മലപ്പുറം: മകനെ അന്യായമായി പോലീസ് തടങ്കലിലാക്കിയതായി ആരോപിച്ച് വിട്ടുകിട്ടാന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ചെയ്ത് മാതാവ്. പരപ്പനങ്ങാടി പുത്തന്‍കടപ്പുറം സ്വദേശി പള്ളിച്ചിന്റെ പുരക്കല്‍ കുഞ്ഞാവയുടെ മകന്‍ റഹൂഫിനെ(29) വിട്ടുകിട്ടാന്‍ വേണ്ടിയാണ് മാതാവ് സുലൈഖ ഹൈകോടതിയെ സമീപിച്ചത്. മകനെ പോലീസ് ആറുദിവസമായി അന്യായമായി തടങ്കലില്‍വെച്ചിരിക്കുന്നതെന്നാണു പരാതി. മാതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്, ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ എന്നിവരുടെ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.
കഴിഞ്ഞ 28 നാണ് റഹൂഫിനെ പോലീസ് പരപ്പനങ്ങാടിയിലെ ഷോപ്പില്‍നിന്നു പിടിച്ചു കൊണ്ട് പോയത്. മകനെ സ്ഥിരം കുറ്റവാളിയായി ചിത്രീകരിക്കാന്‍ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലെ ഉള്‍പ്പെടെ ചില ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുകയാണെന്നു പരാതിയില്‍ പറയുന്നു. മകനെ കേസില്‍ കുടുക്കുമെന്നു പോലീസ് തങ്ങളോട് പറഞ്ഞിരുന്നുവെന്ന് പിതാവ് പള്ളിച്ചിന്റെ പുരക്കല്‍ കുഞ്ഞാവ ആരോപിച്ചു. കഴിഞ്ഞ 14 ന് പോലീസ് വിളിപ്പിച്ചതനുസരിച്ചു സ്റ്റേഷനില്‍ മകന്‍ എത്തിയിരുന്നു. എന്നാല്‍, അതേസമയത്ത് മറ്റൊരു സ്ഥലത്ത് കുറ്റകൃത്യം ചെയ്യാന്‍ പോവുന്നതായി കാണപ്പെട്ടു എന്ന രീതിയില്‍ പോലീസ് സ്വമേധയ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. അത് കള്ളക്കേസാണെന്ന് തെളിയിക്കാന്‍ മകന്‍ പോലീസ് സ്റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിക്കാന്‍ വിവരാവകാശം നല്‍കിയിട്ടുണ്ട്.
പോലീസ് ദുരുദ്ദേശപരമായാണ് മകനെ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുള്ളതെന്നും ജീവന്‍ അപകടത്തിലാണെന്നും പോലീസ് പ്രതികരിക്കാന്‍ തയ്യാറാവുന്നില്ലെന്നുമാണ് ഇവരുടെ പരാതി. ‘ഹേബിയസ് കോര്‍പസ്’ ഫയല്‍ ചെയ്തതിനു ശേഷം ചില പോലീസ് ഉദ്യോഗസ്ഥര്‍ മകനെ കൊണ്ട് വാട്സാപ്പ് വഴി വിളിപ്പിച്ചിരുന്നെന്നും നിര്‍ബന്ധിപ്പിച്ചു പറയുന്ന രീതിയില്‍ ഞാന്‍ പാലക്കാട് ഭാഗത്തു നിന്നാണെന്നു പറയുകയും കേസ് പിന്‍വലിക്കണമെന്നും മറ്റും പറഞ്ഞതായും മാതാവ് പറഞ്ഞു. മകന്റെ ഫോണില്‍ നിന്നും വിളിക്കുന്നവര്‍ പോലീസ് ആണെന്ന രീതിയിലാണ് സംസാരിക്കുന്നതെങ്കിലും കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറാവുന്നില്ലെന്നും സുലൈഖ പറഞ്ഞു.
പോലീസ് ഇല്ലാത്ത സമയം നോക്കി വീട്ടുകാരെ വിളിച്ച റഹൂഫ് കരയുകയും തന്നെ രക്ഷപ്പെടുത്തണമെന്നും, അഭിഭാഷകനെ വിളിച്ചു തന്നെ കൊണ്ട് മൂന്ന് പേപ്പറുകളില്‍ ഒപ്പിടിച്ചിട്ടുണ്ടെന്നും കേസ് പിന്‍വലിപ്പിച്ചില്ലെങ്കില്‍ തന്നെ മൂന്ന് കേസില്‍ ഉള്‍പെടുത്തുമെന്നും മറ്റും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞതായും വീട്ടുകാര്‍ പറയുന്നു.