KeralaNEWS

കലാ കേരളത്തിന് മറ്റൊരു നഷ്ടം കൂടി; നാടക പ്രവര്‍ത്തകനും നടനുമായ വിക്രമന്‍ നായര്‍ അന്തരിച്ചു

കോഴിക്കോട്: മലയാളികളുടെ പ്രിയ താരം ഇന്നസെന്റിനെ വേര്‍പാടിന്റെ ദുഖത്തില്‍ ഇരിക്കുന്ന മലയാളികളെ തേടി മറ്റൊരു ദുഖ വാര്‍ത്തയും. നാടക പ്രവര്‍ത്തകനും നടനും സംവിധായകനുമായ വിക്രമന് നായര് (77) അന്തരിച്ചു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചികിത്സയില്‍ ഇരിക്കേയായിരുന്നു മരണം.

നിരവധി നാടകങ്ങളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.സ്‌കൂള്‍ പഠന കാലത്ത് തന്നെ നാടകത്തില്‍ സജീവമായിരുന്നു. പ്രമുഖ നാടക പ്രവര്‍ത്തകരായ തിക്കോടിയന്‍, കെ ടി മുഹമ്മദ് എന്നിവരോടൊപ്പം നിരവധി നാടകങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

തിക്കോടിയന്റെ മഹാഭാരതം എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നായക നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്. സ്റ്റേജ് ഇന്ത്യ എന്ന പേരില്‍ സ്വന്തമായി നാടക ട്രൂപ്പിന് രൂപം നല്‍കിയിരുന്നു.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം, വൈറസ്, പാലേരി മാണിക്യം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.ലക്ഷ്മിയാണ് ഭാര്യ. ദുര്‍ഗ, സരസ്വതി എന്നിവര്‍ മക്കളാണ്.

 

Back to top button
error: