തൃശ്ശൂര്‍: അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിന് വിട ചൊല്ലി നടന്‍ ഇന്നസെന്റിന്റെ മൃതദേഹം സംസ്‌കരിച്ചു. ഇരിങ്ങാലക്കുടയിലെ വീടിന് സമീപത്തെ സെന്റ് തോമസ് കത്രീഡല്‍ പള്ളിയില്‍ രാവിലെ 11 മണിയോടെയായിരുന്നു സംസ്‌കാരം. പ്രിയ നടനെ അവസാനമായി ഒരു നോക്ക് കാണാന്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് എത്തിയത്.
രാവിലെ വീട്ടില്‍ സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷമാണ് മൃതദേഹം പളളിയിലേക്ക് കൊണ്ടുപോയത്. ഇവിടെ സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്‌കാരം. മന്ത്രി ചിഞ്ചു റാണിയുള്‍പ്പെടെയുള്ളവര്‍ ഇന്നസെന്റിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ പള്ളിയില്‍ എത്തിയിരുന്നു. മാതാപിതാക്കള്‍ക്കൊപ്പമാണ് ഇന്നസെന്റിന് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്.
ഞായറാഴ്ച രാത്രി 10.30 യോടെയായിരുന്നു ഇന്നസെന്റ് അന്തരിച്ചത്. കോവിഡിനെ തുടര്‍ന്ന് ശ്വാസകോശത്തിലുണ്ടായ അണുബാധയും ചികിത്സയ്ക്കിടെ ഉണ്ടായ ഹൃദയാഘാതവുമാണ് മരണത്തിലേക്ക് നയിച്ചത്. ഈ മാസം ആദ്യ വാരം ആയിരുന്നു അദ്ദേഹത്തെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഇന്നസെന്റ് ആരോഗ്യം വീണ്ടെടുത്തിരുന്നു. എന്നാല്‍ പിന്നീട് ആരോഗ്യനില വീണ്ടും മോശമാവുകയായിരുന്നു.