ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ സവര്‍ക്കര്‍ വിമര്‍ശനത്തില്‍ ഉദ്ദവ് താക്കറെ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ മധ്യസ്ഥശ്രമവുമായി എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍. ശിവസേനയുടെ ആശങ്ക പവാര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. സവര്‍ക്കര്‍ വിമര്‍ശനം തുടര്‍ന്നാല്‍ മഹാരാഷ്ട്രയില്‍ സഖ്യത്തെ ദോഷകരമായി ബാധിച്ചേക്കുമെന്നും പവാര്‍ ധരിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് പവാര്‍ ഇക്കാര്യം ഉന്നയിച്ചത്. യോഗത്തില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സന്നിഹിതരായിരുന്നു. സവര്‍ക്കര്‍ ആര്‍.എസ്.എസ്. നേതാവായിരുന്നില്ലെന്നും പ്രതിപക്ഷ കക്ഷികളുടെ പോരാട്ടം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെയാണെന്ന് പവാര്‍ ഓര്‍മിപ്പിച്ചു.
പവാറിന്റെ ഇടപെടലിനെ തുടര്‍ന്ന് സവര്‍ക്കര്‍ക്കെതിരായ വിമര്‍ശനം കോണ്‍ഗ്രസ് മയപ്പെടുത്തുമെന്ന് ഉറപ്പ് നല്‍കിയതായി യോഗത്തില്‍ പങ്കെടുത്ത നേതാക്കളെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. ലണ്ടനില്‍ നടത്തിയ പ്രസ്താവനയില്‍ മാപ്പ് പറയണമെന്ന ബി.ജെ.പി. ആവശ്യത്തോട് പ്രതികരിക്കവെയായിരുന്നു രാഹുല്‍ സവര്‍ക്കറെ പരാമര്‍ശിച്ചത്. മാപ്പ് പറയാന്‍ താന്‍ സവര്‍ക്കറല്ലെന്നും ഗാന്ധിയാണെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.
ഇതിനെതിരെ ഉദ്ദവ് താക്കറെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സവര്‍ക്കര്‍ തങ്ങളുടെ ദൈവമാണെന്നും സഖ്യത്തിന് വിള്ളലുണ്ടാക്കുന്ന പ്രസ്താവനകളില്‍ നിന്ന് രാഹുല്‍ പിന്മാറണമെന്നമായിരുന്നു ഉദ്ദവിന്റെ ആവശ്യം.