CrimeNEWS

ആ അമ്മ ചോരകുഞ്ഞിനെ ഉപേക്ഷിച്ചതെന്തിന്? യുവതിയുടെ മൊഴി ഇങ്ങനെ…

പത്തനംതിട്ട: കഴിഞ്ഞ ചൊവ്വാഴ്ചയാണ് നവജാത ശിശുവിനെ ശുചിമുറിയിലെ ബക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. രക്തസ്രാവത്തെ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ഉടന്‍ തന്നെ പോലീസ് വീട്ടിലെത്തി പരിശോധന നടത്തുകയും കുഞ്ഞിന്റെ ജീവന്‍ രക്ഷപ്പെടുത്തുകയുമായിരുന്നു. കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്. യുവിതിയില്‍ നിന്നും പോലീസ് മൊഴി എടുത്തിരുന്നു.

പ്രസവിച്ചപ്പോള്‍ തന്നെ കുട്ടി മരിച്ചെന്നുള്ള ധാരണയാണ് കുഞ്ഞിനെ ബക്കറ്റില്‍ ഉപേക്ഷിക്കാന്‍ കാരണമായതെന്ന് അമ്മ ആറന്മുള പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് മാതാവ്. ഇവിടെ കഴിയുന്ന യുവതിയുമായി ആറന്മുള പോലീസ് നടത്തിയ വിവരശേഖരണത്തിലാണ് ഇക്കാര്യം പറഞ്ഞത്. ചൊവ്വാഴ്ച പുലര്‍ച്ചെ കോട്ടയിലെ വീട്ടില്‍വെച്ച് പ്രസവിച്ചയുടന്‍ കുഞ്ഞ് മരിച്ചെന്ന് തോന്നി. ഇതോടെ ബക്കറ്റിലേക്ക് മാറ്റി. രക്തസ്രാവമുണ്ടായതോടെ താനും അമ്മയും മൂത്തമകനും വീട് അടച്ചിട്ട് ഓട്ടോറിക്ഷയില്‍ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിലേക്ക് എത്തുകയായിരുന്നെന്നുമാണ് യുവതി പോലീസിനോട് പറഞ്ഞത്.

Signature-ad

അതേ സമയം ഐ.പി.സി. 317, ബാലനീതി നിയമം 75-ാം വകുപ്പ് എന്നിവ ചുമത്തി യുവതിയ്‌ക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ പരിപാലന ചുമതലയുള്ള രക്ഷകര്‍ത്താവ് തന്നെ കുട്ടിയെ മനഃപൂര്‍വം അവഗണിച്ചു എന്നതാണ് കേസ്. അന്വേഷണ സംഘം സംഭവം നടന്ന വാടക വീട്ടിലെത്തി തെളിവെടുപ്പും നടത്തി. ആറന്മുള എസ്‌ഐ അലോഷ്യസ് അലക്‌സാണ്ടറുടെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. യുവതിയുമായി അകന്നു കഴിയുന്ന ഭര്‍ത്താവ്, യുവതിക്കൊപ്പം ആശുപത്രിയിലെത്തിയ അമ്മ എന്നിവരില്‍ വിവരങ്ങള്‍ പോലീസ് തേടിയിട്ടുണ്ട്. ചികിത്സ നല്‍കുന്ന ഡോക്ടറുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. കത്രിക ഉപയോഗിച്ച് സ്വയം പൊക്കിള്‍ക്കൊടി മുറിക്കുകയായിരുന്നെന്നാണു യുവതി പോലീസിനോട് പറഞ്ഞത്.

യുവതിയുടെ മൊഴി പോലീസ് പൂര്‍ണ്ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല. പ്രസവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന കുടുംബാംഗങ്ങളടക്കം കൂടുതല്‍ പേരെ ചോദ്യം ചെയ്യും. പുലര്‍ച്ചെ പ്രസവം നടന്ന ശേഷം രാവിലെ 9.15ന് ചെങ്ങന്നൂര്‍ പോലീസ് വീട്ടിലെത്തും വരെ കുഞ്ഞ് മുറിക്കുള്ളില്‍ ബക്കറ്റില്‍ കഴിഞ്ഞ സാഹചര്യം പോലീസ് പ്രത്യേകം പരിഗണിക്കുന്നുണ്ട്. കുട്ടിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയിലെ അതിതീവ്രപരിചരണ വിഭാഗത്തില്‍ ഓക്‌സിജന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന കുട്ടി ഇപ്പോള്‍ സ്വാഭാവികമായി ശ്വസിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍, പൂര്‍ണ ആരോഗ്യത്തില്‍ എത്തിയിട്ടില്ല. അതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും ഉടന്‍ മാറ്റില്ലെന്നും അധികൃതര്‍ പറഞ്ഞു. യുവതിയുടെ വീട്ടില്‍ പരിശോധന നടത്തിയ പോലീസ് പൊക്കിള്‍ക്കൊടി മുറിക്കാനെടുത്ത കത്രിക കണ്ടെത്തി. യുവതിയുടെ ആരോഗ്യ നില മെച്ചപ്പെടുന്നതനുസരിച്ച് കൂടുതല്‍ അന്വേഷണം നടത്തും. സംഭവത്തില്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

 

Back to top button
error: