പോത്താണ് കാലന്റെ വാഹനം എന്നാണ് പൊതുവേയുള്ള പറച്ചിൽ.എന്നാൽ ഇന്ത്യയിൽ പശുവിന്റെ പുറത്തേറി കാലൻ സഞ്ചരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി.കൃത്യമായി പറഞ്ഞാൽ 2014 മേയ് 20-മുതൽ.
യുപിയിലെ ദാദ്രിയിൽ ഗോമാംസം ഫ്രിഡ്ജിൽ സൂക്ഷിച്ചുവെന്നാരോപിച്ച് ഒരു വയോധികനെ തല്ലിക്കൊന്നത് ഓർമ്മയില്ലേ..? തീർന്നില്ല,.മധ്യപ്രദേശിലെ സവായികേഡ ഗ്രാമത്തിൽ ഇരുപത്തഞ്ചോളം യുവാക്കളെ നൂറോളം വരുന്ന ഗോരക്ഷകർ കെട്ടിയിട്ടു മർദ്ദിച്ചതും ഇതിന്റെ തൊട്ടടുത്ത ദിവസങ്ങളിലായിരുന്നു..ചന്തയിലേ ക്ക് കാലികളെ കടത്താൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം..മധ്യപ്രദേശിലെ തന്നെ മാന്ദ്സോറിൽ ബീഫ് കൈവശം വച്ചെന്നാരോപിച്ച് പോലീസ് നോക്കി നിൽക്കെ മുസ്ലിം സ്ത്രീകളെ ഗോരക്ഷകർ ആക്രമിച്ചതും അടുത്ത കാലത്തുതന്നെ.ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നില്ല.ആദ്യത്തെ മോദി സർക്കാരിന്റെ കാലം മുതൽ തന്നെ രാജ്യത്തെ അടിയന്തര പ്രാധാന്യമുള്ള ഒരു വിഷയമായി പശു മാറിക്കഴിഞ്ഞിരുന്നു.അല്ലെങ്കിൽ മാറ്റിക്കഴിഞ്ഞിരുന്നു.
രണ്ടായിയിരത്തിപ്പതിനാലിൽ മോദി സർക്കാർ അധികാരമമേറ്റശേഷം ഇതുവരെയായി ഏകദേശം നാന്നൂറോളം ആക്രമണങ്ങളാണ്(റിപ്പോർട്ട് ചെയ്തത് മാത്രം) പശുവിന്റെ പേരിലായി ഈ രാജ്യത്ത് നടന്നിട്ടുള്ളത്.ഇതിൽ പലതും നടന്നതാകട്ടെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലും.ദൗർഭാഗ്യമെന്നു പറയട്ടെ ഇവിടെയെല്ലാം പൊലീസ് അറസ്റ്റു ചെയ്തത് ഇരകളെയോ അവരുടെ കുടുംബാംഗങ്ങളെയോ മാത്രമായിരുന്നു.അക്രമികളിൽ ഒരാളുടെ നേർക്കുപോലും ചെറുവിരലനക്കാൻ ആ പ്രദേശങ്ങളിലെ പോലീസ് തയ്യാറായില്ല !
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ.സാമ്പത്തിക സൈനിക മേഖലയിൽ ലോകത്തിലെ തന്നെ മുൻനിര രാജ്യങ്ങളിൽ ഒന്ന്. അതിലുപരി മതാതീത മാനവികതയ്ക്ക് പേരുകേട്ട രാജ്യവും. ഈ രാജ്യത്താണ് അത് ഭക്ഷണത്തിന്റെ പേരിലായാലും ഉപജീവനമാർഗ്ഗത്തിന്റെ പേരിലായാലും ഇനി മറ്റെന്തിന്റെ പേരിലായാലുമൊക്കെ ജനങ്ങൾ ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതുമൊക്കെ.അതും ഭരിക്കുന്നവരുടെ മൗനാനുവാദത്തോടെ എന്നോർക്കണം.
