Movie

പാട്ടിന്റെ പാലാഴി തീർത്ത എ.ബി രാജിന്റെ ‘പ്രസാദം’ പ്രദർശനത്തിനെത്തിയിട്ട്‌ ഇന്ന് 47 വർഷം

സിനിമ ഓർമ്മ

സുനിൽ കെ ചെറിയാൻ

‘പുലയനാർ മണിയമ്മ’യുമായി വന്ന് പ്രേക്ഷകരുടെ മനം കവർന്ന ‘പ്രസാദ’ത്തിന് 47 വർഷപ്പഴക്കം. 1976 ഏപ്രിൽ ഒന്നിനാണ് ടി.കെ ബാലചന്ദ്രൻ നിർമ്മിച്ച് (ടീക്കേബി എന്ന ബാനർ) എ.ബി രാജ് സംവിധാനം ചെയ്‌ത ഈ ചിത്രം പ്രദർശനശാലകളിലെത്തിയത്. നിർമ്മാതാവിന്റെ കഥയ്ക്ക് എസ്.എൽ പുരം സംഭാഷണമെഴുതി.
പി ഭാസ്‌ക്കരൻ- ദക്ഷിണാമൂർത്തി ടീമിന്റെ ഗാനങ്ങൾ ആസ്വാദകമനസുകളിൽ ഇന്നും സുഗന്ധം പരത്തുന്നു.

ജയഭാരതിയും നസീറും പ്രണയിതാക്കളായിരുന്നു. ജയഭാരതിക്ക് ‘നല്ലൊരു’ ആലോചന വന്നപ്പോൾ ജയഭാരതിയുടെ അച്ഛൻ ശങ്കരാടി നസീറിനോട് ഒഴിവായിത്തന്ന് സഹായിക്കണമെന്ന് അപേക്ഷിച്ചു. നസീർ ആ നാട് വിട്ടുപോയി. പക്ഷെ അതിനോടകം ‘പാട്ടിന്റെ ലഹരിയിൽ മുങ്ങി’ ജയഭാരതി ഗർഭിണിയായിരുന്നു. കല്യാണം കഴിച്ച ജനാർദ്ദനൻ പെൺവാണിഭക്കാരനായത് കൊണ്ട് അവിടെ നിന്നും ഓടിപ്പോയി. ജയഭാരതി മറ്റൊരു വീട്ടിൽ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു.
അന്യനാട്ടിൽ മറ്റൊരു വീട്ടിൽ അഭയം തേടിയ നസീർ അവിടുത്തെ പെൺകുട്ടിയെ കല്യാണം കഴിച്ചു. നസീറിന് ഒരു പെൺകുഞ്ഞിനെ കൊടുത്ത് ആദ്യപ്രസവത്തോടെ അവൾ മരിക്കുകയാണ്. ഇതിനിടയ്‌ക്ക് ജയഭാരതിയുടെ കുഞ്ഞിനെ ഭിക്ഷക്കാർ തട്ടിയെടുക്കുകയും, എന്തിനധികം പറയേണ്ടൂ, ആ കുഞ്ഞ് നസീറിന്റെ കയ്യിലെത്തുകയും ചെയ്‌തു.
കുഞ്ഞിനെ നഷ്‌ടമായ അന്ന് മുതൽ ജയഭാരതിക്ക് മിണ്ടാട്ടമില്ല. നസീർ ‘പുലയനാർ മണിയമ്മ’ (യേശുദാസ് വേർഷൻ) പാടി. ഇളം കാറ്റിലിളകുന്ന വല്ലി പോലെ അവൾ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നു.

‘ഗാനത്തിൻ കല്ലോലിനിയിൽ’ (വാണി ജയറാം) എന്നൊരു നല്ല പാട്ടു കൂടാതെ യേശുദാസ് പാടിയ ഒരു ഹാസ്യഗാനവുമുണ്ടായിരുന്നു ചിത്രത്തിൽ.

Back to top button
error: