ദില്ലി: ബിജെപിയിൽ ചേർന്നതിന് പിന്നാലെ കോൺഗ്രസിനെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആൻറണിയുടെ മകൻ അനിൽ ആൻറണി. കോൺഗ്രസ് ഒരു കുടുബത്തിന് വേണ്ടി പണിയെടുക്കുന്നു എന്നായിരുന്നു അനിൽ ആൻറണിയുടെ വിമർശനം. എന്നാൽ, ബിജെപി രാജ്യത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും ഇന്ത്യയെ ഉന്നതങ്ങളിലേക്ക് നയിക്കാനുള്ള കാഴ്ചപ്പാടാണ് മോദിക്കുള്ളതെന്നും അനിൽ ആൻറണി പറഞ്ഞു.
‘ധർമ്മത്തെ രക്ഷിച്ചാൽ ധർമ്മം നമ്മെ കാത്ത് രക്ഷിക്കും’ എന്ന സംസ്‌കൃത ശ്ലോകം ഉദ്ധരിച്ചായിരുന്നു അനിൽ ആൻറണിയുടെ ബിജെപി പ്രവേശനം. കോൺഗ്രസ് നേതാക്കൾ ഒരു കുടുംബത്തിനായി പ്രവർത്തിക്കുമ്പോൾ താൻ രാജ്യത്തിനായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു അനിലിൻറെ വിശദീകരണം. പിതാവിനോടുള്ള സ്നേഹവും ബഹുമാനവും അതുപോലെ നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് വ്യക്തിത്വത്തെ കുറിച്ചുള്ള പ്രശ്നമല്ല. ആശയപരമായ വ്യത്യാസമാണ്. ശരിയായ തീരുമാനമാണ് എടുത്തതെന്ന് ഞാൻ വിശ്വസിക്കുന്നതെന്നും അനിൽ ആൻറണി മാധ്യമങ്ങളോട് പറഞ്ഞു.
ബിബിസി ഡോക്യുമെൻററി വിവാദത്തെ തുടർന്നാണ് അനിൽ ആന്റണി കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറായിരുന്നു അനിൽ ആൻറണി. ബിബിസിയുടെ നടപടി ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും മുൻവിധിയുടെ ചരിത്രമുള്ള ചാനലാണ് ബിബിസിയെന്നും, ഇറാക്ക് യുദ്ധത്തിൻറെ തലച്ചോറായിരുന്നു മുൻ യു കെ വിദേശകാര്യസെക്രട്ടറി ജാക് സ്ട്രോയെന്നും അനിൽ ആൻറണി ട്വീറ്റ് ചെയ്തിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനമുന്നയിച്ച കോൺഗ്രസ് നേതൃത്വത്തിന് ഇത് തിരിച്ചടിയായിരുന്നു.