മതമൗലികവാദികളുടെ നിയന്ത്രണത്തിലുള്ള രാജ്യങ്ങളിൽ മറ്റു പല കാര്യങ്ങൾക്കെന്നപോലെ ഭക്ഷണത്തിന്റെ കാര്യത്തിലും നിയന്ത്രണങ്ങളുണ്ടാവാം.സൗദി അറേബ്യയിൽ പന്നിയിറച്ചിക്ക് നിയന്ത്രണമുണ്ട്.അതേസമയം ജനസംഖ്യയിൽ മുസ്ലീങ്ങൾ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ അതിനു നിരോധനമില്ല.അതുതന്നെയായിരുന്നു മാട്ടിറച്ചിയുടെ കാര്യത്തിലും വേണ്ടിയിരുന്നത്.കഴിക്കുന്നവർ കഴിക്കട്ടെ.അല്ലാത്തവർ തിരിഞ്ഞു പോലും നോക്കേണ്ടതില്ലായിരുന്നു.പക്ഷെ നടന്നത് നേർ വിപരീതവും.ഒരുപക്ഷെ മാട്ടിറച്ചി കഴിക്കാത്ത ഹിന്ദുക്കളെക്കാൾ മാട്ടിറച്ചി കഴിക്കുന്ന ഹിന്ദുക്കളാവും ഇന്ത്യയിൽ കൂടുതലുള്ളത്.എന്നിട്ടുപോലും!
ബഹുസ്വരതയ്ക്ക് പേർകേട്ട നമ്മുടെ രാജ്യത്ത് എന്നുമുതൽക്കാണ് ഭക്ഷണങ്ങളുടെ മേൽ നിയന്ത്രണങ്ങളായി തുടങ്ങിയത്? പായസവും ബിരിയാണിയുമൊക്കെ എന്നുമുതലാണ് ഈ രാജ്യത്ത് ‘മതഭക്ഷണ’ങ്ങളായി മാറിയത്!നമുക്കൊക്കെ അറിയാം,നമ്മുടെ പൂർവികർ/ആദിമമനുഷ്യർ വേട്ടയാടിയും മൃഗങ്ങളെ കൊന്നുതിന്നുമാണ് ജീവിച്ചുപോന്നിരുന്നതെന്ന്.മിക് ക വിശുദ്ധ ഗ്രന്ഥങ്ങളിലും മൃഗബലിയെപ്പറ്റിയും മാംസാഹാരം കഴിച്ചിരുന്നതിനെപ്പറ്റിയും സൂചനകളുണ്ട്.ആസാമിലെ കാമാഖ്യ ക്ഷേത്രം പോലെ മൃഗബലി നടക്കുന്ന സ്ഥലങ്ങൾ ഇന്നും ഇന്ത്യയിലുണ്ട്.അവിടുത്തെ പൂജാരികളും മറ്റുള്ള
ക്ഷേത്ര ഭാരവാഹികളുമൊക്കെയാണ് ആ ഇറച്ചി പങ്കിട്ടെടുക്കുന്നതും.ബ്രാഹ് മണർ വേദകാലഘട്ടത്തിൽ ഇറച്ചി കഴിച്ചിരുന്നു എന്നു മാത്രമല്ല,കാളകൾ, പശുക്കൾ എന്നിങ്ങനെ എന്തിനെയെല്ലാം ബലി നൽകുകയും ചെയ്തിരുന്നു!
പശു,കാള,കുതിര,പോത്ത്..എന്നി വയെ ഇന്ദ്രൻ ഭക്ഷിച്ചിരുന്നു(ഋഗ്വേദം 6/17)
ഭക്ഷിക്കാവുന്ന ഏതു മൃഗങ്ങളുടെയും മാംസം മനുഷ്യന് ഭക്ഷിക്കാവുന്ന താണ് (മനുസ്മൃതി-അധ്യായം അഞ്ച്, ശ്ലോകം മുപ്പത്)
പൗരാണിക കാലങ്ങളിൽ പശുവിറച്ചി കഴിക്കാത്തവരെ ഉത്തമ ഹിന്ദുക്കളായി കണക്കാക്കിയിരുന്നില്ല(സ്വാമി വിവേകാനന്ദൻ-സമ്പൂർണ്ണ കൃതികൾ,പുറം-536)
ബൃഹദാരണ്യകോപനിഷത്തിലാകട്ടെ സന്താനലാഭത്തെക്കുറിച്ച് വിവരിക്കുന്ന ഭാഗത്ത് വാഗ്മിയും ഭരണനിപുണനത്തിനും വേദങ്ങളിൽ പ്രാവീണ്യമുള്ളവനുമായ പുത്രനുണ്ടാകാൻ ദമ്പതിമാർ ചോറും കാളയുടെ മാംസം നെയ് ചേർത്ത് കഴിക്കാനും ഉപദേശിക്കുന്നുണ്ട്.മദ്യവും മാംസവും വച്ചു പൂജിക്കുന്ന എത്രയോ ഹിന്ദു ഭവനങ്ങൾ ഇന്നും ഇന്ത്യയിലുണ്ട്. പിന്നെ എന്നുമുതലാണ് ഹൈന്ദവരിൽ ഒരു ഭാഗമെങ്കിൽ ഒരു ഭാഗം(കൂടുതലും വടക്കെ ഇന്ത്യക്കാർ) മാംസാഹാരം വർജ്ജിച്ചതെന്ന് ചോദിച്ചാൽ ബുദ്ധിസത്തിന്റെ കടന്നു വരവോടെയാണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.മൃഗബലിയെയും മൃഗഹത്യയെയും ജൈനമതവും എതിർത്തിരുന്നു.ഇതിൽ നിന്നുതന്നെ വ്യക്തമാണല്ലോ ഇന്ത്യയിൽ ഗോഹത്യ നിലനിന്നിരുന്നുവെന്നത്(ഇല്ലാത് ത ഒരു കാര്യത്തെ ആർക്കും എതിർക്കേണ്ടതില്ലല്ലോ!) ബൗദ്ധ-ജൈന വീക്ഷണങ്ങളിൽ പ്രാമുഖ്യമുണ്ടായിരുന്ന അഹിംസാ സിദ്ധാന്തമാണ് മാംസാഹാരത്തെ വർജ്ജിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചതും മൃഗങ്ങളെ കൊല്ലരുത് എന്ന ആശയത്തെ ഇന്ത്യയിൽ ശക്തിപ്പെടുത്തിയതും.അല്ലാതെ ഒരു
ഗോസംരക്ഷകന്റെയും ശ്രമഫലമായിട്ടല്ല.
ഇന്ന് പക്ഷെ ജനങ്ങളെ സംഘടിപ്പിക്കുന്നതിനുള്ള ഒരു രാഷ്ട്രീയ ആയുധം മാത്രമാണ് പശു.1870-ൽ സിഖ് മതത്തിലെ ചില വിഭാഗങ്ങൾക്കൊപ്പം പഞ്ചാബിൽ ആരംഭിച്ച സംഘടിത ഹിന്ദു ഗോസംരക്ഷണ പ്രസ്ഥാനമാണ് പശുവിന്റെ പേരിൽ രാജ്യത്ത് ആദ്യം പ്രക്ഷോഭം നടത്തിയത്.1882-ൽ ദയാനന്ദ സരസ്വതി ആരംഭിച്ച ഗോസംരക്ഷിണി സഭ ഇതിന് കൂടുതൽ ശക്തി പകർന്നുകൊണ്ട് മുസ്ലീങ്ങൾക്കെതിരെ തിരിയുകയും 1880-90 കാലഘട്ടത്തിനുള്ളിൽ ഒട്ടനവധി വർഗ്ഗീയകലാപങ്ങൾ നടത്തുകയും ചെയ്തു.ഒപ്പം വിശാലമായ ഒരു ജനവിഭാഗത്തെ സംഘടിപ്പിക്കുന്നതിനായി പശുവിനെ അവർ അതിസമർത്ഥമായി ഉപയോഗിക്കുകയും ചെയ്തു.അതുതന്നെയല്ലേ ഇന്നത്തെ ബിജെപി സർക്കാരും പിന്തുടരുന്നത്?
ഋഗ്വേദത്തിന്റെ പത്താം മണ്ഡലത്തിലെ സൂക്തത്തിൽ ഇന്ദ്രൻ ഇങ്ങനെ പറയുന്നു:അവർ(ഋഷിമാർ) എനിക്കായി മുന്നൂറോളം പശുക്കളെ അറുത്തു ഹോമിച്ചു.പത്താം മണ്ഡലത്തിലെ തന്നെ മറ്റൊരു സൂക്തം: വാളുകൊണ്ട് അറുത്തോ മഴുകൊണ്ട് വെട്ടിയോ കൂടം കൊണ്ട് ഇടിച്ചോ വേണം യജ്ഞത്തിനായി ഗോക്കളെ കൊല്ലാൻ!
ഗോമാതാവിന്റെ പാൽ നമുക്കു വേണം.തൈരും നെയ്യും വേണം.അതിന്റ തോലുകൊണ്ട് ഉണ്ടാക്കുന്ന ബാഗും ബെൽറ്റും ചെരുപ്പും വേണം.എല്ലുപൊടി ഒന്നാന്തരം വളവുമാണ്.പക്ഷെ കൊല്ലാൻ പാടില്ല! കറവ പറ്റിയ പശുക്കളെ ഗോരക്ഷർ പിന്നീട് എ.സി റൂമിലിട്ട് വളർത്തുകയാണോ ചെയ്യുന്നത്? ബാധ്യത ഏറ്റെടുക്കാൻ വയ്യാത്തതുകാരണം അവരും അതുങ്ങളെ റോഡിലേക്കു തന്നെയല്ലേ അഴിച്ചു വിടുന്നത്?അങ്ങനെ പുറന്തള്ളപ്പെടുന്നവയിൽ ഭൂരിഭാഗവും വണ്ടി ഇടിച്ചു ചാകുകയുമല്ലേ ചെയ്യുന്നത്?
കന്യകുമാരി മുതൽ കാശ്മീർ വരെ ട്രെയിനിൽ ഒന്നു സഞ്ചരിച്ചാൽ മതി ട്രെയിനിടിച്ച് ചത്ത ആയിരക്കണക്കിന് പശുക്കളുടെ ജഡം നമുക്ക് കാണുവാൻ സാധിക്കും.കഴുകൻ ആഹാരിച്ചശേഷം എല്ലും കൊമ്പും മാത്രം അവശേഷിച്ചവ.എത്രയോ പശുക്കൾ ദിനംപ്രതി തീറ്റയും വെള്ളവുമില്ലാതെ, അല്ലെങ്കിൽ പ്ലാസ്റ്റിക് തിന്നു ചാവുന്നു.കന്നുകാലികളുടെ മേച്ചിൽപ്പുറങ്ങൾ കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുത്തുകൊണ്ട് അതുങ്ങളെ തെരുവിലേക്ക്, വണ്ടിയിടിച്ചും മറ്റും ചാകാനുള്ള സാധ്യതയിലേക്ക് തള്ളിവിടുന്ന സർക്കാർ തന്നെയാണ് ഗോസംരക്ഷണം എന്ന മുദ്രാവാക്യം ഉയർത്തുന്നതെന്നതും ഇവിടെ ശ്രദ്ധേയം.അവർക്കറിയാം മനുഷ്യരാൽ സാധ്യമാവാത്തത് മൃഗങ്ങളാൽ സാധ്യമാവുമെന്ന്!
ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന ആദ്യത്തെ മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.യോഗി ആദിത്യനാഥിന്റെ സംസ്ഥാനമായ യുപിയിലെ കുർജയിലും ബുലന്ത്ഷഹറിലും മീററ്റിലും അലിഗഢിലുമൊക്കെ ഒന്നു പോയി നോക്കൂ.നമ്മുടെ നാട്ടിലെ ലോട്ടറി കടകൾ പോലെയാണ് അവിടെ ബീഫ് സംസ്കരണ ശാലകൾ.മുംബെയിലും ഗുജറാത്തിലുമുള്ള ബീഫ് എക്സ്പോർട്ടിങ് കമ്പനികളിലൂടെ അവ വിദേശികളുടെ തീൻമേശയെ സമൃദ്ധമാക്കുന്നു..!
റാഞ്ചിയിൽ ഈ അടുത്തിടെയാണ് മുന്നൂറ്റമ്പതോളം പശുക്കൾ പട്ടിണി കിടന്ന് ചത്തത്.മസനഗുഡി ഗ്രാമത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ഏകദേശം മൂവായിരത്തോളം കാലികളാണ് അൽപ്പം കുടിനീരില്ലാതെ ചത്തൊടുങ്ങിയത്.യുപിയിലെ കനൂജ് ജില്ലയിലുള്ള ഒരു ഗോശാലയിൽ പട്ടിണിമൂലം പതിനഞ്ചോളം പശുക്കൾ ചത്തതും ഈയിടെയാണ്.ചത്തീസ്ഗഢിൽ ദുർഗ് ജില്ലയിലുള്ള റായ്പ്പൂരിൽ ബിജെപി നേതാവ് ഹരീഷ് ശർമയുടെ സ്വന്തം ഗോശാലയിൽ പട്ടിണി കിടന്ന് ചത്തത് ഇരുന്നോറോളം പശുക്കളും!
ശബരിമലയിലെ ഗോശാലയിൽ നിന്നുപോലും നമ്മൾ ഇത്തരം വാർത്തകൾ കേട്ടു.നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി അംഗമായുള്ള തിരുവനന്തപുരത്തെ ഒരു സ്വകാര്യ ട്രസ്റ്റിന്റെ(പൈതൃക സംരക്ഷണ സമിതി) കീഴിലുള്ള ഗോശാലയിൽ വേണ്ട അളവിൽ ഭക്ഷണവും വെള്ളവും കിട്ടാതെ പട്ടിണിക്കോലങ്ങളായി മാറിയിരിക്കുന്ന പശുക്കളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും സജീവമാണ്.ഈ ഗോശാല നടത്തുന്ന ട്രസ്റ്റിന്റെ പ്രധാനികളിൽ ഒരാളാണ് സുരേഷ് ഗോപി. അവിടെയൊന്നുമില്ലാത്ത ഗോസംരക്ഷരുടെ ‘മാത്യ’ സ്നേഹം പാവം പിടിച്ച ദലിതനോ മുസ്ളീങ്ങളോ തങ്ങളുടെ ഉപജീവനത്തിനായി മാത്രം ചെയ്യുമ്പോൾ ഉയരുന്നത് എന്തുകൊണ്ടാണ്? അവിടെയാണ് വ്യക്തമായ അജണ്ടകളോടെയുള്ള ഇന്നത്തെ ഇന്ത്യയിലെ പശു രാഷ്ട്രീയത്തിന്റെ അകംപൊരുൾ നമുക്ക് തിരിച്ചറിയാൻ സാധിക്കുന്നത്.
അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ത്രിപുരയിൽ കണ്ടത്.തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ രാഷ്ട്രീയമായി എതിർചേരിയിൽ നിൽക്കുന്നവരുടെ വീടുകൾക്ക് നേരെ മാത്രമല്ല,തൊഴുത്തിൽ നിന്ന പശുക്കൾക്ക് നേരെ വരെ ആക്രമണം ഉണ്ടായി.ഏകദേശം അൻപതോളം പശുക്കളെയാണ് ബിജെപി പ്രവർത്തകർ ചുട്ടെരിച്ചത്.
വീട്ടിൽ വളർത്തുന്ന പശുക്കളെ പോലും ചുട്ടെരിച്ച ക്രൂരത… ! മറ്റുള്ളവർ വളർത്തിയാൽ പശുക്കൾ ഗോമാതാവ് അല്ലാതായി മാറുമോ?
സംഘപരിവാറിന്റെ യഥാർത്ഥ മുഖം അനാവരണം ചെയ്യപ്പെടുന്ന ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം ത്രിപുരയിൽ നിന്നും ഇങ്ങനെ പുറത്തു വന്നുകൊണ്ടിരുന്നത്..
ജനാധിപത്യ രാജ്യത്ത് ഒരു പൗരൻ തന്റെ സ്വത്വം ഒഴിവാക്കി ജീവിക്കണമെന്നു പറയുന്നതു ഫാസിസമാണ്.ജനനം എന്ന ആകസ്മികതയാൽ നാം ഓരോ രാജ്യത്തും ഓരോ ദേശത്തും ഓരോ കുലത്തിലും ജനിക്കുന്നു.അതിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത ആചാരങ്ങളും വിശ്വാസങ്ങളും വെച്ചുപുലർത്തുന്നവരുടെ സ്വത്വത്തെ അധിക്ഷേപിക്കുകയും അവരെ ശത്രുക്കളാക്കി നാടുകടത്തുകയും വേണമെന്ന വാദഗതി മാനവികതയ്ക്കും മതനിരപേക്ഷതയ്ക്കും ആധുനികതയ്ക്കും ഒട്ടും യോജിക്കുന്നതല്ല.ഓരോ സമൂഹത്തിനും സ്വന്തമായ ഭക്ഷണക്രമങ്ങളുണ്ട്.അതിനെ തടയുവാൻ ആർക്കും അധികാരമില്ല.തന്നെയുമല്ല, കാലാകാലങ്ങളായി ശീലിച്ചു വന്ന രുചിഭേദങ്ങൾ പൊടുന്നനെ മാറ്റുക അസാധ്യവുമാണ്.
വടക്കെ ഇന്ത്യയിലെ പല ഗ്രാമങ്ങളുടെയും അവസ്ഥ ഇന്നും പരിതാപകരമാണ്.ഒരു പരിഷ്കൃത ജനിധിപത്യ രാജ്യത്ത് നടക്കേണ്ട സംഗതികളല്ല അവിടെ ഇന്നു നടക്കുന്നത്.ഇസ്ലാമിനെയും ദളിതനേയും എതിർക്കാനായി മാത്രം പശുരാഷ്ട്രീയം കളിക്കുന്നവരാണ് ഇന്ന് ഇന്ത്യയിലും കൂടുതൽ.ജനങ്ങൾ എന്തു കഴിക്കരുതെന്ന് പറയുമ്പോൾ ജനങ്ങൾക്ക് എന്തെങ്കിലും കഴിക്കാനുണ്ടോ എന്നു ചോദിക്കേണ്ട ബാധ്യതയും ഗവൺമെന്റിനുണ്ട്.ശക്തമായ ഭരണവ്യവസ്ഥയിലൂടെ സാമൂഹികനീതിയും സമത്വവും ഉറപ്പുവരുത്താൻ ഗവൺമെന്റിന് കഴിയണം.ജനങ്ങളോട് വിവേചനം കാണിക്കാതെ ഉയർന്ന നീതിബോധത്തോടെ പ്രവർത്തിക്കുന്നവരാകണം ഭരണാധികാരികൾ.അധികാരം അടിച്ചമർത്തലിനായി ഉപയോഗിക്കരുത്.അങ്ങനെ ചിന്തിച്ച് ഭരണാധികാരികൾക്കൊന്നും ജനമനസ്സുകളിൽ സ്ഥാനമുണ്ടായിരുന്നില്ലെന്നതിനു ചരിത്രം സാക്ഷി.രാജ്യം പുരോഗതി കൈവരിക്കണമെങ്കിൽ ഇവിടെ മാനവികതയും ജനാധിപത്യവും തുടർന്നും നിലനിൽക്കേണ്ടിയിരിക്കുന്നു.