IndiaNEWS

എകെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി ബിജെപിയില്‍

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേരളത്തിലെ നേതാക്കളുടെ സാന്നിധ്യത്തില്‍ മന്ത്രി പിയൂഷ് ഗോയല്‍ അനിലിന് അംഗത്വം നല്‍കി. ഒരു കുടുംബത്തിന് വേണ്ടി നിലകൊള്ളുന്ന കോൺഗ്രസിന് ഭാവിയില്ലെന്നും, രാജ്യത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നുമായിരുന്നു അംഗത്വം സ്വീകരിച്ച ശേഷമുള്ള അനില്‍ ആന്‍റണിയുടെ ആദ്യ പ്രതികരണം.

കോണ്‍ഗ്രസിന് പ്രഹരം നല്‍കി അനില്‍ ആന്‍റണി ബിജെപിയിലേക്ക്. ഇന്ന് ഉച്ചമുതല്‍ അഭ്യൂഹം ശക്തമായിരുന്നു. മൂന്ന് മണിക്ക് ഒരു പ്രമുഖ വ്യക്തിത്വം ബിജെപിയില്‍ ചേരുമെന്ന അറിയിപ്പ് വന്നതോടെ അഭ്യൂഹത്തിന് ശക്തയേറി. ഈ സമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനൊപ്പം അനില്‍ അന്‍റണി പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് എത്തിയിരുന്നു. മൂന്ന് മണിയോടെ നേതാക്കള്‍ക്കൊപ്പം അനില്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അനിലിന് അംഗത്വം നല്‍കി. ധര്‍മ്മത്തെ രക്ഷിച്ചാല്‍ ധര്‍മ്മം നമ്മെ രക്ഷിക്കുമെന്ന സംസ്കൃത ശ്ലോകം ചൊല്ലിയായിരുന്നു അനിലിന്‍റെ ബിജെപി പ്രവേശം. കോണ്‍ഗ്രസ് കുടുംബപാര്‍ട്ടിയാണെന്ന് ബിജെപി അംഗത്വം സ്വീകരിച്ച അനില്‍ ആന്‍റണി പരിഹസിച്ചു.

Signature-ad

താന്‍ ബിജെപിയില്‍ ചേര്‍ന്നത് കൊണ്ട് എ കെ ആന്‍റണിക്ക് ഒരു കോട്ടവുമുണ്ടാകില്ലെന്നും അനില്‍ ന്യായീകരിച്ചു. രാജ്യത്തിന് വേണ്ടി നിലകൊണ്ടതു കൊണ്ടുമാത്രം അനില്‍ ആന്‍റണി കോണ്‍ഗ്രസില്‍ ആക്രമിക്കപ്പെട്ടുവെന്ന് മന്ത്രി പിയൂഷ് ഗോയലും പറഞ്ഞു. പാര്‍ട്ടി അംഗമായ അനില്‍ ആന്‍റണി പിന്നീട് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയെ സന്ദര്‍ശിച്ചു. അനിലിന് ഏത് പദവി നല്‍കും എന്നതിലടക്കമുള്ള തീരുമാനങ്ങള്‍ വരും ദിവസങ്ങളിലുണ്ടാകും. ദേശീയ തലത്തില്‍ പരിഗണിക്കാന്‍ ആലോചനകളുണ്ടെങ്കിലും, ലോക് സഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ബിജെപിയുടെ പരിഗണനയിലുണ്ട്.

Back to top button
error: