പാണക്കാട് സന്ദർശിച്ച് ജി. സുധാകരൻ; ‘മുസ്ലിം സമുദായം കേരളത്തിലെ ഏറ്റവും സെക്യൂലറായ വിഭാഗം‘

മലപ്പുറം: മുസ്ലീം ലീഗ് ആസ്ഥാനത്തെത്തി അമ്പലപ്പുഴ നിയുക്ത എംഎൽഎ ജി. സുധാകരൻ. എനിക്ക് എതിരെ മത്സരിച്ചത് ഒരു മുസ്ലീം നാമധാരിയാണെങ്കിലും മുസ്ലീം ഭൂരിപക്ഷ ബൂത്തുകളിൽ എല്ലാം എനിക്കാണ് ഭൂരിപക്ഷം ലഭിച്ചത്. കേരളത്തിലെ ഏറ്റവും സെക്യൂലറായ വിഭാഗമാണ് മുസ്ലിം സമുദായം. അത് ഈ തെരഞ്ഞെടുപ്പ് ഒരിക്കൽ കൂടി അക്കാര്യം തെളിയിച്ചുവെന്നും ലീഗിന്റെ വലിയ പിന്തുണ തെരഞ്ഞെടുപ്പിൽ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളി നടേശനെ ആദരിച്ച സംഭവത്തെക്കുറിച്ചും അദ്ദേഹം വിശദീകരണം നൽകി. എസ്എൻഡിപി ജനറൽ സെക്രട്ടറി എന്ന നിലയിലാണ് ആദരിച്ചത്. വെള്ളാപ്പള്ളി ചുമ്മാ കയറി ആ പദവിയിൽ എത്തിയതല്ലെന്നും സുധാകരൻ പറഞ്ഞു. മലപ്പുറത്തെ അധിക്ഷേപിച്ചതിന് മറുപടി പറഞ്ഞിട്ടുണ്ട്. ആ പരാമർശം ശരിയല്ലെന്ന് നേരത്തെ മറുപടി പറഞ്ഞതാണ്. മുസ്ലീങ്ങൾക്ക് എതിരെ പറയുന്നത് ശരിയല്ലെന്ന് താനും നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിക്കുമെന്നും ജി സുധാകരൻ പ്രതികരിച്ചു.






