‘ശകുന്തള’യായി സാമന്ത വിഷുവിനു വരും, ഫഹദ് ഫാസിലിനൊപ്പം സിനിമ ചെയ്യാന്‍ താത്പര്യമുണ്ടെന്നും അമ്മ ആലപ്പുഴക്കാരിയാണെന്നും മലയാളം ഇഷ്ടമാണെന്നും താരം
ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ‘ശാകുന്തള’ത്തിൽ ശകുന്തളയായി സാമന്തയും ദുഷ്യന്തനായി മലയാളിയായ ദേവ് മോഹനും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ദേവ് മോഹൻ.
കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്പദമാക്കിയുള്ള ചിത്രം ഏപ്രില്‍ 14ന് തിയേറ്ററുകളിലെത്തും. അല്ലു അര്‍ജുന്റെ മകള്‍ അര്‍ഹ, സച്ചിന് ഖേഡേക്കര്‍, കബീര്‍ ബേദി, ഡോ. എം മോഹന്‍ ബാബു, പ്രകാശ് രാജ്, മധുബാല, ഗൗതമി, അദിതി ബാലന്, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മലയാളം, കന്നട, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ‘ശാകുന്തളം’ ത്രീഡിയിലാണ് റിലീസ് ചെയ്യുക. ‘ശകുന്തള’യുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം.
കേരളവുമായി വളരെ അടുത്ത ബന്ധമാണുള്ളതെന്ന് ‘ശാകുന്തള’ത്തിന്റെ പ്രചരണ ഭാഗമായി കൊച്ചിയില്‍ സംഘടിപ്പിച്ച പ്രസ്മീറ്റിൽ സാമന്ത പറഞ്ഞു.
‘അമ്മ ആലപ്പുഴ സ്വദേശിയാണ്. പക്ഷേ തനിക്ക് മലയാളം സംസാരിക്കാന്‍ അറിയില്ല. അമ്മയോട് മലയാളം പഠിപ്പിച്ചു തരണമെന്ന് പറഞ്ഞെങ്കിലും അത് സാദ്ധ്യമായില്ല. ഒരുപാട് മലയാള സിനിമകള്‍ കാണാറുണ്ട്. സബ്ടൈറ്റില്‍ ഉപയോഗിച്ചാണ് കാണാറുള്ളത്. മലയാളത്തിലെ അഭിനേതാക്കളോട് ആരാധനയാണ്. ‘സൂപ്പര്‍ ഡിലെക്സ് ‘ എന്ന ചിത്രത്തില്‍ ഫഹദിന്റെ അഭിനയം കണ്ടപ്പോള്‍ അത്ഭുതം തോന്നി’ സാമന്ത പറഞ്ഞു.
മലയാളത്തില്‍ സിനിമ ചെയ്യാന്‍ ഒരു അവസരം ലഭിച്ചാല്‍ എന്തായാലും ഭാഷ പഠിക്കുമെന്നും ഫഹദ് ഫാസിലിനൊപ്പം ഒരു മുഴുനീള ചിത്രം ചെയ്യാന്‍ താത്പര്യമുണ്ടെന്നും സാമന്ത വ്യക്തമാക്കി. മലയാളി താരങ്ങള്‍ക്കൊപ്പം അഭിനയിക്കുന്നതിനെ പറ്റിയും സാമന്ത സംസാരിച്ചു.
‘മലയാളി താരങ്ങള്‍ക്കൊപ്പം അഭിനയിക്കുന്നത് ഒരു ആക്ടിങ് സ്കൂളില്‍ പോകുന്നത് പോലെയാണ്. സാധാരണ ഗതിയില്‍ ആക്ടേഴ്സിന് ഒരു റിഥമുണ്ട്. ഈ സീനില്‍ സാമന്ത ഇതായിരിക്കും ചെയ്യാന്‍ പോവുക എന്ന് പറയാന്‍ പറ്റും. എന്നാല്‍ മലയാളി ആക്ടേഴ്സിന്റെ കാര്യത്തില്‍ സര്‍പ്രൈസുകള്‍ സംഭവിക്കാറുണ്ട്. ഫഹദ് ഫാസില്‍ ഇതായിരിക്കും ചെയ്യുക എന്ന് വിചാരിക്കും. എന്നാല്‍ അദ്ദേഹം അതായിരിക്കില്ല ചെയ്യുക. മിക്ക മലയാളി ആക്ടേഴ്സിനും അഭിനയത്തില്‍ ആ എഡ്ജ് ഉണ്ട്. അത് വളരെ ഇന്സ്പൈറിങ്ങാണ്,’ സാമന്ത പറഞ്ഞു.
ദിലീപ് നായകനായ ‘ക്രേസി ഗോപാല’നിൽ ആദ്യം നായിക ആവേണ്ടിയിരുന്നത് സാമന്ത ആയിരുന്നു എന്ന ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നടന്നു. സാമന്തയെ പിന്നീട് ചിത്രത്തില്‍ നിന്നും ഒഴിവാക്കുകയായിരുന്നു എന്നും ചര്‍ച്ചകളില്‍ പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ സാമന്ത തന്നെ മറുപടി നല്‍കുകയാണ്.
‘അന്ന് ദിലീപ് ചിത്രത്തിന്റെ സ്ക്രീന്‍ ടെസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്, ഇന്ന് ശാകുന്തളത്തിന്റെ പ്രൊമോഷനായി കേരളത്തില്‍ എത്തിയിക്കുന്നു, ഒരുപാട് ഓഡിഷനുകളില്‍ നിന്നും റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതൊക്കെ ഞാൻ മറന്നുപോയി.’
‘ഇതുവരെയുള്ള യാത്രയില്‍ എനിക്ക് ഫുള്‍ ക്രെഡിറ്റ് എടുക്കാനാവില്ല. ഇന്ഡസ്ട്രിയിലെ ഏറ്റവും മികച്ച ആളുകളുമൊത്ത് വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. എന്റെ വിജയം അവര്‍ക്കൊപ്പം പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു. എന്റെ കരിയറില്‍ പല സമയത്ത് ഒരു സ്റ്റെപ്പ് കൂടുതല്‍ മുന്നോട്ട് വെക്കാന്‍ സഹായിച്ചത് അവരാണ്,’ സാമന്ത പറഞ്ഞു.
യശോദയാണ് സാമന്തയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. വാടക ഗര്‍ഭധാരണത്തിന്റെ പുറകില്‍ നടക്കുന്ന മാഫികളുടെ കഥ പറഞ്ഞ ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് സാമന്തയാണ്. നടന് ഉണ്ണി മുകുന്ദന് നായകനായും വിലനായും ചിത്രത്തില്‍ അഭിനയിച്ചു.
അതേസമയം, ദിനേഷ് വിജന് നിര്‍മിക്കുന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് സാമന്ത. ആയുഷ്മാന്‍ ഖുറാനെയായിരിക്കും നായകനെന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു