Movie

മലയാളികളുടെ ‘അർജ്ജുനൻ മാഷ്’ അരങ്ങേറ്റം കുറിച്ച ‘കറുത്ത പൗർണ്ണമി’ എത്തിയിട്ട് 55 വർഷം

സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ

   എം.കെ അർജ്ജുനൻ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച ‘കറുത്ത പൗർണ്ണമി’ക്ക് 55 വർഷപ്പഴക്കം. 1968 മാർച്ച് 29 നാണ് ‘ഹൃദയമുരുകി നീ കരയില്ലെങ്കിൽ,’ ‘മാനത്തിൻ മുറ്റത്ത് മഴവില്ലാലഴ കെട്ടും’ എന്നീ പി ഭാസ്‌ക്കരൻ ഗാനങ്ങളോടെ വന്ന ഈ ചിത്രം റിലീസ് ചെയ്‌തത്‌. കൊല്ലം കാളിദാസ കലാകേന്ദ്രത്തിൽ വച്ച് ദേവരാജന്റെ ഹാർമോണിസ്റ്റായി പ്രവർത്തിച്ചു വരവേ, നാടകകൃത്തും ‘കറുത്ത പൗർണ്ണമി’യുടെ തിരക്കഥാകൃത്തുമായ സി.പി ആന്റണിയാണ് സിനിമയിലേയ്ക്ക് എം.കെ അർജ്ജുനനെ ക്ഷണിക്കുന്നത്. സംവിധായകൻ നാരായണൻകുട്ടി വല്ലത്തും പ്രോത്സാഹിപ്പിച്ചു. സിനിമ പരാജയമായെങ്കിലും സംഗീത സംവിധായകൻ വിജയമായി.

Signature-ad

മലമ്പനി ബാധിച്ച പ്രദേശത്ത് ഒരു ഹോസ്പിറ്റൽ പണി കഴിപ്പിക്കുന്നതിനായി വരുന്ന ഡോക്ടർ കുഞ്ഞുമോൾ (ശാരദ). ഏറെ നാൾ മുൻപ് ഡോക്ടർക്ക് അവിടെ ഒരു കൂട്ടുകാരനുണ്ടായിരുന്നു- ഗായകൻ ബാലു (മധു). അന്ന് ഹൃദയം കൈമാറിയ കൂട്ടത്തിൽ കാമുകി കാമുകന്റെ വിരലിൽ ഒരു നീലരത്നനഖചിത മോതിരം അണിയിച്ചു. ഒഴിവുകാലം കഴിഞ്ഞ് മടങ്ങവേ, ‘പൊൻകിനാവിൻ പുഷ്പരഥത്തിൽ പോയ് വരൂ നീ’ എന്ന് പാടി കാമുകൻ കാമുകിയെ യാത്രയാക്കി.
കാമുകിയുടെ വീട്ടിൽ വിവരങ്ങൾ അറിഞ്ഞപ്പോൾ ബാലുവിനെ അന്വേഷിച്ച് വരാമെന്ന് പറഞ്ഞ് പോയ സഹോദരൻ വാസ്‌തവത്തിൽ ബാലുവിനെ കൊന്ന് കുഴിച്ചു മൂടുകയായിരുന്നു. വർഷങ്ങൾക്കിപ്പുറം ആശുപത്രിക്കായി കുഴിച്ച സ്ഥലത്ത് കണ്ടെത്തിയ അസ്ഥികൂടത്തിന്റെ വിരലിൽ ഒരു മോതിരമുണ്ടായിരുന്നു.
ആ നീലരത്നനഖചിതം….!

ചിത്രം നിർമ്മിച്ച എൻ.ജി മേനോൻ തന്റെ പ്രൊഡക്ഷൻ കമ്പനിക്കിട്ട പേര് ബർണാഡ് ഷാ പിക്‌ചേഴ്‌സ് എന്നായിരുന്നു. ഈയൊരു ചിത്രം മാത്രമേ ബർണാഡ് ഷാ നിർമ്മിച്ചുള്ളൂ. സംവിധായകനും പിന്നീട് മറ്റൊരു ചിത്രവുമായി വെളിച്ചത്തിലേയ്ക്ക് വന്നില്ല.
പക്ഷെ ‘വെള്ളിവെളിച്ച’ത്തിലേയ്ക്ക് വന്നത് സംഗീത സംവിധായകനായിരുന്നു. ദേവരാജൻ, ബാബുരാജ്, ദക്ഷിണാമൂർത്തി, കെ രാഘവൻ എന്നിവർ കത്തിജ്വലിച്ചു നിന്ന കാലത്താണ് എം.കെ അർജ്ജുനൻ വന്നതും പിന്നീട് മലയാളികളുടെ ‘അർജ്ജുനൻ മാഷാ’യതും.

Back to top button
error: