
കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് 40 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ എട്ട് മാസം കൂടി കഠിന തടവ് അനുഭവിക്കണം. ഇടുക്കി ഉടുമ്പഞ്ചോല സ്വദേശി ഷാമിൽ കെ മാത്യുവിനെയാണ് കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്.
വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് 2016 നവംബറിൽ 16 വയസ് പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കി എന്നാണ് കേസ്. പോക്സോ നിയമത്തിലെ 5(പി) റെഡ് വിത് 6 വകുപ്പ് പ്രകാരം 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ നാല് മാസം അധിക തടവും, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376(3) വകുപ്പ് പ്രകാരം 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ നാല് മാസം അധിക തടവുമാണ് വിധിച്ചത്.

വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്‌പെക്ടർ ബാബു പെരിങ്ങേത്താണ് ആദ്യ അന്വേഷണം നടത്തിയത്. പിന്നീട് ഇൻസ്‌പെക്ടർമാരായ അനിൽ കുമാർ എ, കുട്ടികൃഷ്ണൻ എ എന്നിവരും അന്വേഷണം തുടർന്നു. അന്നത്തെ ഇൻസ്‌പെക്ടർ മനോജ് വി വി ആണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂടർ എ കെ പ്രിയ ഹാജരായി.