
ഷിംല: ഉത്തരം തെറ്റിപ്പോയതിന് സഹപാഠിയെക്കൊണ്ട് വിദ്യാര്‍ത്ഥിനികളെ തല്ലിച്ച് അദ്ധ്യാപിക. ഹിമാചല്‍ പ്രദേശ് ഷിംലയിലെ സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളില്‍ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. പത്ത് വയസുകാരിയായ വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയില്‍ അദ്ധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു. അദ്ധ്യാപികയുടെ നിര്‍ബന്ധപ്രകാരം സുഹൃത്തുക്കള്‍ക്ക് അടി കൊടുക്കേണ്ടിവന്ന വിദ്യാര്‍ത്ഥിനിയാണ് പരാതി നല്‍കിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. അദ്ധ്യാപിക ചില സംസ്‌കൃതം വാക്കുകളുടെ അര്‍ത്ഥങ്ങള്‍ മനഃപാഠമാക്കി വരാന്‍ കുട്ടികളോട് പറഞ്ഞിരുന്നു. ക്ലാസ് ലീഡര്‍ കൂടിയായ പെണ്‍കുട്ടി എല്ലാത്തിനും ശരിയുത്തരം എഴുതി. എന്നാല്‍, പന്ത്രണ്ട് കുട്ടികള്‍ക്ക് ചില ഉത്തരങ്ങള്‍ തെറ്റിപ്പോയി. ഇതോടെ അവരെ അടിക്കാന്‍ ക്ലാസ് ലീഡറോട് അദ്ധ്യാപിക ആജ്ഞാപിക്കുകയായിരുന്നു.

ടീച്ചര്‍ പറഞ്ഞതനുസരിച്ചെങ്കിലും മനസില്ലാമനസോടെ വേദനിക്കാത്ത രീതിയിലാണ് കുട്ടി സഹപാഠികളെ അടിച്ചത്. ഇതോടെ കുപിതായ അദ്ധ്യാപിക ക്ലാസ് ലീഡറെ അടിച്ചു. ‘നീ ക്ലാസ് ലീഡറാണ്, നിനക്ക് ശക്തിയായി അടിക്കാന്‍ പോലും അറിയില്ലേ’, എന്ന് ശകാരിക്കുകയും ചെയ്തു. ശരിയായി ഉത്തരമെഴുതിയ മറ്റ് രണ്ട് പെണ്‍കുട്ടികളെയും ടീച്ചറുടെ ആവശ്യപ്രകാരം അടിക്കേണ്ടിവന്നതായി വിദ്യാര്‍ത്ഥിനി പറഞ്ഞു.
അദ്ധ്യാപികയുടെ പെരുമാറ്റം തന്നെ ഭയപ്പെടുത്തിയെന്ന് പരാതിക്കാരി പറഞ്ഞു. നിങ്ങള്‍ക്ക് മാതാപിതാക്കളോട് എന്തും പറയാം, ആര്‍ക്കും എന്നെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ധ്യാപിക ഇടയ്ക്കിടെ പറയാറുണ്ടെന്നും വിദ്യാര്‍ത്ഥിനി പരാതിയില്‍ വ്യക്തമാക്കി. മറ്റ് കുട്ടികളുടെ കൂടി മൊഴിയെടുത്ത ശേഷം കൂടുതല്‍ നടപടിയിലേക്ക് കടക്കുമെന്ന് പൊലീസ് പറഞ്ഞു.