുന്നുണ്ടെന്ന് അറിഞ്ഞ് താരത്തെ കാണാനായി നിരവധി ആരാധകര്‍ തടിച്ചുകൂടുകയായിരുന്നു.
ഇതോടെ ദര്‍ശനം നടത്താന്‍ പോലും നയന്താരയ്ക്കു കഴിയാത്ത സ്ഥിതിയായി. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസിന് കഴിയാതെ വന്നതോടെ അവിടെയുള്ളവരോട് അല്‍പനേരം ശാന്തരായിരിക്കാന്‍ വിഘ്നേഷ് ശിവന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് ക്ഷേത്രത്തിലെ പൂജകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരും അടുത്തുള്ള മറ്റൊരു ക്ഷേത്രത്തിലേക്ക് പോയി. ശേഷം റെയില്‍വേ സ്റ്റേഷനിലേക്കും പോയി. എന്നാല്‍ നടിയെ പിന്തുടര്‍ന്ന് ആരാധകരും പാപ്പരാസികളും എത്തുകയായിരുന്നു.
ട്രെയിനില്‍ വച്ച് അനുവാദം ഇല്ലാതെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്ന ആളോട് നയന്‍താര ദേഷ്യപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്.
ഫോട്ടോ എടുത്താല്‍ താന്‍ സെല്‍ഫോണ്‍ തകര്‍ക്കുമെന്നും നയന്താര മുന്നറിയിപ്പ് നല്‍കി. ഇതിനിടെ താരത്തിനൊപ്പം സെല്‍ഫി എടുക്കവെ ആരാധകരില്‍ ഒരാള്‍ നയന്താരയുടെ തോളില്‍ പിടിച്ചു. അവരുടെ കൈ തട്ടി മാറ്റുന്ന നടിയുടെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.