KeralaNEWS

വാഫി, വഫിയ്യ തര്‍ക്കത്തില്‍ സമസ്തയും പാണക്കാട് തങ്ങള്‍മാരും നേര്‍ക്കുനേര്‍

കോഴിക്കോട്: സി.ഐ.സി തര്‍ക്കത്തില്‍ സമസ്തയും പാണക്കാട് തങ്ങള്‍മാരും നേര്‍ക്കുനേര്‍. വാഫി,വഫിയ്യ കോഴ്സുകള്‍ വിജയിപ്പിക്കണമെന്ന സാദിഖലി തങ്ങളുടെ അഭ്യര്‍ത്ഥനക്കെതിരെയാണ് സമസ്ത നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

പാണക്കാട് സയ്യിദ് സാദിഖലി ഉള്‍പ്പെടെ നാല് തങ്ങള്‍മാരാണ് വാഫി, വഫിയ്യ സ്ഥാപനങ്ങളുടെ ഈ വര്‍ഷത്തെ അഡ്മിഷന്‍ പ്രഖ്യാപിച്ചത്. ഹക്കീം ഫൈസിയുടെ രാജി ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നിരിക്കെ പാണക്കാട് തങ്ങള്‍മാരുടെ ഈ നീക്കം സമസ്തയെ ചൊടിപ്പിച്ചു. ഹക്കീം ഫൈസിയുടെ രാജി സ്വീകരിച്ച് സി.ഐ.സിയെ ദുര്‍ബലപ്പെടുത്താന്‍ സമസ്ത സാദിഖലി തങ്ങളെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ തങ്ങളുടെ ഭാഗത്ത് നിന്ന് ഇതിനുള്ള നീക്കമുണ്ടായില്ലെന്നാണ് സമസ്തയുടെ വിമര്‍ശനം.ഇതോടെയാണ് പരസ്യ വിമര്‍ശനവുമായി നേതാക്കള്‍ രംഗത്തെത്തിയത്.

സമസ്ത വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സ്ഥാപനങ്ങളില്‍ കുട്ടികളെ പഠിപ്പിക്കരുതെന്ന് എസ്.വൈ.എസ് ഓര്‍ഗനൈസിങ് സെക്രട്ടറി ഹമീദ് ഫൈസി ആവശ്യപ്പെട്ടു. സമസ്തയെ വെല്ലുവിളിക്കുന്നവരുടെ കോഴ്സുകളുടെ പ്രചാരകരാവരുതെന്ന് എസ്.വൈ.എസ് ഓര്‍ഗനൈസിങ് സെക്രട്ടറി അബ്ദുള്‍ഹമീദ് ഫൈസി അമ്പലക്കടവ് ഫെയ്സ്ബുക്കില്‍ കുറിച്ചു. കേരളത്തിലേത് സങ്കുചിത ഇസ്ലാമാണെന്നും നമുക്ക് വേണ്ടത് ആഗോള ഇസ്ലാമാണെന്നും പഠിപ്പിച്ച് വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കുന്നവരുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് കുട്ടികളെ ബലിനല്‍കരുത്. സമസ്തയെ അനുസരിക്കുന്ന സ്ഥാപനങ്ങളിലാണ് വിദ്യാര്‍ത്ഥികളെ ചേര്‍ക്കേണ്ടതെന്നും ഹമീദ് ഫൈസി വ്യക്തമാക്കി. വാഫി, വഫിയ്യ കോഴ്സുകളെ തള്ളിപ്പറഞ്ഞ് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റികളും പ്രസ്താവനയിറക്കി.

അതേസമയം, പാണക്കാട് തങ്ങള്‍മാരെ അംഗീകരിക്കാത്തവരാണ് വാഫി, വഫിയ്യ കോഴ്സുകളെ തള്ളിപ്പറയുന്നതെന്ന വിമര്‍ശനവുമായി ഹക്കീം ഫൈസി പക്ഷവും രംഗത്തുണ്ട്. പാണക്കാട് തങ്ങള്‍മാരുടെ ആഹ്വാനത്തെ സമസ്ത നേതാക്കള്‍ തള്ളിപ്പറഞ്ഞ സാഹചര്യത്തില്‍ ഞായറാഴ്ച ചേരുന്ന സമസ്ത മുശാവറ യോഗത്തില്‍ സുപ്രധാനമായ ചില തീരുമാനങ്ങളുണ്ടാവുമെന്നാണ് സൂചന.

 

 

Back to top button
error: