ഇനി..?
അയാൾ തന്നോടുതന്നെ ചോദിച്ചു.
ഏത് ഊഷരതയ്ക്കപ്പുറവും ഉർവരതയുടെ ഒരു നനവെങ്കിലും ഉണ്ടാകുമല്ലോ എന്ന വിശ്വാസമായിരുന്നു ഇത്രയും നാൾ.
ഓർത്തപ്പോൾതന്നെ അയാളുടെ കണ്ണുകളിൽ നീർ പൊടിഞ്ഞു.കണ്ണു തുടച്ചിട്ട് അയാൾ തിരിഞ്ഞുനോക്കി.
മക്കൾ രണ്ടുപേരും ഗാഢനിദ്രയിൽ തന്നെയാണ്.
മണലാരണ്യത്തിൽ കിടന്ന് വിയർപ്പൊഴുക്കി കെട്ടിപ്പടുത്ത ജീവിതത്തിന്റെ ബാലൻസ്ഷീറ്റാണത്!
ഇതിനുവേണ്ടിയാണോ ഇരുപത് കൊല്ലങ്ങൾ അവിടെക്കിടന്ന് ചുട്ടുപഴുത്തത്?
ഈ നീണ്ട കാലഘട്ടത്തിനിടയിൽ എന്തൊക്കെ നേടി..?
തറവാട് പുതുക്കിപ്പണിതു.
സഹോദരിയെ വിവാഹം കഴിപ്പിച്ചയച്ചു.സഹോദരന് ജോലി വാങ്ങിക്കൊടുത്തു.
താൻ വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായി.
കുറച്ചു ഭൂമി വാങ്ങി അവിടെ മനോഹരമായ ഒരു ഇരുനിലക്കെട്ടിടവും പണിയിച്ചു.
ചുമലിലെ ഭാണ്ഡക്കെട്ടുകൾ ഓരോന്നായി ഇറക്കിക്കഴിഞ്ഞപ്പോൾ തോന്നിയതാണ്,തനിക്കും ജീവിക്കണ്ടേ എന്ന്.യുവത്വവും ആരോഗ്യവും പൊരിവെയിലിൽ ഉരുകിത്തീരുന്നത് ഇനിയും കണ്ടില്ലെന്നു നടിക്കുന്നതെങ്ങനെ?
ദുഃഖത്തിന്റെ വേദനയും വിരഹത്തിന്റെ നീറ്റലുളവാക്കുന്ന ഓർമ്മകളും കാര്യമാക്കാതെ എത്രനാൾ ഇങ്ങനെ ഓടിനടക്കും?
അതോടെ തീരുമാനിച്ചു എല്ലാം മതിയാക്കാമെന്ന്.
തിരിച്ചുപോരുന്ന കാര്യം ആരെയും അറിയിച്ചില്ല.അറിഞ്ഞാൽ പലരും സമ്മതിച്ചില്ല എന്നുവരും.ഉരുകിത്തീരുന്ന മെഴുകുതിരിക്ക് സമമാണ് പ്രവാസിയുടെ ജീവിതമെന്ന് ആരും ചിന്തിക്കാറില്ല.
ചിന്തിക്കുന്നവരാകട്ടെ ഒരിക്കലും അറിയാമെന്ന് നടിക്കാറുമില്ല!
എല്ലാം കെട്ടിപ്പെറുക്കി മടങ്ങുമ്പോൾ, ശിഷ്ടകാലം ഭാര്യയും കുട്ടികളുമൊത്ത് കഴിയാമെന്നേ കരുതിയുള്ളൂ.
അത്യാവശ്യത്തിനുള്ളത് താൻ സമ്പാദിച്ചിട്ടുണ്ട്.
ഭാര്യ സ്കൂൾ ടീച്ചറായതിനാൽ ചെലവിനും ബുദ്ധിമുട്ടേണ്ടി വരില്ലല്ലോന്ന് കരുതി.പക്ഷേ…
അയാൾക്ക് ആത്മനിന്ദ തോന്നി; അസഹ്യമായ പരവേശവും..
എഴുന്നേറ്റ് ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പി തണുത്തവെള്ളമെടുത്തു കുടിച്ചിട്ട് അയാൾ ജനാലയിങ്കലേക്കു നടന്നു.
ഇന്നിനി ഉറക്കംവരുമെന്നു തോന്നുന്നില്ല.
അല്ലെങ്കിലും എത്രയോ വർഷങ്ങളായി ശരിക്കൊന്ന് ഉറങ്ങിയിട്ട്…!
കറുപ്പിന്റെ കരിമ്പടം പുതച്ചുറങ്ങുന്ന ആകാശത്തിനു കീഴെ മിന്നാമിന്നികളുടെ നുറുങ്ങുവെട്ടം മാത്രം.
മഞ്ഞു പൊഴിയുന്ന ശബ്ദം താളാത്മകമായി ഉയരുന്നതു കേൾക്കാം.
അതിൽ ലയിച്ചെന്ന മട്ടിൽ അയാളങ്ങനെതന്നെ നിന്നു;എത്രനേരമെന്നറിയാതെ…
എയർപോർട്ടിൽ നിന്ന് ഒരു ടാക്സിക്കാണ് വീട്ടിലേക്ക് തിരിച്ചത്.പെട്ടൊന്നൊരു നിമിഷം താൻ മുന്നിൽ പ്രത്യക്ഷപ്പെടുമ്പോൾ എല്ലാവരും ആഹ്ലാദം കൊണ്ട് മതിമറക്കും എന്ന് കരുതി.
പക്ഷെ,വീട്ടിലെത്തിയപ്പോൾ അവിടെ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഇന്ന് അവധിദിനമായിട്ടും ഇവളിതെവിടെപ്പോയി എന്നു ചിന്തിക്കുമ്പോൾ മൂത്ത മകനാണ് പറഞ്ഞത്:
“അമ്മ സ്കൂളിൽ പോയിരിക്ക്യാ.ഇന്ന് സ്പെഷൽ ക്ലാസ്സുണ്ട്.”
പെട്ടികൾ ഇറക്കിവച്ചിട്ട്, കുട്ടികളെയും കൂട്ടി അതേ കാറിനാണ് സ്കൂളിലേക്കു പോയത്.
“ഇത്രയും നാൾ കുട്ടികൾക്ക് ഒപ്പമെല്ലായിരുന്നോ ..ഇനിയുള്ള സമയം തനിക്കൊപ്പം മതി.”കാറിലിരിക്കുമ്പോൾ ഇതായിരുന്നു മനസ്സിൽ.
പക്ഷെ, അവിടെ ഭാര്യയേയോ കുട്ടികളെയോ കാണാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല,അടുത്തുള്ള കടയിൽ തിരക്കിയപ്പോൾ ഇന്ന് സ്കൂളിൽ സ്പെഷൽ ക്ലാസ്സ് നടന്നിട്ടില്ലെന്നും മനസ്സിലാക്കാൻ സാധിച്ചു.
തിരികെ വീട്ടിലേക്കു മടങ്ങുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത അസ്വസ്ഥതകളായിരുന്നു.വീട്ടിലെത് തി പിന്നെയും ഒരുപാട് വൈകിയാണ് ഭാര്യയെത്തിയത്.ഒരു ഓട്ടോയിൽ..!
ഓട്ടോയിൽ നിന്നിറങ്ങിയ അവൾ അഞ്ഞൂറ് രൂപ നോട്ടെടുത്ത് ഡ്രൈവർക്കു നൽകുന്നത് കണ്ടു.
അയാൾ ഒരു ചെറു ചിരിയോടെ അത് വാങ്ങി പോക്കറ്റിലേക്ക് വച്ചിട്ട് വണ്ടി തിരിച്ചു.അതിനു ശേഷമാണ് അവൾ തന്നെ കാണുന്നതുതന്നെ.
വളരെക്കാലം കൂടി ഭർത്താവിനെ തൊട്ടുമുന്നിൽ കാണുമ്പോഴുള്ള സന്തോഷത്തിനു പകരം ആ മുഖത്തു നിറഞ്ഞുനിന്നത് പരിഭ്രമം മാത്രമായിരുന്നു.
ഒരു വെറുതെക്കാരനെപ്പോലെ തന്റെനേർക്ക് നോക്കി ഒന്നു ചിരിച്ചശേഷം അവൾ അകത്തേക്കു പോയി ധൃതിയിൽ ആർക്കോ ഫോൺചെയ്യുന്നത് കേൾക്കാമായിരുന്നു.ഒന്നിനും ചെവി കൊടുക്കാതെ താനൊരു ഊമയെപ്പോലെ കട്ടിലിൽ കയറി കിടന്നു.അവൾ ചായ കൊണ്ടുവന്നു തന്നിട്ടും വാങ്ങിയില്ല.അന്ന് ഭക്ഷണവും കഴിച്ചില്ല.അവളുടെ ചോദ്യങ്ങൾക്കൊന്നും നേരെ ചൊവ്വേ ഉത്തരവും നൽകിയില്ല.
അന്ന് രാത്രി കിടന്നിട്ട് പിന്നെ ഉറക്കം വന്നില്ല.കനൽ വാരിയെറിയുന്ന മരുപ്രദേശത്തിനെക്കാൾ ചുട്ടുപൊള്ളിക്കുന്നതായിരുന്നു നാട്ടിലെ തന്റെ അവസ്ഥ!
പ്രിയതമയുടെ സ്പർശനം കൊതിച്ചുപോകുന്ന അപൂർവസമയമായിട്ടുപോലും ഒന്നു ചലിക്കാൻ തന്നെക്കൊണ്ടായില്ല.അവളും ഉറങ്ങിയിട്ടില്ലെന്നു മനസ്സിലായി.
പിറ്റേന്ന് കാലത്തുതന്നെ ഒരുങ്ങിയിറങ്ങി.എങ്ങോട്ടെന്ന- ഭാര്യയുടെ ചോദ്യത്തിന് മറുപടി പറയാൻ നിന്നില്ല.അല്ലെങ്കിലും തനിക്കുമങ്ങനെ പ്രത്യേകിച്ചൊരു ലക്ഷ്യവുമില്ലായിരുന്നല്ലോ.വീട് ടിലെ വീർപ്പുമുട്ടലിൽ നിന്നും തൽക്കാലത്തേക്കെങ്കിലും ഒരു ആശ്വാസം.അത്രേയുള്ളായിരുന്നു മനസ്സിൽ.
കവലയിൽ എത്തിയപ്പോൾ തലേന്ന് ഭാര്യയെ കൊണ്ടുവിട്ട ഓട്ടോക്കാരൻ കിടക്കുന്നതു കണ്ടു.പിന്നെ ഒന്നുമാലോചിച്ചില്ല.ടൗണിലേക്ക്- എന്നും പറഞ്ഞ് കടന്നിരുന്നു.
യാത്രാമദ്ധ്യേ കണ്ട ബാറിനു മുന്നിൽ വണ്ടി നിർത്തിച്ചിട്ട് അവനെയും കൂട്ടി അകത്തേക്കു നടക്കുമ്പോഴും മനസ്സിൽ പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലായിരുന്നു.പക്ഷെ, ലഹരിതന്ന ധൈര്യം മെല്ലെ കാര്യത്തിലേക്കു കടക്കാൻ സഹായിച്ചു.
“അവരെനിക്ക് പതിവായി ഓട്ടംതരുന്ന സ്ത്രീയാ സാറെ..ഫോൺ ചെയ്യുമ്പോഴൊക്കെ ഞാൻ ചെന്ന് കൂട്ടിക്കൊണ്ടു പോകും.തിരികെ കൊണ്ടുവിടുമ്പോൾ ചോദിക്കാതെ തന്നെ എനിക്ക് ന്യായമായ കാശുംതരും.അല്ലാതെ വേറൊന്നും എനിക്കറിയില്ല..”
“പതിവായിട്ട് നീയെങ്ങോട്ടാ അവളെ കൂട്ടിക്കൊണ്ടു പോയിരുന്നത്?”
മറുപടിയായി അവൻ പറഞ്ഞ ആ മൂന്നാംകിട ഹോട്ടലിന്റെ പേരുകേട്ട് നടുങ്ങിപ്പോയി!
അഗ്നി പുകയുന്ന മനസ്സുമായാണ് തിരികെ വീട്ടിലെത്തിയത്.
എന്തുചെയ്യണമെന്നൊരു ഊഹവുമില്ലായിരുന്നുവെങ്കിലും അവളെ കണ്ടപ്പോൾ നിയന്ത്രിക്കാനായില്ല.
“പൂവുടലിൽ അഗ്നിദാഹവും പേറി, സദാചാരം പ്രസംഗിച്ചുനടക്കുന്ന നിന്നെക്കാൾ എത്രയോ ഭേദമാടീ തെരുവു വേശ്യകൾ..! ഇനി എനിക്കിങ്ങനെയൊരു ഭാര്യയില്ല; എന്റെ മക്കൾക്ക് അമ്മയും! അറിയാതെപോലും ഇനി ഈ പടിചവിട്ടാൻ ഇടവരരുത്..”
അപ്പോൾത്തന്നെ അവളുടെ വീട്ടിൽ കൊണ്ടുവിടുകയാണ് ചെയ്തത്.
മക്കളുടെ കരച്ചിലിന് ചെവികൊടുക്കാൻ പോയില്ല.
ഇളയ കുട്ടിയുടെ ചുമ അയാളെ സ്വപ്നലോകത്തുനിന്നും ഉണർത്തി.അയാൾ തിരിഞ്ഞുനോക്കി.ചുമയോടൊപ്പം അമ്മേയെന്ന് അസ്പഷ്ടമായി ഉച്ചരിക്കുന്നുമുണ്ട്.
അയാൾക്ക് വല്ലാത്ത വേദന തോന്നി.
താനീ ലോകത്ത് ഒറ്റയ്ക്കാണല്ലോന്നുള്ള ചിന്ത അയാളിൽ ഭീതിയും നിറച്ചു.
ഇതിനായിരുന്നോ രണ്ടു പതിറ്റാണ്ടുകൾ മണലാരണ്യത്തിൽ കിടന്ന് ചോര വറ്റിച്ചത്!
നല്ല പ്രായം മുഴുവൻ അവിടെ ഉരുക്കിക്കളയുമ്പോഴും നല്ല നാളെയെക്കുറിച്ചുള്ള പ്രതീക്ഷ ഉള്ളിൽ കെടാതെ കിടന്നിരുന്നു.
വേദനയുടെ ഹാരംചൂടിയ ജീവിതയാത്രയിൽ അതായിരുന്നു തളരാതെ കാത്തതും.
ഒറ്റത്തുട്ടുപോലും വഴിപിഴച്ചുകളയാതെ എല്ലാം സ്വരുക്കൂട്ടി വച്ചിട്ടും ഇതാണോ ഫലം?
ഇതാണോ യഥാർത്ഥ ജീവിതം?
അയാൾക്കൊരെത്തും പിടിയും കിട്ടിയില്ല.
ഗൾഫിൽ കിടന്ന് വിയർപ്പൊഴുക്കി ഭർത്താക്കന്മാർ അയച്ചുകൊടുക്കുന്ന പണം ധൂർത്തടിച്ച് നശിപ്പിക്കുന്ന ഭാര്യമാരെപ്പറ്റി കേട്ടിട്ടുണ്ട്.
ഒരായുഷ്കാലം ഭർത്താവ് പൊരിവെയിലത്തു കിടന്ന് ഉണ്ടാക്കിയെടുത്ത സമ്പാദ്യവുമായി മറ്റൊരുത്തന്റൊപ്പം ഒളിച്ചോടിയവരെപ്പറ്റി കേട്ടിട്ടുണ്ട്.
ആവശ്യങ്ങളുടെ എരിതീയിൽ വീണ്ടും വീണ്ടും എണ്ണ കോരിയൊഴിച്ച് ഭർത്താക്കന്മാരെ കടക്കയത്തിലേക്കു ചാടിക്കുന്നവരെപ്പറ്റി കേട്ടിട്ടുണ്ട്.
ഭർതൃപിതാവിനും മാതാവിനും കുഴമ്പിനുള്ള കാശുപോലും കൊടുക്കാതെ കെട്ടിയോൻ അയക്കുന്നതു മൊത്തം സ്വന്തം വീട്ടിൽ കൊണ്ടുപോയി നിക്ഷേപിക്കുന്നവരെപ്പറ്റിയും ഇതിനുമുമ്പ് കേട്ടിട്ടുണ്ട്.
അന്നൊന്നും താൻ ചിന്തിച്ചിരുന്നില്ല,ഈ വർഗ്ഗത്തിൽ പെട്ട ഒരുവൾ തന്നെയാണ് തന്റെയും ഭാര്യയെന്ന്..!
സത്യത്തിൽ പ്രവാസികൾ വെറും പാഴിലകളാണല്ലോ-എന്ന് അയാൾ ഓർത്തു.
ആർക്കൊക്കെയോ തണൽ നൽകി അവസാനം വാടിക്കരിഞ്ഞ് കൊഴിഞ്ഞുവീഴാൻ വിധിക്കപ്പെട്ട പാഴിലകൾ…!